എം.സി.സി. നീറ്റ് പി.ജി. 2024 കൗൺസലിങ് ബുധനാഴ്ച ആരംഭിക്കും

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), നീറ്റ് പി.ജി. മെഡിക്കൽ 2024 റാങ്ക് അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എം.ഡി./എം.എസ്./ഡിപ്ലോമ/ഡി.എൻ.ബി. രണ്ടാംറൗണ്ട് അലോട്മെൻറ് നടപടികൾ mcc.nic.in ൽ ബുധനാഴ്ച ആരംഭിക്കും. ആദ്യറൗണ്ടിൽ രജിസ്റ്റർചെയ്യാത്തവർക്ക് രണ്ടാംറൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ നടത്തി അലോട്മെന്റിൽ പങ്കെടുക്കാം. ബാധകമായ ഫീസടയ്ക്കണം. അതിനുശേഷം ചോയ്സ് ഫില്ലിങ് നടത്താം.
രജിസ്ട്രേഷൻ നടത്തേണ്ടവർക്ക് രണ്ടാംറൗണ്ടിലേക്ക് ഡിസംബർ ഒൻപതിന് ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷൻ നടത്താം. അവർക്ക്, ഫീസടയ്ക്കാനുള്ള സൗകര്യം ഇതേദിവസം വൈകീട്ട് മൂന്നുവരെ ലഭിക്കും. തുക അടച്ചാലേ ചോയ്സ് നൽകാൻ കഴിയൂ.
ചോയ്സ് ഫില്ലിങ്
• ചോയ്സ് ഫില്ലിങ് നടത്താൻ ഡിസംബർ അഞ്ചുമുതൽ ഒൻപതിന് രാത്രി 11.55 വരെ സമയം ലഭിക്കും
• ചോയ്സ് ലോക്കിങ് സൗകര്യം ഒൻപതിന് വൈകീട്ട് നാലുമുതൽ അന്നുരാത്രി 11.55 വരെ. അപേക്ഷാർഥി ചോയ്സ് ലോക്കിങ് നടത്തുന്നില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്ക് ചെയ്യും.
• അലോട്മെൻറ് ഫലം 12-ന്
• പ്രവേശനം നേടാൻ 13 മുതൽ 20 വരെ അവസരം
ഉയർന്ന റാങ്കുകാർക്ക് പ്രിയം എം.ഡി. റേഡിയോ ഡയഗ്നോസിസ്
ആദ്യ അലോട്മെൻറിൽ വിവിധ സ്ഥാപനങ്ങൾ, സ്പെഷ്യലൈസേഷനുകൾ, ക്വാട്ട, കാറ്റഗറി, എന്നിവയിലായി 24,671 പേർക്ക് അലോട്മെൻറ് നൽകി. അലോട്മെൻറ് പട്ടികയിലുൾപ്പെട്ടിരിക്കുന്ന ഏറ്റവുമുയർന്ന റാങ്കുള്ള ആദ്യത്തെ 500 പേരിൽ 206 പേരും എം.ഡി. റേഡിയോ ഡയഗ്നോസിസ് സ്പെഷ്യലൈസേഷനാണ് തിരഞ്ഞെടുത്തത്. മൊത്തം 201 പേർ എം.ഡി. മെഡിസിൻ ഓപ്റ്റ് ചെയ്തു.
മറ്റ് സ്പെഷ്യലൈസേഷനുകൾ ഓപ്റ്റ് ചെയ്തവർ: • എം.ഡി. (ഡെർമറ്റോളജി വെനറിയോളജി ലെപ്രസി/തത്തുല്യ സ്പെഷ്യലൈസേഷൻ) -24 പേർ • എം.എസ്. ജനറൽ സർജറി -22 • എം.ഡി. ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി -18 • എം.ഡി. പീഡിയാട്രിക്സ് -12 • എൻ.ബി.ഇ.എം.എസ്. റേഡിയോ ഡയഗ്നോസിസ് -9 • എം.എസ്. ഇ.എൻ.ടി., എം.എസ്. ഓർതോപീഡിക്സ് -2 വീതം • എം.ഡി. ന്യൂക്ലിയാർ മെഡിസിൻ, എൻ.ബി.ഇ.എം.എസ്. ഡെർമറ്റോളജി വെനറിയോളജി ലെപ്രസി, എൻ.ബി.ഇ.എം.എസ്. ജനറൽ മെഡിസിൻ, എൻ.ബി.ഇ.എം.എസ്. ഓഫ്താൽമോളജി -1 വീതം.
രണ്ടാംറൗണ്ട് അലോട്മെന്റ് വ്യവസ്ഥകൾ ഒന്നാംറൗണ്ട് അലോട്മെന്റ് ലിസ്റ്റ് എന്നിവയ്ക്ക് mcc.nic.in കാണുക.
Content Highlights: mcc neet pg counselling begins, Medical science Higher studies, India, Education News