എ.ഐ. യുഗത്തിൽ മനപ്പാഠം മതിയാവില്ല; നമ്മുടെ വിദ്യാഭ്യാസ രംഗം മാറേണ്ടത് എങ്ങനെ?

പ്രതീകാത്മക ചിത്രം|Photo: canva.com
പ്രതീകാത്മക ചിത്രം|Photo: canva.com

ആഗോള വിദ്യാഭ്യാസമേഖല വ്യവസായ വിപ്ലവത്തിനുശേഷമുള്ള ഏറ്റവും വലിയ മാറ്റത്തെ നേരിടുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, റോബോട്ടിക്സ്, ഡാറ്റ അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയുടെ വളർച്ച ലോക വൈജ്ഞാനികരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിനായി രൂപകൽപ്പന ചെയ്ത നമ്മുടെ സ്കൂളുകളും സർവകലാശാലകളും മന്ദഗതിയിലാണ് ഈ പരിവർത്തനങ്ങളുടെ ഭാഗമാകുന്നതെന്നു പറയാതെ വയ്യ. അന്താരാഷ്ട്ര തലത്തിൽ നമ്മുടെ കുട്ടികളും അതുവഴി സമൂഹവും മുന്നേറുവാൻ പാഠ്യപദ്ധതികളിലെ സമൂല പരിവർത്തനം അനിവാര്യമാണെന്ന്‌ തിരിച്ചറിയേണ്ടുന്നതുണ്ട്.

മനപ്പാഠത്തിൽനിന്ന് മാനവവിഭവ ശേഷിയിലേക്ക്

വർഷങ്ങൾക്ക്‌ മുന്നേ തയാറാക്കിയ പാഠ്യപദ്ധതികൾ മനപ്പാഠം പഠിപ്പിച്ചും സ്ഥിരമായ ചട്ടക്കൂടിലുള്ള പരീക്ഷകൾ നടത്തിയും അതിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ശൈലിയാണ് മിക്ക വിദ്യാഭ്യാസ സംവിധാനങ്ങളും ഇപ്പോഴും പിന്തുടരുന്നത്.

എന്നാൽ, എ.ഐ. വിവരങ്ങൾ ശേഖരിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും കോഡ് എഴുതാനും ആവർത്തനാത്മക ബൗദ്ധിക ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും കഴിയുന്ന രീതിയിലേക്ക് നവസാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുന്ന വേളയിൽ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ കാലഹരണപ്പെട്ടു വരികയാണെന്നതാണ് യാഥാർഥ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ മുന്നിലുള്ള പുതിയ വെല്ലുവിളി വിദ്യാർഥികൾക്ക് വിജ്ഞാനസമ്പാദനം പ്രദാനം ചെയ്യുക മാത്രമല്ല; മറിച്ച് ഓരോ വിദ്യാർഥിയിലുമുള്ള സവിശേഷമായ കഴിവുകൾ വികസിപ്പിക്കുവാൻ സഹായിക്കുക എന്നതു കൂടിയാണ്. വിമർശനാത്മക ചിന്ത, നൈതിക വിവേചനം, സൃഷ്ടിപരത, ബുദ്ധി, ബഹുവിഷയ പരിജ്ഞാനം, പ്രശ്നപരിഹാരത്തിനുള്ള മിടുക്ക് എന്നീ പ്രധാന കഴിവുകളെ പ്രയോജനപ്പെടുത്തി പാഠ്യപദ്ധതികൾ രൂപകൽപന ചെയ്യുന്നു എന്നതിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ചെറിയ ക്ലാസ്സുകളിൽ ഇതു വേഗം പ്രാവർത്തികമാക്കാൻ സാധിക്കുമെങ്കിലും പ്രൊഫഷണൽ കോഴ്‌സുകളിലും പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകളിലും ഇത് നടപ്പാക്കുക അതീവശ്രമകരമാണ്. അക്കാദമിക് പ്രായോഗിക ജ്ഞാനവും ദീർഘവീക്ഷണവുമുള്ള അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ നവസാധ്യതകളിലേക്ക് പുതുതലമുറ വിദ്യാർഥി സമൂഹത്തെ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

കാലാനുസൃതമായി വരുന്ന ടെക്നോളജി ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് മുന്നേറാനുള്ള ഊർജ്ജം പകർന്ന് കൊടുക്കുകയാണ്‌ ഇതിൽ പ്രധാനം. ഭാവിയിലെ ക്ലാസ് മുറികൾ AI സൃഷ്ടിച്ച ഉള്ളടക്കത്തെ വിലയിരുത്താനും ചോദ്യം ചെയ്യാനും ഓട്ടോമേറ്റഡ് AI സംവിധാനങ്ങളെ ക്രിയാത്മകമായി, ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്താനും മാറ്റങ്ങളോടെ പുനരുപയോഗിക്കുവാനും കഴിയുന്ന ഇടങ്ങളാകണമെന്ന് വിദ്യാഭ്യാസ ഗവേഷകർ അഭിപ്രായപ്പെടുന്നു. AI-യോട് മത്സരിക്കുന്നതിനു പകരം അതിനൊപ്പം സമരസപ്പെട്ട് ചിന്താശേഷിയോടെ പ്രവർത്തിക്കാനാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്.

ഇതിനുവേണ്ടി സ്കൂൾ തലം മുതലേ കുട്ടികളുടെ ചിന്തകളിൽ കംപ്യൂട്ടേഷണൽ തിങ്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഊന്നിയുള്ള പ്രശ്നപരിഹാരമാർഗങ്ങൾ എന്നിവ സമാർജിച്ചു വരേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങളിലെ കർശനമായ പരീക്ഷാകേന്ദ്രിത മാതൃകകൾ ഉടച്ചുവാർത്ത്, നിർമിത ബുദ്ധിയും സൃഷ്ടിപരതയും നൈതികതയും സമന്വയിപ്പിച്ചു മനുഷ്യകേന്ദ്രീകൃത സംവിധാനങ്ങളിലേക്കു വേണം ഇനിയങ്ങോട്ടുള്ള വിദ്യാഭ്യാസ യാത്ര.

എ.ഐ. ഫോർ ഓൾ

ആരോഗ്യരംഗം, ധനകാര്യം, നിർമ്മാണം, നിയമം, സാംസ്കാരികം, മാധ്യമം, ഭരണസംവിധാനം തുടങ്ങി സമൂഹത്തിന്റെ അടിത്തറകളെ എല്ലാംതന്നെ നിർമിത ബുദ്ധി പുനർനിർമിച്ചെടുക്കുന്ന കാലമാണിത്. വ്യവസായങ്ങളിൽ ജനറേറ്റീവ് & ഏജന്റിക് AI, മെഷീൻ ലേണിംഗ്, ഇന്റലിജന്റ് ഓട്ടോമേഷൻ എന്നിവ സ്വീകരിക്കുമ്പോൾ വിമർശനാത്മകമായി ചിന്തിക്കാനും വേഗത്തിൽ പൊരുത്തപ്പെടാനും ആഗോളതലത്തിൽ സഹകരിക്കാനും intelligent automated സംവിധാനങ്ങളോടൊപ്പം ഫലപ്രദമായി പ്രവർത്തിക്കാൻ പ്രാവീണ്യമുള്ളവരെയാണ് ഇന്ന് മികച്ച സ്ഥാപനങ്ങൾ അന്വേഷിക്കുന്നത്.

എ.ഐ സാക്ഷരതയുടെ അനിവാര്യത

നിലവിലെ വിദ്യാഭ്യാസ ഗവേഷണങ്ങളിൽ ഏറ്റവും ശക്തമായി ഉയർന്നുവരുന്ന ആശയങ്ങളിൽ ഒന്നാണ് എ.ഐ. സാക്ഷരത. ഗണിതമോ ശാസ്ത്രമോ പോലെ തന്നെ നിർമിത ബുദ്ധിയെക്കുറിച്ചുള്ള അറിവും അടിസ്ഥാനപരമായ വിഷയമാക്കണം. എ.ഐ സാക്ഷരതയിലൂടെ ആൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നു മനസ്സിലാക്കുകയും യന്ത്രം സൃഷ്ടിക്കുന്ന ഫലങ്ങളിലെ പക്ഷപാതം തിരിച്ചറിയാനും സ്വകാര്യത സംരക്ഷിക്കാനും തെറ്റായ വിവരങ്ങൾ മനസിലാക്കാനും സാധാരണക്കാരന് സാധിക്കണം. എ.ഐ സംവിധാനങ്ങളുടെ നൈതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ബോധവാന്മാരായിരിക്കണം.

സാങ്കേതിക ഭാവിയെ ഉത്തരവാദിത്തത്തോടെ രൂപപ്പെടുത്താൻ കഴിയുന്ന പൗരന്മാർ സൃഷ്ടിക്കുന്ന നവലോകത്തിന്റെ നന്മയെക്കാൾ പല മടങ്ങു ഭീകരമാണ് മറുഭാഗത്ത്‌ AI സാക്ഷരതയില്ലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെട്ടാലുള്ള അപകടസാധ്യതകൾ.

വ്യക്തിഗത പഠനത്തിലൂടെ പൊതുവായ വിദ്യാഭ്യാസത്തെ മാറ്റിസ്ഥാപിക്കാം

AI അധിഷ്ഠിത പഠന സംവിധാനങ്ങൾ വ്യക്തിഗത വിദ്യാഭ്യാസ മാതൃകകൾക്ക് വഴിയൊരുക്കുകയാണ്. വിദ്യാർത്ഥികളുടെ പ്രകടനം, പഠനവേഗം, ശക്തി, ദൗർബല്യം എന്നിവ വിശകലനം ചെയ്ത് വ്യക്തിഗത നിർദ്ദേശങ്ങളും പ്രതികരണങ്ങളും നൽകാൻ AI പ്ലാറ്റ്ഫോമുകൾക്ക് സാധ്യമാകും.

വ്യത്യസ്ത കഴിവുകളുള്ളവർക്കും പഠനശൈലി ഉള്ളവർക്കും മികച്ച വിദ്യാഭ്യാസം നൽകാൻ ഇതുവഴി സാധിക്കും. അഡാപ്റ്റീവ് ലേണിംഗ്, കഴിവ് അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം, ന്യൂറോഡൈവർജന്റ് വിദ്യാർത്ഥികളെയും പിന്നാക്ക സമൂഹങ്ങളെയും പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്ത AI സംവിധാനങ്ങൾ എന്നിവയും വരുംതലമുറയുടെ പഠനപുരോഗതിക്കു വഴിതെളിയിക്കും. എന്നാൽ, വ്യക്തിഗത പഠനം വെറും നിരീക്ഷണ സംവിധാനമായി മാറരുത്. വിദ്യാർത്ഥികളുടെ സ്വകാര്യതയും സമത്വവും സംരക്ഷിക്കുന്നതിനായി നൈതിക സുരക്ഷാ മാനദണ്ഡങ്ങളും സുതാര്യതയും മനുഷ്യ മേൽനോട്ടവും പഠന രീതികൾക്കൊപ്പമുണ്ടാകണം.

അധ്യാപകർ ഇല്ലാതാകില്ല, റോൾ മാറും

നിർമിത ബുദ്ധി, അധ്യാപകരെ മാറ്റിസ്ഥാപിക്കുമെന്ന ഭയം നിലനിൽക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഗവേഷകരും ഇക്കാര്യം തള്ളിക്കളയുന്നു. പകരം, അധ്യാപകർ മാർഗ്ഗദർശകരായും പ്രചോദകരായും നൈതിക ഉപദേശകരായും അർത്ഥവത്തായ പഠനാനുഭവങ്ങളുടെ രൂപകർത്താക്കളായും കൂടുതൽ പ്രധാനപ്പെട്ടവരാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. AI-ക്ക് മൂല്യനിർണ്ണയം ഓട്ടോമേറ്റ് ചെയ്യാനും പാഠപദ്ധതികൾ സൃഷ്ടിക്കാനും തൽക്ഷണ പഠനസഹായം നൽകാനും കഴിയുമെങ്കിലും മാനസിക പിന്തുണ, നൈതിക വളർച്ച, സൃഷ്ടിപരത, സാമൂഹിക പഠനം എന്നിവയ്ക്കായി മാനവ അധ്യാപകർ കൂടിയേ തീരൂ.

ജോലി നേടാൻ ബിരുദങ്ങൾമാത്രം പോരാ

തൊഴിൽ രീതികളിൽ വരുന്ന മാറ്റം വിദ്യാഭ്യാസ പരിവർത്തനത്തിന്റെ ആവശ്യകതയെയാണ് ഓർമപ്പെടുത്തുന്നത്. പരമ്പരാഗത അക്കാദമിക് യോഗ്യതകളേക്കാൾ പുതിയ കാര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവ്, ഡിജിറ്റൽ നൈപുണ്യം, കൂട്ടായ പ്രവർത്തനം, പ്രായോഗിക പ്രശ്നപരിഹാര കഴിവ് എന്നിവയ്ക്കാണ് സ്ഥാപനങ്ങളിപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഭാവിയിലെ പഠനരീതികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ യഥാർത്ഥ ലോകത്തിലെ സാങ്കേതിക-സാമൂഹിക ആവശ്യങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിലെ ഡിജിറ്റൽ ആക്‌സെസ്സ് ടു കമ്മ്യൂണിറ്റി എംപവർമെന്റ് (DACE) പ്രോഗ്രാം ഈ പഠന ശൈലിയുടെ ഉദാഹരണമാണ്. വിദ്യാർഥികളെ സമൂഹത്തിന്റെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കുകയും ഏറ്റവും പെട്ടെന്ന് പരിഹാരം കാണേണ്ട പ്രശ്‍നം അവർ മനസിലാക്കി ഡിജിറ്റൽ സൊല്യൂഷൻ നിർമിച്ചു നൽകുകയും ചെയ്യും.

ക്രിട്ടിക്കൽ തിങ്കിങ്, സംരംഭകത്വം, കോഡിങ്, സുസ്ഥിരത വിദ്യാഭ്യാസം, ഡിസൈൻ തിങ്കിങ്, അന്തർവിഷയ സഹകരണം എന്നിവ മുഖ്യധാരാ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയെടുക്കുന്നത്. വിദ്യാർഥികൾക്ക് കരിയറിലുടനീളം പുതിയ കഴിവുകൾ കൈവരിക്കാൻ സഹായിക്കുന്ന ആയുഷ്കാല പഠന സംവിധാനങ്ങളിലേക്കും മോഡുലാർ പഠനത്തിലേക്കും ഈ പഠനാനുഭവം വെളിച്ചം വീശും.

വർക്ക് ഇമ്മേഴ്സിവ് ലേണിംഗിൽ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ജോലി സാഹചര്യങ്ങളിലൂടെയും ലൈവ് പ്രൊജെക്ടുകളിലൂടെയും പ്രായോഗിക അറിവും കഴിവുകളും നേടുവാൻ സാധിക്കും. അക്കാദമിക് പഠനത്തേയും പ്രായോഗിക തൊഴിൽപരിചയത്തേയും സംയോജിപ്പിച്ച് തൊഴിൽസജ്ജതയും തൊഴിൽയോഗ്യതയും മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

സമത്വം ഇപ്പോഴും ഒരു ആഗോള ആശങ്കയാണ്

കുറഞ്ഞ വരുമാനമുള്ള പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, AI അധിഷ്ഠിത പഠന ഉപകരണങ്ങൾ എന്നിവ ലഭ്യമാകാതിരിക്കാൻ സാധ്യതയുണ്ട്. AI അധിഷ്ഠിത വിദ്യാഭ്യാസം എല്ലാവർക്കും ഉൾക്കൊള്ളാവുന്നതും ലഭ്യമാകുന്നതുമായിരിക്കണമെന്ന് ഉറപ്പാക്കാൻ സർക്കാരുകൾക്കും സന്നദ്ധസംഘടനകൾക്കും കഴിയും.

എന്ത് പഠിക്കണം?

നിരന്തരം കേൾക്കുന്ന ചോദ്യമാണിത്. എങ്ങനെ പഠിക്കണം എന്നതാണ് അതിലും പ്രധാനം. ഓരോ വ്യക്തിയും വ്യത്യസ്തരാകുന്നതുപോലെ ജോലികളും വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്. മറ്റ് ആവർത്തനാത്മക ജോലികളെല്ലാം തന്നെ ഓട്ടോമേറ്റഡ് ആവുകയാണ്‌. അവനവന്റെ കഴിവുകളും കഴിവുകേടുകളും തിരിച്ചറിഞ്ഞ് നൈപുണ്യം വികസിപ്പിച്ചു അതിനുതകുന്ന ജോലികൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഓരോ കുട്ടിയുടേയും അഭിരുചിക്കും താല്പര്യത്തിനും കഴിവുകൾക്കും അവർ ആർജ്ജിച്ച വിജ്ഞാനത്തിനും സമൂഹത്തിന്റെ ആവശ്യങ്ങൾക്കും കരിയർ പ്രൊഫൈലിനും ഉതകുന്ന രീതിയിലുള്ള വിഷയങ്ങൾ സസൂക്ഷ്മം തിരഞ്ഞെടുക്കുന്ന രീതിയിൽ കോഴ്സുകൾ പുനർക്രമീകരിക്കുവാൻ നമ്മുടെ യൂണിവേഴ്സിറ്റികൾക്ക് സാധിക്കണം. അതിലൂടെ സാങ്കേതിക ഭാവിയെ നേരിടാൻ കഴിയുന്ന ചിന്താശേഷിയുള്ള, പൊരുത്തപ്പെടാൻ കഴിയുന്ന, പ്രതിരോധശേഷിയുള്ള പൗരന്മാരെ പ്രായോഗിക പരിശീലനങ്ങളിലൂടെ സൃഷ്ടിച്ചെടുക്കാം.

(കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിൽ അസിസ്റ്റൻറ് പ്രൊഫസറാണ് ലേഖിക)

Content Highlights: Explore how Artificial Intelligence is transforming global education in 2026. Discover why curriculum overhaul and AI literacy are crucial for students.