ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എൻജിനിയറിങ്ങും പഠിക്കാം

#ഡോ. എസ്. രാജൂകൃഷ്ണൻ
Indian Institute of Science Bengaluru
Indian Institute of Science Bengaluru

ബിരുദതലത്തിൽ സയൻസ് മേഖലയിലെ ഗവേഷണാധിഷ്ഠിത പ്രോഗ്രം നടത്തിവരുന്ന, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.), ബിരുദതല എൻജിനിയറിങ് പഠനങ്ങൾക്കും അവസരമൊരുക്കുന്നു. 2022-’23-ൽ തുടങ്ങുന്ന നാലുവർഷ, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് ബി.ടെക്. പ്രോഗ്രാം പ്രവേശനത്തിന് ഐ.ഐ.എസ്‌സി. അപേക്ഷ ക്ഷണിച്ചു.

അപ്ലൈഡ് മാത്തമാറ്റിക്സ്

വിവരങ്ങളുടെ ജനറേഷൻ, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ, യൂട്ടിലൈസേഷൻ, വിവരങ്ങൾ കൈകാര്യംചെയ്യാൻ വേണ്ട ഉയർന്നതലങ്ങളിലുള്ള കംപ്യൂട്ടേഷണൽ, മാത്തമാറ്റിക്കൽ, ഡേറ്റാ അനലറ്റിക്സ് നൈപുണികൾ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്.

മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് കോഴ്‌സുകൾ കൂടാതെ സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനിയറിങ് കോഴ്സുകൾ പാഠ്യപദ്ധതിയിലുണ്ടാകും. മാത്തമാറ്റിക്സ്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, കംപ്യൂട്ടേഷണൽ സയൻസ്, തിയേററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, സിഗ്നൽ പ്രോസസിങ്, കംപ്യൂട്ടേഷണൽ ബയോളജി, മാത്തമാറ്റിക്കൽ ഫൈനാൻസ് തുടങ്ങിയ സ്റ്റഡിട്രാക്കുകൾ പ്രോഗ്രാമിലുണ്ടാകും.

പ്രവേശനം ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി

പ്രവേശനം തേടുന്നവർ, പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവ പഠിച്ച് ജയിച്ചിരിക്കണം. തിരഞ്ഞെടുപ്പ് 2022-ലെ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും. ഐ.ഐ.എസ്‌സി. അഡ്മിഷൻ പോർട്ടൽ വഴിയായിരിക്കും പ്രവേശനം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പ്രഖ്യാപനം വന്ന് 48 മണിക്കൂറുകൾക്കകം, അപേക്ഷകർ അഡ്മിഷൻ പേജിൽ ലോഗിൻചെയ്ത്, അവരുടെ അപേക്ഷ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

വിവരങ്ങൾക്ക്: admissions-august.iisc.ac.in/

അവസാനതീയതി: ഓഗസ്റ്റ് 30

എം.ടെക്കും നേടാം

നിശ്ചിത സി.ജി.പി.എ., കോഴ്സ് ക്രഡിറ്റുകൾ, പ്രോജക്ട് ആവശ്യകതകൾ എന്നിവയോടെ നാലുവർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, പഠനം ഒരു വർഷംകൂടി തുടർന്ന് എം.ടെക്. ബിരുദം നേടാനുള്ള അവസരവുമുണ്ട്. മൊത്തം 52 പേർക്ക് പ്രവേശനം നൽകും. ഇതിൽ എട്ട് സീറ്റ് പെൺകുട്ടികൾക്കും നാലെണ്ണം വിദേശികൾ/എൻ.ആർ.ഐ./ഒ.സി.ഐ. വിഭാഗങ്ങൾക്കുമാണ്. പ്രതിവർഷ ട്യൂഷൻ ഫീസ് രണ്ടുലക്ഷം രൂപയാണ്. പട്ടികവിഭാഗക്കാർ ട്യൂഷൻഫീസ് നൽകേണ്ടതില്ല.

Content Highlights: B.tech in mathematics and computing at Indian Institute of science, Bangalore