അമേരിക്കയില്‍ ഇന്‍ഷുറന്‍സ് കമ്പനി മേധാവിയെ വെടിവെച്ചു കൊന്നു, കാരണം ക്ലെയിം നിഷേധിച്ചതോ?

അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ യുണൈറ്റഡ് ഹെല്‍ത്തിന്റെ 50-കാരനായ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ബ്രയന്‍ തോംസണ്‍ രണ്ടു ദിവസം മുമ്പ് ന്യൂയോര്‍ക്കില്‍ വെച്ച് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് അമേരിക്ക. ബുധനാഴ്ച രാവിലെ 6.45 ന് തോംസണ്‍ മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണ്‍ ഹോട്ടലില്‍ സ്വന്തം കമ്പനിയുടെ നിക്ഷേപക സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മാസ്‌കും തൊപ്പിയും ധരിച്ച് പിന്നിലൂടെയെത്തിയ കൊലയാളി പലതവണ നിറയൊഴിച്ച ശേഷം ഇലക്ട്രിക് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൊലപാതകിയെ പിടികൂടാനുള്ള ശ്രമത്തിലാണ് ന്യൂയോര്‍ക്ക് പോലീസ്.
സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചത് വെടിയുതിര്‍ത്ത തോക്കില്‍നിന്നും വീണ ഷെല്‍ കെയ്സിങുകള്‍ കണ്ടെടുത്തപ്പോഴാണ്. അവയില്‍ ഡിലേ, ഡിനൈ, ഡിഫെന്‍ഡ് (വൈകിപ്പിക്കുക, നിരസിക്കുക, പ്രതിരോധിക്കുക) എന്ന് കോറിവച്ചിരുന്നു. ഇവ എന്താണെന്നു മനസ്സിലായല്ലോ- ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിഷേധിക്കാന്‍ കമ്പനികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍! അതോടെ ചര്‍ച്ച വഴി തിരിഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ ആളോ അയാളുടെ ഉറ്റവരോ അര്‍ഹമായ ക്ലെയിം നിഷേധിക്കപ്പെട്ട് ദുരിതമനുഭവിച്ചവരാകാം എന്ന രീതിയില്‍. അതേസമയം, തോംസണോടുള്ള വ്യക്തിവൈരാഗ്യമടക്കമുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ കൊലപാതകം നടത്തിയ ശേഷം അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാന്‍ വേണ്ടിയാണ് കെയ്സിങില്‍ ഈ വാക്കുകള്‍ രേഖപ്പെടുത്തിയത് എന്നു വാദിക്കുന്നവരുമുണ്ട്. എന്തായാലും പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല.
Content Highlights: united health care ceo brian thompson killed in usa