ഗേറ്റ്, ജാം സ്കോറുകൾ ഉള്ളവർക്ക് ഐ.ഐ.എസ്.സിയിൽ അവസരം: അപേക്ഷകൾ ക്ഷണിച്ചു

#ഡോ. എസ്. രാജകൃഷ്ണൻ
IISc Bangalore  | Photo: Shailendra Bhojak/ PTI
IISc Bangalore | Photo: Shailendra Bhojak/ PTI

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി - ബംഗളൂരു) വിവിധ മാസ്റ്റേഴ്സ്, പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കും എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലേക്കും (ഇ.ആർ.പി.) 2026 ഓഗസ്റ്റ് സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.

എം.എസ്.സി., ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി., എം.ടെക്., എം.ഡിസ്., എം. മാനേജ്മെന്റ് (മാസ്റ്റർ ഓഫ് മാനേജ്മെന്റ്), എം. എഞ്ചിനീയറിങ് (റിസർച്ച്), പി.എച്ച്.ഡി. തുടങ്ങിയ പ്രോഗ്രാമുകളിലാണ് അവസരം.

എം.എസ്.സി പ്രോഗ്രാമുകൾ

(i) ലൈഫ് സയൻസസ്: ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ (ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അഗ്രികൾച്ചറൽ സയൻസസ് ഉൾപ്പെടെ) സയൻസിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബിരുദം വേണം. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ബി.എം.എൽ.ടി.), റേഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എൽ.പി.) എന്നിവയിലൊന്നിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബിരുദം വേണം. പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കെമിസ്ട്രി (സി.വൈ.)/ ഫിസിക്സ് (പി.എച്ച്.) വിഷയങ്ങളിലൊന്നിൽ ജാം 2026 സ്കോർ; ബയോടെക്നോളജി (ബി.ടി.), ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് (ബി.എം.), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഇ.സി.), ഇക്കോളജി (ഇ.വൈ.), മാത്തമാറ്റിക്സ് (എം.എ.), ഫിസിക്സ് (പി.എച്ച്.), ലൈഫ് സയൻസസ് (എക്സ്.എൽ.) എന്നിവയിലൊന്നിലെ ഗേറ്റ് സ്കോർ ആകാം.

ജാം/ഗേറ്റ് സ്കോർ പരിഗണിച്ച് അപേക്ഷകരെ ഇൻ്റർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇൻ്റർവ്യൂ മികവ് പരിഗണിച്ചാകും അന്തിമ സെലക്ഷൻ.

(ii) കെമിക്കൽ സയൻസസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്സി./തത്തുല്യ ബിരുദം. പ്ലസ് ടു/പി.ഡി.സി. തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കെമിസ്ട്രി (സി.വൈ.) പേപ്പറിൽ ജാം 2026 യോഗ്യത വേണം. ഈ സ്കോർ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

(iii) ഫിസിക്സ്: ഫിസിക്സ് ഒരു മുഖ്യവിഷയമായി പഠിച്ച്, ഫസ്റ്റ് ക്ലാസ്/തത്തുല്യ ബി.എസ്സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. ഫിസിക്സ് (പി.എച്ച്.) ജാം യോഗ്യത/ ഫിസിക്സ് ജെസ്റ്റ് യോഗ്യത വേണം.

ജാം (പി.എച്ച്.) 2026/ജസ്റ്റ് 2025/ജസ്റ്റ് 2026 റാങ്ക് പരിഗണിച്ചാകും സെലക്ഷൻ.

ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി.

(i) ബയോളജിക്കൽ സയൻസസ്: ഫിസിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി സയൻസസ്, അഗ്രികൾച്ചറൽ സയൻസസ് ഉൾപ്പെടെ) സയൻസിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബിരുദം അല്ലെങ്കിൽ ബിരുദമോ ഫസ്റ്റ് ക്ലാസ്/തത്തുല്യ ബി.ഇ./ബി.ടെക്. ബിരുദമോ വേണം.

ബയോടെക്നോളജി (ബി.ടി.)/ കെമിസ്ട്രി (സി.വൈ.)/ മാത്തമാറ്റിക്സ് (എം.എ.)/ ഫിസിക്സ് (പി.എച്ച്.) വിഷയങ്ങളിലൊന്നിൽ ജാം 2026 സ്കോർ വേണം.

(ii) കെമിക്കൽ സയൻസസ്: കെമിസ്ട്രി ഒരു മുഖ്യവിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസോടെ നേടിയ ബി.എസ്സി./തത്തുല്യ ബിരുദം. പ്ലസ് ടു/പി.ഡി.സി. തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കെമിസ്ട്രി (സി.വൈ.)/ ഫിസിക്സ് (പി.എച്ച്.) പേപ്പറിൽ ജാം 2026 യോഗ്യത വേണം.

(iii) മാത്തമാറ്റിക്കൽ സയൻസസ്: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസ്/തത്തുല്യ നേടിയ ബി.എസ്സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. മാത്തമാറ്റിക്സ് (എം.എ.)/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (എം.എസ്.) 2026-ലെ ജാം യോഗ്യത വേണം.

(iv) ഫിസിക്കൽ സയൻസസ്: ഫിസിക്സ് ഒരു മുഖ്യ വിഷയമായി പഠിച്ച് ഫസ്റ്റ് ക്ലാസ്/തത്തുല്യ നേടി ബി.എസ്സി./തത്തുല്യ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്./തത്തുല്യ ബിരുദം. ഫിസിക്സ് (പി.എച്ച്.) ജാം 2026 യോഗ്യത/ ജസ്റ്റ് 2025/2026 യോഗ്യത വേണം.

ജാം 2026 സ്കോർ പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂവിന് വിളിക്കും. അക്കാദമിക് മികവ്, ഇൻ്റർവ്യൂവിലെ പ്രകടനം എന്നിവയ്‌ക്കൊപ്പം ജാം/ജസ്റ്റ് സ്കോർ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

എം.ടെക്

വിവിധ വകുപ്പുകളിലായി എം.ടെക്. പ്രോഗ്രാം നടത്തുന്നുണ്ട്. എയറോസ്പേസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, സിവിൽ, മെറ്റീരിയൽസ്, സസ്റ്റൈനബിൾ ടെക്നോളജീസ്, മെക്കാനിക്കൽ ടെക്നോളജി, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ്, സിഗ്നൽ പ്രോസസ്സിംഗ്, ബയോ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റംസ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കൽ, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ. ഡിസൈൻ, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സ്മാർട്ട് മാനുഫാക്ചറിംഗ്, സ്മാർട്ട് മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക് സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, കെമിക്കൽ, കമ്പ്യൂട്ടേഷണൽ ആൻഡ് ഡേറ്റ സയൻസസ്. ഗേറ്റ് സ്കോർ വേണം. ചില വകുപ്പുകളിൽ ഇൻ്റർവ്യൂ/റിട്ടൺ ടെസ്റ്റ് ഉണ്ടാകും.

മാസ്റ്റർ ഓഫ് ഡിസൈൻ

എഞ്ചിനീയറിംഗ്/ടെക്നോളജി/ഡിസൈൻ/ആർക്കിടെക്ചർ എന്നിവയിലൊന്നിൽ കുറഞ്ഞത് സെക്കൻഡ് ക്ലാസ് ബാച്ചിലർ ബിരുദം വേണം. 2026 ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് 2024/2025/2026/സീഡ് 2026/ക്യാറ്റ് 2025 സ്കോർ വേണം.

മാസ്റ്റർ ഓഫ് മാനേജ്മെൻ്റ്

ഫസ്റ്റ് ക്ലാസ്സോടെയുള്ള എഞ്ചിനീയറിംഗ്/ടെക്നോളജി ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത വേണം. 2026 ഓഗസ്റ്റ് ഒന്നിന് സാധുവായ ഗേറ്റ് 2024/2025/2026/ക്യാറ്റ് 2025/ജിമാറ്റ് (പത്താം എഡിഷൻ)/ജിമാറ്റ് എഫ്.ഇ. സ്കോർ വേണം.

സി.എഫ്.ടി.ഐ. എൻട്രി മോഡ്

സി.എഫ്.ടി.ഐ. എൻട്രി മോഡ് വഴിയുള്ള എം.ടെക്, സെമികണ്ടക്ടർ ടെക്നോളജിയിൽ മാസ്റ്റർ ഓഫ് എഞ്ചിനിയറിങ്; ജോയിന്റ് എം.ടെക്. പ്രോഗ്രാം (തായ്‌വാനീസ് സർവകലാശാലകളുമായി ചേർന്ന്) എന്നിവയ്ക്കും അപേക്ഷിക്കാം. സ്പോൺസേർഡ് വിഭാഗത്തിലും ചില പ്രവേശനുണ്ട്.

വിവിധ എഞ്ചിനീയറിംഗ്, സയൻസ് ഫാക്കൽറ്റികളിലും ഇൻ്റർഡിസിപ്ലിനറി മേഖലകളിലും മെഡിക്കൽ സയൻസിലെയും പി.എച്ച്.ഡി., എഞ്ചിനീയറിംഗ് ഫാക്കൽറ്റി, ചില സയൻസ് വകുപ്പുകൾ, ഇൻ്റർഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ എം.ടെക്. (റിസർച്ച്) എന്നിവയിലേക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും ഐ.ഐ.എസ്.സി വെബ്സൈറ്റിലെ ഇൻഫർമേഷൻ ബ്രോഷറിനും iisc.ac.in/admissions/ -ലെ അഡ്മിഷൻ നോട്ടീസ് (2026-27) കാണുക. പട്ടികവിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയിൽ പാസ് ക്ലാസ് മതി.

ഇ.ആർ.പി.

എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാം (ഇ.ആർ.പി.) വഴി പി.എച്ച്.ഡി., എം.ടെക്. (റിസർച്ച്) അവസരങ്ങളുണ്ട്. അംഗീകൃത റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ/ഇൻഡസ്ട്രി/പ്രൊഫഷണൽ സ്ഥാപനങ്ങൾ; സ്വകാര്യ ഇൻഡസ്ട്രി, സെക്യൂരിറ്റി ഏജൻസികളിലെ അംഗീകൃതമായ എഞ്ചിനീയറിംഗ്, ആഗ്രികൾച്ചറൽ, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, മെഡിക്കൽ കോളേജുകൾ/സർവകലാശാലകൾ എന്നിവയിലെ ഫാക്കൽറ്റി അംഗങ്ങൾ എന്നിവർക്ക് ഈ വിഭാഗത്തിൽ അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. ദേശീയതല യോഗ്യതാ പരീക്ഷാ സ്കോർ നിർബന്ധമില്ല. ഇൻ്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ

റിസർച്ച്, പി.ജി., ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി. പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷ മാർച്ച് 23-ന് രാത്രി 11.59 വരെയും സ്പോൺസേർഡ് (എം.ടെക്.), ഇ.ആർ.പി. അപേക്ഷകർ 31-ന് രാത്രി 11.59 വരെയും iisc.ac.in/admissions/ വഴി (അഡ്മിഷൻ ലിങ്ക്) നൽകണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ വർഷത്തിൽ/സെമസ്റ്ററിൽ പഠിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

നാലുവർഷ ബി.എസ്. (റിസർച്ച്) പ്രോഗ്രാം പ്രവേശനത്തിനുള്ള സമയം പിന്നീട് പ്രസിദ്ധപ്പെടുത്തും. പ്രവേശനം 2026 ജെ.ഇ.ഇ. അഡ്വാൻസ്ഡ്/എൻ.ഇ.ഇ.റ്റി. യു.ജി./ഏപ്രിൽ മെയ് ടെസ്റ്റ് സ്കോർ എന്നിവയിൽ പരിഗണിച്ചാണ്.