ഗവേഷക ഫെല്ലോഷിപ്പ് അനുവദിച്ചില്ലെങ്കിൽ വി.സിക്കും രജിസ്ട്രാർക്കും ശമ്പളം കൊടുക്കരുത്-ഹൈക്കോടതി

ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തുതീര്‍ത്തില്ലെങ്കില്‍ വൈസ് ചാന്‍സലർക്കും രജിസ്ട്രാർക്കും ശമ്പളം കൊടുക്കേണ്ടെന്ന് ഹൈക്കോടതി. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആദി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുമ്പോള്‍ ഹര്‍ജിക്കാരന് ഫെല്ലോഷിപ്പ് നല്‍കാതിരിക്കുന്നതിന് ഒരു കാരണവുമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ ഫെല്ലോഷിപ്പ് കുടശ്ശിക അടച്ചു തീര്‍ക്കാന്‍ കോടതി സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഗവേഷണം ഒരു അധ്വാനപ്രവൃത്തിയാണെന്നും അതിന് വൈകാരികവും ബൗദ്ധികവും ശാരീരികവുമായ അധ്വാനം ആവശ്യമാണെന്നും മനസിലാകാതെയുള്ള പ്രവൃത്തി ഗവേഷകരെ മാനസികമായും ശാരീരികമായും തളര്‍ത്തുകയാണെന്ന് ഹര്‍ജി നല്‍കിയ ആദി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
'18 മാസം മുന്‍പാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായി അഡ്മിഷന്‍ നേടുന്നത്. വളരെ കഷ്ടപ്പെട്ട് പഠിച്ച് നേടിയെടുത്ത ഈ അഡ്മിഷന്‍ എനിക്ക് അഭിമാനം നല്‍കുന്നതായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഫെല്ലോഷിപ്പ് കിട്ടാതായതോടെ സ്വപ്‌നങ്ങളെല്ലാം മാഞ്ഞുപോയ അവസ്ഥയായി. യാതൊരു പ്രിവിലേജുമില്ലാതെ വരുന്ന എനിക്ക് ഫെല്ലോഷിപ്പ് തുക ലഭിക്കാതെ മുന്നോട്ട് പോവുന്നത് ബുദ്ധിമുട്ടായിത്തുടങ്ങി. ഫെല്ലോഷിപ്പിനുള്ള ഫോമുകള്‍ എല്ലാ മാസവും കൃത്യമായി അറ്റന്റന്‍സുകളും മറ്റും ഉള്‍പ്പെടുത്തി നല്‍കുമായിരുന്നു. എന്നാല്‍, ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞിട്ടാണ് ഫെല്ലോഷിപ്പ് തുക ലഭിച്ചത്.
കാലടിയിലെയും പുറത്തുമുള്ള എന്റെ പല മിടുക്കരായ ഗവേഷക സുഹൃത്തുകളും ഫെല്ലോഷിപ്പ് തുക കിട്ടാത്തതിനാല്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നത് കാണേണ്ടിയും വന്നു. ഒരു പരിഹാരത്തിനായി സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ നിരാശയായിരുന്നു ഫലം. ഇതൊരു സ്വാഭാവിക കാര്യമായിട്ടാണ് അവര്‍ കണ്ടത്. ഒരു മാസത്തെ ശമ്പളം മുടങ്ങിയാല്‍ പ്രശ്‌നമാവുന്ന ഇവര്‍ക്ക് എന്തു കൊണ്ടാണ് ഫെല്ലോഷിപ്പ് മുടങ്ങുമ്പോള്‍ ഒന്നും തോന്നാത്തത്?
12000 രൂപയാണ് സംസ്‌കൃത സര്‍വകലാശാല ഗവേഷകര്‍ക്ക് ഫെല്ലോഷിപ്പ് ഇനത്തില്‍ നല്‍കുന്നത്. മറ്റ് ഫെലോഷിപ്പുകളെ നോക്കുമ്പോള്‍ ഇത് വരെ ചെറിയ തുകയാണ്. ഫെല്ലോഷിപ്പ് തുക ഉയര്‍ത്താനുള്ള ആവശ്യം നിരന്തരം വന്നുകൊണ്ടിരിക്കുന്നതാണ്.2025 ജനുവരി 6 മുതല്‍ എസ്എഫ്‌ഐ, എകെആര്‍എസ്എ എന്നി സംഘടനകള്‍ ഫെല്ലോഷിപ്പ് മുടങ്ങിയതിന്റെ പേരില്‍ സര്‍ലകലാശാലയില്‍ സംയുക്തമായി സമരം നടത്തിയിരുന്നു. അന്ന് നടന്ന സമരത്തിന്റെ ഭാ?ഗമായാണ് മാര്‍ച്ച് അവസാനം എനിക്ക് 2024 ഡിസംബര്‍ വരെയുള്ള ഫെല്ലോഷിപ്പ് തുക ലഭിക്കുന്നത്. അതിന് മുന്‍പ് തന്നെ ദിശ എന്ന സംഘടന വഴി കേസുമായി ഞാന്‍ മുന്നോട്ട് പോയിരുന്നു.
ഒരു ജോലി തന്നെയാണ് ഗവേഷണവും മാനസിക അധ്വാനവും ചില ഘട്ടങ്ങളില്‍ ശാരീരിക അധ്വാനവും ഏറെ വേണ്ട മേഖലയാണിത്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഗവേഷണത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും വീടിനെ ആശ്രയിക്കേണ്ടി വരുന്നതിന്റെ ഔചിത്യമില്ലായ്മ ഊഹിക്കാമല്ലോ. ഫെല്ലോഷിപ്പ് തുക ലഭിക്കുകയാണെങ്കില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി തന്നെ പഠനം മുന്നോട്ട് കൊണ്ടുപോവാന്‍ സാധ്യമാണ്.
ഈ ഫെല്ലോഷിപ്പ് തുക കേവലം സാമ്പത്തിക സഹായത്തിനപ്പുറം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഗവേഷണ അവസരങ്ങളിലേക്കും പാര്‍വശ്വവത്കൃത സമൂഹത്തെ ചേര്‍ത്തു നിര്‍ത്തുന്നത് കൂടിയാണ്. പാര്‍വശ്വവത്കൃത സമൂഹത്തെ ഈ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ട് വരാന്‍ ഈ ഫെല്ലോഷിപ്പുകള്‍ സഹായിക്കും. എന്നാല്‍, ഇന്നത്തെ കാലത്ത് ഈ ഫെല്ലോഷിപ്പ് തുകകള്‍ മുടങ്ങുന്നത് പ്രിവിലേജുള്ളവര്‍ക്ക് മാത്രമാണ് ഈ മേഖലയെന്ന് അടിവരയിടുന്നതിന് തുല്ല്യമാണ്. കുടുംബത്തില്‍ നിന്ന് പിന്തുണയില്ലാത്ത ഒരു വിദ്യാര്‍ഥിക്ക് ഗവേഷണമേഖല അപ്രാപ്യമായ ഒന്നായി മാറുന്ന സ്ഥിതിഗതികളാണ് ഇപ്പോള്‍ മുന്നില്‍ കാണുന്നത് ഇത് മാറണം, മാറ്റം അനിവാര്യമാണ്.
ഫെല്ലോഷിപ്പ് ഔദാര്യമല്ലെന്നും ഗവേഷകരുടെ അവകാശമാണെന്നും അടിവരയിടുകയാണ് ഈ വിധി. ആ അര്‍ത്ഥത്തില്‍ വളരെയേറെ സന്തോഷവാനാണ്. ബാക്കി ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഇത് ആത്മവിശ്വാസം പകരുമെന്നാണ് പ്രത്യാശിക്കുന്നത്'- ആദി പറഞ്ഞു.
Content Highlights: fellowship delay case by aadhi