നഴ്സിങ് പ്രവേശനം: സർക്കാർ-മാനേജ്മെന്റ് ചർച്ച വഴിമുട്ടി

തിരുവനന്തപുരം: ബിഎസ്സി നഴ്സിങ് സീറ്റ് തർക്കത്തിൽ സർക്കാരും മാനേജ്മെന്റുകളുമായുള്ള ചർച്ച വഴിമുട്ടി. സർക്കാർ ക്ഷണിച്ചെങ്കിലും മാനേജ്മെന്റ് സംഘടനകൾ ബഹിഷ്കരിച്ചതോടെ വെള്ളിയാഴ്ച നടത്താനിരുന്ന ചർച്ച ആരോഗ്യവകുപ്പ് മാറ്റിവെച്ചു.
നഴ്സിങ് സീറ്റുകൾ സർക്കാരിന് വിട്ടുനൽകില്ലെന്ന പ്രഖ്യാപനത്തിനുപിന്നാലെയാണ് മാനേജ്മെന്റ് അസോസിയേഷനുകളെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചർച്ചയ്ക്കുവിളിച്ചത്. എന്നാൽ, സെക്രട്ടറിതലത്തിലല്ല, മന്ത്രിതലചർച്ച വേണമെന്ന നിലപാടിലാണ് മാനേജ്മെന്റുകൾ.
ബിഎസ്സി നഴ്സിങ്ങിന് ട്യൂഷൻ ഫീസ് ഒന്നരലക്ഷമാക്കമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. നിലവിൽ 73,025 രൂപയാണ്. പല കോളേജും സീറ്റുവർധന ആവശ്യപ്പെടുന്നുണ്ട്. ഇതിനു മുന്നോടിയായി സംസ്ഥാന നഴ്സിങ് കൗൺസിലിന്റെയോ ആരോഗ്യ സർവകലാശാലയുടെയോ പരിശോധനകൾ കോളേജുകളിൽ നടന്നിട്ടുമില്ല.
ഒരു മുന്നൊരുക്കവുമില്ലാതെ സർക്കാർ ഏകപക്ഷീയമായി പ്രോസ്പെക്ടസ് അംഗീകരിച്ച് പ്രവേശനനടപടികൾ തുടങ്ങാൻ എൽബിഎസിന് നിർദേശം നൽകുകയായിരുന്നെന്ന് അസോസിയേഷനുകൾ ആരോപിച്ചു.
മുഴുവൻ സീറ്റിലും മാനേജ്മെന്റുതന്നെ പ്രവേശനംനടത്തുമെന്ന് പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി. സജി, സെക്രട്ടറി അയിര ശശി, ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഫാ. വിമൽ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.
Content Highlights: Kerala BSc Nursing Seat Dispute: Talks Fail