മെഡിസിനും എന്‍ജിനീയറിങ്ങുമല്ലാതെ വേറെന്ത്? പ്ലസ്ടുവിന് ഏത് വിഷയമെടുത്തവര്‍ക്കും പറ്റിയ കോഴ്‌സുകള്‍

ഏതു പ്ലസ്ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും സംശയങ്ങളേറെയുണ്ട്. പ്രൊഫഷണൽ കോഴ്സുകളായ എൻജിനിയറിംഗ് മെഡിക്കൽ, കാർഷിക, വെറ്ററിനറി കോഴ്സുകൾക്കപ്പുറമുള്ള മറ്റു കോഴ്സുകളെക്കുറിച്ചറിയാനാണ് വിദ്യാർഥികൾ താൽപര്യപ്പെടുന്നത്.
സി.യു.ഇ.ടി വഴിയുള്ള ബിരുദ പ്രവേശനം- രാജ്യത്തെ 100 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി യു.ജി പ്രവേശന പരീക്ഷ നടത്തും. ഇത് CUET എന്ന പേരിലറിയപ്പെടുന്നു. കേന്ദ്ര സർവകലാശാലകൾ, തെരെഞ്ഞെടുത്ത സംസ്ഥാന തല, ഡീംഡ്, സ്വകാര്യ സർവകലാശാലകളടക്കം 100 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം CUET വഴിയാണ്. 100 ഓളം സർവകലാശാലകൾ ഇതിൽ ഉൾപ്പെടുന്നു. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിലെ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, കാസർഗോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ ബിരുദ പ്രവേശനം CUET വഴിയാണ്. പരീക്ഷ മെയ് 15 മുതൽ 31 വരെ ഓൺലൈനായി നടക്കും. നോട്ടിഫിക്കേഷൻ ഫെബ്രുവരിയിൽ പുറത്തിറങ്ങും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷയിൽ ലാംഗ്വേജ്, ജനറൽ, വിഷയ പരീക്ഷകളുണ്ട്. വിഷയ പരീക്ഷയിൽ 9 വിഷയങ്ങൾ വരെ തെരഞ്ഞെടുക്കാം. നെഗറ്റീവ് മാർകിങ് രീതി നിലവിലുണ്ട്. ആർട്സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, ലിബറൽ ആർട്സ്, സയൻസ് വിഷയങ്ങളിൽ 100 ലധികം ബിരുദ പ്രോഗ്രാമുകളുണ്ട്. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. www.cuet.samarth.ac.in
ഐസർ - രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിലേക്ക് - IISER ബി.എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതിനായി പ്രത്യേക അഭിരുചിപരീക്ഷയുണ്ട്. ISAT. സയൻസിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. രാജ്യത്ത് തിരുവനന്തപുരമടക്കം രാജ്യത്ത് ഏഴ് ഐസറുകളുണ്ട്. ജെ ഇ ഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയവർക്കും ഐസറിൽ പ്രവേശനം നേടാം. ഏപ്രിൽ മാസത്തിൽ നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ജൂൺ മൂന്നാമത്തെ ആഴ്ചയിലാണ് പരീക്ഷ. www.iiseradmissions.in.
നൈസർ പ്രവേശനം- ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് - NISER ൽ ബി എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്രവേശനം അഖിലേന്ത്യ തലത്തിലുള്ള നെസ്റ്റ് -NEST പരീക്ഷയിലൂടെയാണ്. പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുംബൈ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അറ്റോമിക് എനർജി സെന്ററിലെ ബേസിക് സയൻസ് യു ജി പ്രവേശനവും നെസ്റ്റ് വഴിയാണ്. www.nestexam.in
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇന്സ്ടിട്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കണക്ക്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബി എസ് -എം എസ് പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. ഫെബ്രുവരിയിൽ വിജ്ഞാപനം പുറത്തിറങ്ങും. www.isical.ac.in
ചെന്നൈ മാത്തമറ്റിക്കൽ ഇന്സ്ടിട്യൂട്ടിൽ ബി എസ് സി ഓണേഴ്‌സ് പ്രോഗ്രാമിന് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരി പഠനത്തിന‌് അവസരങ്ങളുണ്ട്. www.cmi.ac.in
ദേശീയ നിയമസർവകലാശാലകളിലടക്കം രാജ്യത്തെ മികച്ച നിയമ സ്കൂളുകളിൽ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സുകൾക്ക് ക്ലാറ്റ് -CLAT പരീക്ഷയിലൂടെയാണ് അഡ്മിഷൻ. www.consortumofnlus.ac.in
ഡിസൈൻ കോഴ്സുകൾ പഠിക്കാൻ ഐ ഐ ടി കൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവിടങ്ങളിലേക്ക് വിവിധ പ്രവേശന പരീക്ഷകളുണ്ട്. യൂസീഡ്, നിഫ്റ്റ് അഡ്മിഷൻ ടെസ്റ്റ്, എൻ ഐ ഡി അഭിരുചി പരീക്ഷ എന്നിവയുണ്ട്. ഫുട്‍വെയർ ഡിസൈൻ & ഡെവലൊപ്മെന്റ് ഇന്സ്ടിട്യൂട്ടിൽ പ്രത്യേക പരീക്ഷയുണ്ട്. ഇവയുടെ നോട്ടിഫിക്കേഷൻ ഒക്ടോബർ -ഡിസംബർ മാസത്തിൽ പുറത്തിറങ്ങി. പരീക്ഷയുടെ വിവിധ തലങ്ങളിലുള്ള ടെസ്റ്റുകൾ ഇപ്പോൾ നടന്നു വരുന്നു. ജനുവരി 21 നാണ് യുസീഡ് പരീക്ഷ. എൻ ഐ ഡി മെയിൻ പരീക്ഷ ഏപ്രിൽ 27,28 തീയതികളിലാണ്. ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലേക്കുള്ള പരീക്ഷ മെയ് 12 നാണ്. നിഫ്റ്റ് പ്രവേശന പരീക്ഷ ഫെബ്രുവരി അഞ്ചിനാണ്. നിരവധി ബി ഡെസ് പ്രോഗ്രാമുകളാണ് ഡിസൈൻ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നത്. കൂടാതെ നിഫ്റ്റിൽ ബി എഫ് ടെക് കോഴ്സുമുണ്ട്. www.uceediitb.ac.in, www.admissions.nid.edu, www.fddindia.com, www.nift.ac.in
നാഷണൽ ഡിഫെൻസ് അക്കാഡമിയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ പ്ലസ് ടു വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യൂണിയൻ ആർമി, നേവി, എയർഫോഴ്‌സ് ബ്രാഞ്ചുകളിലേക്കുള്ള ഓഫീസർ തലത്തിലേക്ക് പരിശീലനം ലഭിക്കുന്ന സെലക്ഷൻ പ്രക്രിയയാണിത്. പരീക്ഷയ്ക്ക് രണ്ടു ഘട്ട അപേക്ഷാ ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ ഒന്നിനും, രണ്ടാം ഘട്ടം സെപ്തംബർ ഒന്നിനുമാണ്. www.upsc.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷം 208 ആർമി, 42 നേവി, 92 എയർ ഫോഴ്സ് ഒഴിവുകളുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. നേവിയിലെ 25 സീറ്റുകളിലേക്ക് ആൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷകരുടെ പ്രായം 16.5 നും 19.5 വയസ്സിനും ഇടയിലായിരിക്കണം. 2002 ജൂലായ് രണ്ടിനും, 2005 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ആർമിയിലേക്ക് ഏതു പ്ലസ് ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. നേവി,എയർഫോഴ്‌സ് എന്നിവയിലേക്ക് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് പഠിച്ചിരിക്കണം. ആർമി, നേവി എന്നിവയിലേക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും, എയർഫോഴ്‌സിലേക്ക് 162.5 സെന്റിമീറ്ററും ഉയരം വേണം. എഴുത്തു പരീക്ഷ, എസ് എസ് ബി ബോർഡ് ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൻ ഡി എ പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ വീതമുള്ള മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി ടെസ്റ്റുകളുണ്ട്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. www.upsc.gov.in
പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ സത്യജിത്‌റേ ഫിലിം ആൻഡ് ടെലിവിഷൻ ഇന്സ്ടിട്യൂട്ടിൽ പ്രവേശനത്തിന് ജോയിൻറ് എൻട്രൻസ് ടെസ്റ്റുണ്ട്. www.ftii.ac.in, www.srfti.ac.in
മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രോഗ്രാമുകൾക്ക് സി യു ഇ ടി 24 പരീക്ഷയിലൂടെ പ്രവേശനം നേടാം. കോട്ടയത്തെ കെ.ആർ .നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷനിലും ഇതിലൂടെയാണ് പ്രവേശനം.
രാജ്യത്തെ വിവിധ ഐ ഐ എമ്മുകൾ നടത്തുന്ന ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് പ്രോഗ്രാമുകൾക്ക് അതാത് ഐ ഐ എമ്മുകൾ നടത്തുന്ന പ്രവേശന പരീക്ഷകളുണ്ട്. www.iimidr.ac.in
Content Highlights: Best courses after plus two