എം.സി.സി: മെഡിക്കല്‍ പി.ജി കൗണ്‍സലിങ് നടപടിക്രമങ്ങളും വ്യവസ്ഥകളും

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് മെഡിക്കല്‍/ഡെന്റല്‍ (എം.ഡി./എം.എസ്./ഡിപ്ലോമ/ എം.ഡി.എസ്.) കൗണ്‍സലിങ് നടപടികള്‍ www.mcc.nic.in ല്‍ ആരംഭിച്ചു. ഓള്‍ ഇന്ത്യ ക്വാട്ട, കേന്ദ്ര സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍, കല്പിത സര്‍വകലാശാലകള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) സീറ്റുകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് സീറ്റുകള്‍ എന്നിവയാണ് എം.സി.സി. കൗണ്‍സലിങ്ങിന്റെ പരിധിയില്‍ വരുന്നത്.
ചോയ്‌സ് നല്‍കല്‍
രജിസ്‌ട്രേഷന്‍, ഫീസ് അടയ്ക്കല്‍ എന്നിവ പൂര്‍ത്തിയാക്കി മാത്രമേ ചോയ്‌സ് ഫില്ലിങ്ങിലേക്ക് കടക്കാന്‍ കഴിയൂ. ചോയ്‌സ് ഫില്ലിങ് സൗകര്യം മാര്‍ച്ച് 16 മുതല്‍ ലഭിക്കും. ഫീസടച്ചതിനു വിധേയമായി ബാധകമായ സ്ഥാപനങ്ങളുമായി/പ്രോഗ്രാമുമായി ബന്ധപ്പെട്ട്, ലഭ്യമായ ചോയ്‌സുകള്‍ (കോഴ്‌സ്, കോളേജ്) കാണാന്‍ കഴിയും. അവയില്‍ എത്ര ചോയ്‌സുകള്‍ വേണമെങ്കിലും ചോയ്‌സ് ഫില്ലിങ് ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാം. മുന്‍ഗണന നിശ്ചയിച്ച് നല്‍കണമെന്നു മാത്രം. കോമണ്‍ കൗണ്‍സലിങ് ആയതിനാല്‍ എല്ലാ വിഭാഗങ്ങളിലും കൂടി ലഭ്യമായ മൊത്തം സീറ്റുകള്‍ പരിഗണിച്ചാണ് ആപേക്ഷിക മുന്‍ഗണന നിശ്ചയിക്കേണ്ടത്.
ഏറ്റവും കൂടിയ താത്പര്യമുള്ള ചോയ്‌സ് - ഒന്നാം ചോയ്‌സ്, അടുത്തത് - രണ്ടാം ചോയ്‌സ് എന്ന രീതിയില്‍. ഒരിക്കല്‍ നല്‍കിയ ചോയ്‌സ്, സമയപരിധിക്കുള്ളില്‍ എത്ര തവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ചോയ്‌സ് നല്‍കാന്‍ മാര്‍ച്ച് 22 രാത്രി 11.55 വരെ സൗകര്യമുണ്ട്. നല്‍കിയ ചോയ്‌സുകള്‍ ലോക്ക് ചെയ്യാനും ഇതാണ് സമയപരിധി. ലോക്ക് ചെയ്യുന്ന സമയത്ത് അപേക്ഷാര്‍ഥിയുടെ പേജില്‍ ഉള്ള ക്രമം ആണ് അലോട്ട്‌മെന്റിനായി പരിഗണിക്കുക. ലോക്കിങ് നടത്തുന്നില്ലെങ്കില്‍ സമയപരിധിയാകുമ്പോള്‍ സിസ്റ്റം ചോയ്‌സുകള്‍ ലോക്ക് ചെയ്യും. ലോക്കിങ് കഴിഞ്ഞാല്‍ ചോയ്‌സില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല. പക്ഷേ, അതിന്റെ പ്രിന്റ് ഔട്ട് എടുക്കാം. ആദ്യ റൗണ്ട് ചോയ്‌സുകള്‍, ആദ്യ റൗണ്ടിനു മാത്രമായിരിക്കും ബാധകം.
ഫ്രീ എക്‌സിറ്റ്
ആദ്യ റൗണ്ടില്‍ ഒരു സീറ്റ് അലോട്ട് ചെയ്യപ്പെട്ടാല്‍ അത് വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം അപേക്ഷാര്‍ഥിക്കുണ്ട്. ഇത് ഫ്രീ എക്‌സിറ്റ് ആണ്. ഡെപ്പോസിറ്റ് നഷ്ടപ്പെടില്ല. ആദ്യ റൗണ്ട് രജിസ്‌ട്രേഷന്‍ നിലനില്‍ക്കും. രണ്ടാംറൗണ്ടില്‍ പുതിയ ചോയ്‌സ് നല്‍കി പങ്കെടുക്കാം.
ആദ്യ അലോട്ട്‌മെന്റ് സ്വീകരിച്ചാല്‍
ആദ്യറൗണ്ട് അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ പ്രവേശനം നേടാന്‍ കോളേജില്‍ രേഖകള്‍ സഹിതം നിശ്ചിത തീയതിക്കകം ഹാജരായി അഡ്മിഷന്‍ എടുക്കണം. ആ സീറ്റില്‍നിന്നും ഒരു മാറ്റം തുടര്‍റൗണ്ടില്‍ വേണ്ടെങ്കില്‍ അപ്ഗ്രഡേഷന്‍ ഓപ്റ്റ് ചെയ്യരുത്.
രണ്ടാംറൗണ്ടില്‍ മെച്ചപ്പെട്ട ചോയ്‌സ് നോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അപ്ഗ്രഡേഷന്‍ ഓപ്റ്റ് ചെയ്യണം. അങ്ങനെ ചെയ്താല്‍ ആദ്യ സീറ്റ് നിലനിര്‍ത്തിക്കൊണ്ട് രണ്ടാംറൗണ്ടില്‍ പുതിയ ചോയ്‌സ് നല്‍കി പങ്കെടുക്കാം. രണ്ടാംറൗണ്ടില്‍ മാറ്റംവന്നാല്‍ അതു സ്വീകരിക്കണം. ആദ്യ അലോട്ട്‌മെന്റ് നിലനില്‍ക്കില്ല. സമയപരിധിക്കകം രണ്ടാം അലോട്ട്‌മെന്റ് സ്വീകരിച്ചില്ലെങ്കില്‍ പുതിയ സീറ്റും നഷ്ടപ്പെടും. അതോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും നഷ്ടപ്പെടും. മാറ്റം വന്നില്ലെങ്കില്‍ ആദ്യത്തേതില്‍ തുടരാം.
ആദ്യ റൗണ്ടില്‍ സീറ്റ് സ്വീകരിച്ച് അപ്ഗ്രഡേഷനില്‍ (രണ്ടാംറൗണ്ടില്‍) മാറ്റം വരാത്തവര്‍ക്ക്, ആദ്യ റൗണ്ട് സീറ്റില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ രണ്ടാം റൗണ്ട് ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ റൗണ്ട് സീറ്റില്‍നിന്നും രാജിവെക്കാം. സെക്യൂരിറ്റി നിക്ഷേപം നഷ്ടപ്പെടില്ല.
അപ്ഗ്രഡേഷന് ഓപ്റ്റ് ചെയ്ത ശേഷം അതുവേണ്ടെന്ന്, രണ്ടാംറൗണ്ട് ചോയ്‌സ് ഫില്ലിങ് സമയപരിധിക്കകം തോന്നുന്ന പക്ഷം രണ്ടാംറൗണ്ടിലേക്ക് ചോയ്‌സ് നല്‍കാതിരുന്നാല്‍ മതി. പഴയ സീറ്റ് നിലനില്‍ക്കും. രണ്ടാംറൗണ്ടിനുശേഷം പ്രവേശനം ഉള്ളവര്‍ക്ക് മറ്റൊരു കൗണ്‍സലിങ്ങിലും (സ്റ്റേറ്റ് ക്വാട്ട ഉള്‍പ്പെടെ) പങ്കെടുക്കാന്‍ കഴിയില്ല. രണ്ടാംറൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് സെക്യൂരിറ്റി നിക്ഷേപം വേണ്ടന്നുെവച്ച് എക്‌സിറ്റ് ചെയ്യാം. അവര്‍ക്ക് തുടര്‍റൗണ്ടില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍
ആദ്യഘട്ടം രജിസ്‌ട്രേഷനാണ്. തിരികെ ലഭിക്കാത്ത രജിസ്‌ട്രേഷന്‍ ഫീസും ചില സാഹചര്യങ്ങളില്‍ മാത്രം തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും ഇതിന്റെ ഭാഗമായി അടയ്ക്കണം. രജിസ്‌ട്രേഷന്‍ നടത്താന്‍ മാര്‍ച്ച് 22 രാവിലെ പത്തുമണി വരെ സമയമുണ്ട്. ഫീസടയ്ക്കാന്‍ ഉച്ചയ്ക്ക് 12 മണി വരെയും.
കല്പിത സര്‍വകലാശാലകള്‍ ഒഴികെയുള്ള സ്ഥാപനങ്ങളില്‍/സീറ്റുകളില്‍ മാത്രം (ഓള്‍ ഇന്ത്യ ക്വാട്ട, കേന്ദ്ര സര്‍വകലാശാലകള്‍/ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സീറ്റുകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് എന്നിവമാത്രം) പ്രവേശനം തേടുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസായി 1000 രൂപയും സെക്യൂരിറ്റി നിക്ഷേപമായി 25,000 രൂപയും (മൊത്തം 26,000 രൂപ) അടയ്ക്കണം. പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 500 രൂപയും 10,000 രൂപയും (മൊത്തം 10,500 രൂപ) ആയിരിക്കും.
കല്പിത സര്‍വകലാശാലകളിലെ സീറ്റുകള്‍ മാത്രം നോക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപയും സെക്യൂരിറ്റി നിക്ഷേപം, രണ്ടു ലക്ഷം രൂപയും (മൊത്തം 2,05,000 രൂപ) അടയ്ക്കണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ തുക ബാധകമാണ്. ഓള്‍ ഇന്ത്യ ക്വാട്ട വിഭാഗത്തിലും (സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) കല്പിത സര്‍വകലാശാലാ വിഭാഗത്തിലും താത്പര്യമുള്ളവര്‍ കൂടിയ തുകയായ 2,05,000 രൂപ (5000 +2,00,000) അടച്ചാല്‍ മതി.
സെക്യൂരിറ്റി നിക്ഷേപം തിരികെ ലഭിക്കാത്ത സാഹചര്യങ്ങള്‍
(i) രണ്ടാംറൗണ്ടിലോ, അതിനു ശേഷമുള്ള റൗണ്ടിലോ, സീറ്റ് അലോട്ട്‌മെന്റ് ലഭിച്ച് അതില്‍ പ്രവേശനം നേടാതിരുന്നാല്‍ (ii) ലഭിച്ച അഡ്മിഷന്‍ എന്തെങ്കിലും കാരണത്താല്‍ റദ്ദാക്കപ്പെട്ടാല്‍ (തെറ്റായ വിവരം രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ സീറ്റ് അനുവദിക്കുകയും പ്രവേശനത്തിനു ചെല്ലുമ്പോള്‍ അവകാശവാദം തെറ്റാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുക, അവകാശവാദം തെളിയിക്കാനുള്ള രേഖ, പ്രവേശനവേളയില്‍ ഹാജരാക്കാന്‍ കഴിയാതിരിക്കുക എന്നിവ ഉദാഹരണങ്ങളാണ്)
ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് സീറ്റിലേക്ക് ഓപ്ഷന്‍ സ്വീകരിക്കല്‍ (സ്‌ക്രീനിങ്) മാത്രമേ എം.സി.സി. സൈറ്റ് വഴി ഉള്ളൂ. തുടര്‍നടപടികള്‍ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് നേരിട്ടാണ് നടത്തുന്നത്.
Content Highlights: MCC PG Councelling Procedures
Content Highlights: