'നല്ല അധ്യാപകരുള്ളത് നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ്, അതുമനസ്സിലാക്കുന്ന എത്ര രക്ഷിതാക്കളുണ്ട്?'

സ്വകാര്യസര്‍വകലാശാല അനുവദിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ മുന്‍കാല എതിര്‍പ്പുകളും ഇപ്പോഴത്തെ അനുകൂലനിലപാടുമൊക്കെ കേരളത്തില്‍ ചര്‍ച്ചയാവുന്നു. ഈ സാഹചര്യത്തില്‍, ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവുമായി 'മാതൃഭൂമി' പ്രതിനിധി പി.കെ. മണികണ്ഠന്‍ സംസാരിക്കുന്നു.
സംസ്ഥാനത്ത് സ്വകാര്യസര്‍വകലാശാല അനുവദിക്കാനുള്ള സാമൂഹികവിദ്യാഭ്യാസ സാഹചര്യമെന്താണ്
സര്‍വതലസ്പര്‍ശിയായ മുന്നേറ്റം ഉന്നതവിദ്യാഭ്യാസത്തില്‍ ഉറപ്പാക്കിയാണ്, സ്വകാര്യമേഖലയുടെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള തീരുമാനം. പൊതുസംവിധാനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി, ഒരു ആഡഡ് ബെനിഫിറ്റ് എന്ന നിലയിലാണ് സ്വകാര്യസര്‍വകലാശാല. മുഖ്യമന്ത്രി പ്രഖ്യാപിച്ചപോലെ കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രഹബ്ബാക്കി മാറ്റാന്‍ സ്വകാര്യമേഖലയുടെ സഹായംകൂടി നാം ഉപയോഗിക്കുകയാണ്. സാധ്യമായ എല്ലാ അവസരങ്ങളും മികച്ച സാഹചര്യങ്ങളും ഉന്നതവിദ്യാഭ്യാസത്തില്‍ തയ്യാറാക്കുകയാണ് ലക്ഷ്യം. കേരളത്തിനുപുറത്ത് പഠനാവസരങ്ങള്‍ തേടുന്ന വിദ്യാര്‍ഥികളെ ഇവിടെ നിര്‍ത്താനും പുറത്തുനിന്നുള്ളവരെ ഇവിടേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. വ്യക്തമായ സാമൂഹികനിയന്ത്രണങ്ങളോടെയും സാമൂഹികനീതി ഉറപ്പാക്കാനാവുന്നതരത്തിലുമാണ് സ്വകാര്യസര്‍വകലാശാലകള്‍ക്കുള്ള അനുമതി.
ഈ അധ്യയനവര്‍ഷവും നമ്മുടെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ സര്‍വകലാശാലകൂടി വരുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവില്ലേ
അങ്ങനെയില്ല. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നത് പൂര്‍ണമായി ശരിയല്ല. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ വന്‍തോതില്‍ ഒഴിഞ്ഞുകിടക്കുന്നില്ല. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ് കൂടുതലുള്ളത്. സ്ഥാപനത്തിന്റെ നിലവാരംകൂടി ആശ്രയിച്ചാണിത്. ഗുണമേന്മയുള്ള സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ ലഭിക്കുന്നുണ്ട്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ സീറ്റുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
പുറത്തുപോയി പഠിക്കുന്ന കുട്ടികളെ അക്കമഡേറ്റ് ചെയ്യാന്‍ സ്വകാര്യസര്‍വകലാശാലയിലൂടെ സാധിക്കും. ഇങ്ങനെ, വിദ്യാര്‍ഥികുടിയേറ്റം നിയന്ത്രിക്കാനാവും. പൊതുസര്‍വകലാശാലയില്‍ പഠിക്കാന്‍വരുന്നവര്‍ അവിടെത്തന്നെ തുടരും.
നമ്മുടെ പൊതുസര്‍വകലാശാലകളെ നിലവാരമുയര്‍ത്തി ശാക്തീകരിക്കുകയല്ലേ പ്രധാനം
അതുചെയ്തല്ലോ. പുതിയ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനവികസനത്തില്‍ ബഹുദൂരം മുന്നോട്ടുപോയി. സര്‍ക്കാരിന്റെ മുതല്‍മുടക്കിലുള്ള സാഹചര്യങ്ങള്‍ പരമാവധി സൃഷ്ടിച്ചു. അതിന്റെ മുന്നേറ്റവുമുണ്ടായി. 'നാക്' ഗ്രേഡിങ്ങിലും എന്‍.ഐ.ആര്‍എഫ്. റാങ്കിങ്ങിലുമൊക്കെ നമ്മുടെ സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് അതുകൊണ്ടാണല്ലോ. കേരളയും എം.ജി.യും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ഡബിള്‍ പ്ലസ് നേടി. കാലിക്കറ്റും കുസാറ്റും കാലടിയും എ പ്ലസാണ് നേടിയത്. രാജ്യത്ത് 21 ശതമാനം മികച്ച കലാലയങ്ങള്‍ കേരളത്തിലാണ്. ടൈംസ്, ക്യു.എസ്. റാങ്കിങ്ങുകളിലൊക്കെ കേരളത്തിലെ സര്‍വകലാശാലകള്‍ ഇടംപിടിച്ചു. ഇതൊക്കെ മുന്നേറ്റത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
പിന്നെന്തിനാണ് സ്വകാര്യസര്‍വകലാശാല
സ്വകാര്യമേഖലയാണ് മികച്ചതെന്നുകരുതുന്ന വലിയൊരുവിഭാഗം രക്ഷിതാക്കളും വിദ്യാര്‍ഥികളുമുണ്ട്. അവരുടെ അഭിലാഷങ്ങളെ അഭിമുഖീകരിക്കാന്‍ സ്വകാര്യസര്‍വകലാശാല സഹായിക്കും. പൊതുസര്‍വകലാശാലകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാലല്ല. മികച്ചരീതിയില്‍ പരീക്ഷയെഴുതി പാസായിവരുന്ന ഏറ്റവും നല്ല അധ്യാപകരുള്ളത് നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലാണല്ലോ. അതുമനസ്സിലാക്കുന്ന എത്ര രക്ഷിതാക്കളുണ്ട് നമ്മുടെ സമൂഹത്തില്‍? ഇതേ കാഴ്ചപ്പാട് കോളേജ് വിദ്യാഭ്യാസത്തിലുമുണ്ട്. അങ്ങനെ, തെറ്റിദ്ധാരണയുള്ളവര്‍ കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും സ്വകാര്യസര്‍വകലാശാലകളിലേക്കുപോവുന്നു. അതുപോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നാല്‍, ഈ വിദ്യാര്‍ഥികള്‍ ഇവിടെ തുടരാനാണ് സാധ്യത.
സ്വകാര്യസര്‍വകലാശാലയില്‍ വന്‍തോതില്‍ ഫീസീടാക്കും. അത്ര പണം മുടക്കാനില്ലാത്തവര്‍ പൊതുസര്‍വകലാശാലയിലും വരും. ഇങ്ങനെ സാമ്പത്തികവും സാമൂഹികവുമായ അന്തരം സൃഷ്ടിക്കപ്പെടില്ലേ
സ്വകാര്യസര്‍വകലാശാലകള്‍ക്കു കൈവരിക്കാനാവാത്ത മേന്മകള്‍ പൊതുസര്‍വകലാശാലകള്‍ക്ക് എക്കാലത്തുമുണ്ട്. അതുമനസ്സിലാക്കുന്നവര്‍ പൊതുസര്‍വകലാശാലകളിലേക്കുമാത്രമേ എത്തൂ. സമൂഹത്തിന്റെ മിഥ്യാധാരണകളില്‍ അഭിരമിക്കുന്നവരാണ് സ്വകാര്യ സര്‍വകലാകളിലേക്കുപോവുക. ഇപ്പോഴും ഉന്നതവിദ്യാഭ്യാസത്തില്‍ 80 ശതമാനവും സ്വകാര്യസ്ഥാപനങ്ങളാണ്. സര്‍ക്കാരിന്റേത് 20 ശതമാനമേയുള്ളൂ. അതായത്, ഇപ്പോള്‍ത്തന്നെ സ്വകാര്യമേഖലയ്ക്ക് വലിയ മുന്‍തൂക്കമുണ്ട്. എയ്ഡഡ് കോളേജ്‌പോലെ ഈ രംഗത്തെ സഹായംകൊടുത്ത് നിലനിര്‍ത്തുന്ന ഏകസംസ്ഥാനമാണ് കേരളം.
സ്വയംഭരണകോളേജുകള്‍, സ്വാശ്രയകോളേജുകള്‍ എന്നിവയെയൊക്കെ ആദ്യം സി.പി.എമ്മും ഇടതുപക്ഷവും എതിര്‍ത്തു. സ്വകാര്യസര്‍വകലാശാലയെയും എതിര്‍ത്തിരുന്നു. എന്തിനാണ് ഇങ്ങനെയൊരു നയംമാറ്റം
ഇത് എതിര്‍പ്പ് മാറുന്നതോ നയംമാറ്റമോ അല്ല. ഒട്ടുംതന്നെ പക്വമല്ലാത്ത സന്ദര്‍ഭത്തില്‍ സ്വകാര്യസര്‍വകലാശാല എന്ന ആശയം ചര്‍ച്ചചെയ്യപ്പെട്ടപ്പോഴും പൊതുസര്‍വകലാശാലകളെ തകര്‍ത്ത് പൂര്‍ണമായി ഉന്നതവിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കാനുള്ള വലിയ ശ്രമങ്ങളുണ്ടായപ്പോഴുമായിരുന്നു എതിര്‍പ്പ്. അന്നത് സംഭവിച്ചിരുന്നെങ്കില്‍ പൊതുസര്‍വകലാശാലയുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുമായിരുന്നു. ഇപ്പോഴങ്ങനെയല്ല. വലിയ ജാഗ്രതയോടെയും കൃത്യമായ രക്ഷാധികാരത്തോടെയുമാണ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തെ കൊണ്ടുപോവുന്നത്. കാലത്തിനനുസരിച്ച് ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുന്നതിനര്‍ഥം നയപരമായ വ്യതിയാനത്തിലേക്കുപോയി എന്നല്ല.
നാം വൈകിപ്പോയെന്നാണോ
അങ്ങനെ പറയാനാവില്ല. നമുക്ക് പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്തണമായിരുന്നു. സ്വകാര്യസര്‍വകലാശാല വന്നെന്നുകരുതി ഏറ്റവും ഗംഭീരമായ വിതാനങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസം എത്തണമെന്നില്ല. പക്ഷേ, ആ അവസരം കുട്ടികള്‍ക്ക് നിഷേധിക്കപ്പെടാനും പാടില്ല. ഉന്നതവിദ്യാഭ്യാസത്തില്‍ വലിയ കേന്ദ്രീകരണത്തിനുള്ള ശ്രമം നടക്കുമ്പോള്‍, അതുമനസ്സിലാക്കി, ജാഗ്രതയോടെ ഇടപെടാനാണ് ഈ നിര്‍ണായകതീരുമാനം. അല്ലാതെ, സി.പി.എമ്മിന് നയപരമായ ആശയക്കുഴപ്പമുണ്ടായി ചെയ്തതല്ല.
യു.ഡി.എഫിന്റെ കാലത്ത് സ്വകാര്യസര്‍വകലാശാലയ്ക്കു ശ്രമിച്ചതിന്റെപേരില്‍ എസ്.എഫ്.ഐ.ക്കാരുടെ മര്‍ദനമേറ്റ ടി.പി. ശ്രീനിവാസനോട് സര്‍ക്കാര്‍ മാപ്പുപറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം
ഒരാളെയും തല്ലുന്നത് ന്യായീകരിക്കുന്നയാളല്ല ഞാന്‍. എസ്.എഫ്.ഐ. തല്ലി എന്നുപറയുന്നത് ശരിയല്ല. ആ കൂട്ടത്തിലുള്ള ഒരാളതുചെയ്തു. സമരത്തില്‍ പങ്കെടുക്കുന്നവരെല്ലാം ഒരേ ബോധനിലവാരമുള്ളവരാവണമെന്നില്ല. തല്ലിയതിനെ ആരും ന്യായീകരിച്ചിട്ടില്ല. ആ പ്രവൃത്തിയെ സി.പി.എം. അപലപിക്കുകയും നടപടിയെടുക്കുകയുംചെയ്തു.
അന്ന് ഉന്നതവിദ്യാഭ്യാസകൗണ്‍സിലിന്റെ തലപ്പത്തുള്ള ടി.പി. ശ്രീനിവാസന്‍ പൊതുസര്‍വകലാശാലകളെ ശാക്തീകരിക്കാന്‍ ഒരു ചെറുവിരല്‍പോലും അനക്കിയില്ല. സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്ന് യു.ഡി.എഫ്. നിര്‍ലജ്ജം പുറംതിരിഞ്ഞു. വിദേശസര്‍വകലാശാലകളും വിദേശമൂലധനവും കേരളത്തില്‍ കൊണ്ടുവരാനായിരുന്നു ശ്രമം.
സ്വകാര്യസ്വാശ്രയ വിദ്യാഭ്യാസത്തിനുനേരേയുള്ള എസ്.എഫ്.ഐ.യുടെ സമരങ്ങളും രക്തസാക്ഷിത്വവുമൊക്കെ റദ്ദുചെയ്യപ്പെടുകയല്ലേ
അങ്ങനെയല്ല. അന്ന് പൊതുമേഖല ശ്രദ്ധിക്കാതെ, ഗുണനിലവാരമില്ലാത്ത സ്വകാര്യസ്ഥാപനങ്ങള്‍ നിര്‍ബാധം അനുവദിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അമിത സ്വകാര്യവത്കരണം നടപ്പാക്കി. 'കോഴിക്കൂട് കോളേജുകള്‍' ഒരു അതിശയോക്തിയല്ല. സ്ഥാപനങ്ങള്‍ അനുവദിച്ചത് നിലവാരമോ പ്രാപ്തിയോ നോക്കിയല്ല. ഇന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും ഈ സ്ഥാപനങ്ങളുടേതാണ്. കൂണുപോലെ എന്‍ജിനിയറിങ് കോളേജുകള്‍ അനുവദിച്ചു. അവ പിന്നീട് അധികപ്പറ്റായി.
ഓഫ് കാംപസിനും വിദേശസഹകരണത്തിനുമൊക്കെ സ്വകാര്യസര്‍വകലാശാലകളെ അനുവദിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ക്കില്ല
നമ്മുടെ സര്‍വകലാശാലകള്‍ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്നനിലയില്‍ കൊണ്ടുപോയി, കേരളത്തിലെ കുട്ടികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധിക്കട്ടെ. പൊതുസര്‍വകലാശാലകളില്‍ ഇപ്പോഴും വിദേശസഹകരണമുണ്ട്. അന്താരാഷ്ട്രസഹകരണം ഇക്കാലത്ത് അനിവാര്യമാണ്. അതിനര്‍ഥം വിദേശസര്‍വകലാശാലകള്‍ ഇവിടെ വരുമെന്നല്ല.
Content Highlights: minister for higher education r .bindu interview on private universities