കേരള യങ് സയന്റിസ്റ്റ് അവാർഡ്; 14 മേഖലകളിലെ ഗവേഷണങ്ങൾ പരിഗണിക്കും,50,000 രൂപയുടെ അവാർഡുകൾ

Representative Image: AI Image
Representative Image: AI Image

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയൺമെന്റ് (കെഎസ് സിഎസ്ടിഇ) ഏർപ്പെടുത്തിയിട്ടുള്ള കേരള സ്റ്റേറ്റ് യങ് സയന്റിസ്റ്റ് അവാർഡിന് നോമിനേഷനുകൾ ക്ഷണിച്ചു. ശാസ്ത്ര സാങ്കേതികവിദ്യയുടെ വിവിധ ശാഖകളിൽ മികച്ച സംഭാവനകൾ നൽകിയ കഴിവുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അവാർഡ്. 14 വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ, കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന യുവശാസ്ത്രജ്ഞർ സ്വതന്ത്രമായി നടത്തിയ ഗവേഷണമാണ് പുരസ്കാരത്തിന് പരിഗണിക്കുക.

വിഷയങ്ങൾ

(i) മാത്തമാറ്റിക്കൽ സയൻസസ് (ii) ഫിസിക്സ് (iii) കെമിക്കൽ സയൻസസ് (iv) എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസ് (v) എൻജിനിയറിങ് സയൻസസ് ആൻഡ് ടെക്‌നോളജി (vi) മെറ്റീരിയൽസ് സയൻസ് (vii) പ്ലാന്റ് സയൻസസ് (viii) അനിമൽ സയൻസസ് (ix) മൈക്രോബയോളജി ആൻഡ് ഇമ്യുണോളജി (x) സെൽ ആൻഡ് ബയോമോളിക്യുലാർ സയൻസസ് (xi) ഹെൽത്ത് സയൻസസ് (xii) അഗ്രിക്കൾച്ചറൽ സയൻസസ് ആൻഡ് ഫോറസ്ട്രി (xiii) ശാസ്ത്രപഠനവും ശാസ്ത്രവിദ്യാഭ്യാസവും (xiv) റീജണൽ സയൻസ് ആൻഡ് സയൻസ് നയം.

യോഗ്യത

പിഎച്ച്ഡി ബിരുദവും മൂന്നുവർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയവും വേണം. കേരളത്തിലെ ഏതെങ്കിലും ആർ ആൻഡ് ഡി/അക്കാദമിക് സ്ഥാപനത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ തുടർച്ചയായ പ്രവൃത്തിപരിചയം, നിർബന്ധമാണ്. പ്രായം 2025 ഡിസംബർ 31-ന് 37 വയസ്സ് കവിയാൻപാടില്ല. ജനനം, 1988 ഡിസംബർ 31-നോ ശേഷമോ ആയിരിക്കണം.

നാമനിർദേശ രീതി

കേരളത്തിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്/വ്യവസായങ്ങളിലെ ആർ ആൻഡ് ഡി സെന്റർ ഡയറക്ടർമാർ, സർവകലാശാലാ വകുപ്പുകളുടെ മേധാവികൾ, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുള്ള കോളേജുകളുടെ പ്രിൻസിപ്പൽമാർ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനിയറിങ്, ഇന്ത്യൻ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ് എന്നിവയുടെ ഫെലോസിന് ശാസ്ത്രജ്ഞരെ നാമനിർദേശം ചെയ്യാം.

വിശദമായ മാർഗനിർദേശങ്ങൾ www.kscste.kerala.gov.in -ൽ ലഭിക്കും. നിർദിഷ്ട ഫോർമാറ്റിലുള്ള (വെബ്‌സൈറ്റിൽ ലഭിക്കും) നാമനിർദേശങ്ങളും എല്ലാ അനുബന്ധ രേഖകളും വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 31-നകം നൽകണം.

ആനുകൂല്യങ്ങൾ

ഓരോ അവാർഡ് ജേതാവിനും സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ സ്വർണമെഡൽ, 50,000 രൂപ എന്നിവ സമ്മാനിക്കും. കൂടാതെ, ഒരു വിദഗ്‌ധസമിതിയുടെ വിലയിരുത്തലിനും ശുപാർശയ്ക്കും വിധേയമായി തന്റെ ഗവേഷണ പദ്ധതിക്ക് 50 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാന്റ് അനുവദിച്ചേക്കാം. അവാർഡ് ലഭിച്ച് മൂന്നുവർഷത്തിനുള്ളിൽ ഒരു കോൺഫറൻസിൽ തന്റെ ഗവേഷണപ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ വിദേശ സന്ദർശനത്തിന് പരിഗണിക്കും.

ജേതാക്കൾ കേരള സയൻസ് കോൺഗ്രസിന്റെ പ്ലീനറി സെഷനിൽ അവാർഡ് നേടിയ പ്രൊപ്പോസലിന്റെ അവതരണം നടത്തണം.

Content Highlights: Kerala State Young Scientist Award: ₹50,000 Prize