കെമിസ്ട്രിയോടുള്ള ഇഷ്ടം മുറുകെപ്പിടിച്ചു, ഫാത്തിമ ഷഹ്‌സീന നേടിയത് 2.50 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ്

#ദീപ ദാസ്
ഫാത്തിമ ഷഹ്‌സീന
ഫാത്തിമ ഷഹ്‌സീന

കൂടുതല്‍ അവസരങ്ങള്‍ക്കായി പരിശ്രമിക്കുക എന്ന ചിന്തയോടെയാണ് തൃശ്ശൂര്‍ കരുവന്നൂര്‍ എട്ടുമന സ്വദേശിയായ ഫാത്തിമ ഷഹ്‌സീന ബിടെക് കെമിക്കല്‍ എന്‍ജിനിയറിങ്ങിന് ചേര്‍ന്നത്. ഇന്ന് ഫാത്തിമ നേടിയിരിക്കുന്നത് 2.50 കോടി രൂപയുടെ യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പാണ്.കെമിസ്ട്രിയോടുള്ള ഇഷ്ടം മുറുകെപ്പിടിച്ച് ഗവേഷണവഴിയിലേക്ക് എങ്ങനെ എത്താമെന്ന അന്വേഷണമായി പിന്നെ. അതിനായി കോളേജില്‍ ഗവേഷണം നടത്തുന്ന അധ്യാപകനോട് തന്നെയും സഹായിയായി കൂടെച്ചേര്‍ക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചതോടെ ബിടെക് പഠനത്തിനിടെ റിസര്‍ച്ച് അസിസ്റ്റന്റായി ഒന്‍പതു മാസം പ്രവര്‍ത്തിച്ചു.

ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഎസ് ബിരുദം നേടിയശേഷമാണ് ഫാത്തിമ മേരി ക്യൂറി ഫെലോഷിപ്പെന്ന വലിയസ്വപ്നം സ്വന്തമാക്കിയിരിക്കുന്നത്. പോര്‍ച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയിലാണ് ഗവേഷണപഠനത്തിന് ഫാത്തിമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പ്രവാസിയായ സിദ്ദിഖ് പുന്നിലത്തും ഷബീനയും മകളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നതിന്റെ വിജയംകൂടിയാണിത്. അതേസമയം മാസ്റ്റേഴ്‌സ് ചെയ്യുമ്പോള്‍ ക്രിസ്റ്റലൈസേഷന്‍ ടെക്‌നോളജി തന്നെയായിരുന്നു വിഷയം. മാസ്റ്റര്‍ തിസീസാണ് ഫെലോഷിപ്പിന് പരിഗണിക്കാന്‍ പ്രധാനകാരണമെന്നും ഫാത്തിമ കരുതുന്നു.

മരുന്നുകളുടെ വിലനിയന്ത്രണം ഗവേഷണലക്ഷ്യം

ജീവന്‍രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണം ലക്ഷ്യമിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഡൗണ്‍സ്ട്രീം പ്രോസസിങ്, ക്രിസ്റ്റലൈസേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് ഗവേഷണം. ഔഷധനിര്‍മാണരംഗത്ത് ശുദ്ധീകരണം (പ്യൂരിഫിക്കേഷന്‍) എന്നത് ഏറെ ചെലവേറിയ പ്രവൃത്തിയാണ്.ശുദ്ധമായ ഘടകം വേര്‍തിരിച്ചെടുക്കുന്നതിനുള്ള ക്രമറ്റോഗ്രാഫിക്ക് പകരം ക്രിസ്റ്റലൈസേഷന്‍ എന്ന രീതി പ്രയോജനപ്പെടുത്തി ചെലവു കുറയ്ക്കുകയും അതുവഴി മരുന്നുകളുടെ വില നിയന്ത്രിക്കുകയും ലക്ഷമിട്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്.

ഫെലോഷിപ്പിലേക്ക്

മാസ്റ്റര്‍ ബിരുദത്തിലെ മാര്‍ക്ക്, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം ഇതുരണ്ടുമാണ് മേരി ക്യൂറി ഫെലോഷിപ്പിന് പരിഗണിക്കുന്നതില്‍ പ്രധാനം. മുന്‍ പ്രവൃത്തിപരിചയവും പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുത്തിയ ബയോഡേറ്റ, നിര്‍ദിഷ്ട പ്രോജക്ടിലേക്ക് നിങ്ങള്‍ ഏറ്റവും അനുയോജ്യമാകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന കത്ത്, നിങ്ങളെ ശുപാര്‍ശചെയ്തുകൊണ്ടുള്ള കത്ത് അല്ലെങ്കില്‍ നിങ്ങളെ അറിയാവുന്ന രണ്ട് കോണ്‍ടാക്ട് റഫറന്‍സുകള്‍ എന്നിവയടക്കമാണ് അപേക്ഷിക്കേണ്ടത്. അഭിമുഖം ഓണ്‍ലൈനായാണ് നടത്തുക. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണത്തിനാണ് സ്‌കോളര്‍ഷിപ്പ്. വിവരങ്ങള്‍ക്ക്: euraxess.ec.europa.eu

Content Highlights: Fatima Shahsina from Thrissur secures a 2.5 crore European Union Mary Curie Fellowship for pharmaceutical research.