നീറ്റ് ഫലം വന്നശേഷമുള്ള നടപടിക്രമം എന്താണ്? ഓപ്‌ഷൻ കൊടുക്കേണ്ടത് എങ്ങനെASK EXPERT

കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിന് എൻ.സി.സി. ക്വാട്ടയിൽ അപേക്ഷിച്ചിട്ടുണ്ട്. നീറ്റ് ഫലം വന്നശേഷമുള്ള നടപടിക്രമം എന്താണ്? ഓപ്‌ഷൻ കൊടുക്കേണ്ടത് എങ്ങനെയാണ്?
-അഞ്ജലി, പാലക്കാട്
നീറ്റ് യു.ജി. ഫലം വരുമ്പോൾ, നിങ്ങളുടെ കാറ്റഗറിയനുസരിച്ചുള്ള പെർസന്റൈൽ കട്ട് ഓഫ് സ്കോർ നേടി പരീക്ഷയിൽ യോഗ്യത നേടണം. തുടർന്ന് കേരള പ്രവേശനപരീക്ഷാകമ്മിഷണർ, നീറ്റ് യു.ജി. സ്കോർ അപ്‌ലോഡ് ചെയ്യാൻ/കൺഫേം ചെയ്യാൻ ആവശ്യപ്പെടും. അത് ഓൺലൈനായി നടത്തണം. അതിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തും. അതിൽ സ്ഥാനമുണ്ടെന്ന് ഉറപ്പാക്കണം. നിങ്ങളുടെ നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചുകൊണ്ടുള്ള കേരള മെഡിക്കൽ റാങ്ക്, ഈ പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോൾ നിങ്ങൾക്കറിയാൻ കഴിയും. ഈ റാങ്ക് അടിസ്ഥാനമാക്കി, റാങ്ക് പട്ടികയിലുള്ള മറ്റേതുകുട്ടിയെയുംപോലെ നിങ്ങൾക്കും ഓപ്ഷനുകൾ നൽകി മെഡിക്കൽ അലോട്‌മെൻറിൽ പങ്കെടുക്കാം.
എൻ.സി.സി. സ്പെഷ്യൽ സംവരണത്തിന് നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷിച്ച ഒരാൾക്ക് അതിന്റെ അർഹതയ്ക്കുവിധേയമായി ആ സംവരണം അനുവദിച്ചുനൽകും. നീറ്റ് യു.ജി. റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയശേഷം അർഹതയുള്ളവരെ ഉൾപ്പെടുത്തി എൻ.സി.സി. കാറ്റഗറി പട്ടിക പ്രസിദ്ധപ്പെടുത്തും. നീറ്റിൽ 720-ൽ കിട്ടിയ മാർക്ക് 500-ൽ ആക്കും. എൻ.സി.സി. മികവിന് എൻ.സി.സി. ഡയറക്ടറേറ്റ് 500-ൽ അനുവദിക്കുന്ന മാർക്ക് 500-ൽ ആക്കിയ നീറ്റ് സ്കോറിനോട് ചേർക്കും. ഇപ്രകാരം 1000-ൽ ലഭിക്കുന്ന സ്കോർ പരിഗണിച്ചാണ് എൻ.സി.സി. കാറ്റഗറി പട്ടിക തയ്യാറാക്കുന്നത്.
ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ തുടങ്ങുമ്പോൾ താത്‌പര്യമുള്ള കോളേജ്-കോഴ്സ് ഓപ്ഷനുകൾ, മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തുക. അങ്ങനെ ചെയ്യുമ്പോൾ, എൻ.സി.സി. സംവരണസീറ്റുകൾ അനുവദിക്കപ്പെട്ടിരിക്കുന്ന കോളേജുകളിൽ താത്‌പര്യമുള്ള കോളേജ്-കോഴ്സ് ഓപ്ഷനുകൾ ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. എൻ.സി.സി. ക്വാട്ടയിൽ ഏതൊക്കെ കോളേജുകളിൽ സീറ്റുണ്ടെന്ന് പ്രോസ്പെക്ടസിൽനിന്ന് മനസ്സിലാക്കാം.
ഓപ്ഷനുകൾ നൽകുന്ന എല്ലാകുട്ടികളെയും പരിഗണിക്കുന്നതുപോലെ, താങ്കളെയും ആദ്യം പരിഗണിക്കുക സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കായിരിക്കും. അതിന് അർഹത ലഭിക്കാതെവന്നാൽ എൻ.സി.സി. സംവരണസീറ്റിലേക്ക് പരിഗണിക്കും. നിങ്ങളുടെ കാറ്റഗറിസ്ഥാനമനുസരിച്ച് സീറ്റ് അർഹതയുണ്ടെങ്കിൽ അലോട്‌മെന്റ് നൽകും.
Content Highlights: NEET Admission procedure