പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന്‌ കണ്ണെത്തുംദൂരത്ത്‌ നാലിടത്ത്‌ മോഷണം

-
-

കൊല്ലം : സിറ്റി പോലീസ്‌ കമ്മിഷണർ ഓഫീസിൽനിന്ന്‌ 50 മീറ്റർ അകലെയുള്ള മൂന്ന്‌ സ്ഥാപനങ്ങളിൽ കവർച്ച. 43,000 രൂപയും സി.സി.ടി.വി.യുടെ ഭാഗങ്ങൾ, ഡ്രില്ലിങ്‌ മെഷീൻ, പെൻഡ്രൈവ്‌, മെമ്മറി കാർഡുകൾ എന്നിവയും മോഷ്ടാക്കൾ കവർന്നു. തിങ്കളാഴ്ച രാത്രിയിലാണ്‌ മോഷണം നടന്നത്‌.

കമ്മിഷണർ ഓഫീസിന്‌ തൊട്ടടുത്തുതന്നെയുള്ള എക്സൽ ഗ്രാഫിക്സിൽനിന്നാണ്‌ 43,000 രൂപ കവർന്നത്‌. ഇവിടെയുള്ള സി.സി.ടി.വി.യുടെ ഭാഗങ്ങളും കംപ്യൂട്ടറുകളും തകർത്തിട്ടുണ്ട്‌. ഡി.വി.ആർ., ബാറ്ററി, കോഡ്‌ലെസ്‌ ഡ്രിൽ, ഹാർഡ്‌ ഡിസ്‌ക്‌ എന്നിവ കവർന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്‌. ഉളിയക്കോവിൽ സ്വദേശി പ്രേംനാഥിന്റേതാണ്‌ സ്ഥാപനം.

ഇതിന് സമീപത്തുള്ള കമ്മോട്ടി ട്രേഡ്‌ സെന്ററിന്റെ പിൻഭാഗത്തെ വാതിൽ കട്ടിളയുൾപ്പെടെ തകർത്താണ്‌ മോഷണശ്രമം നടത്തിയത്‌. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലാണ്‌. സമീപത്തുള്ള വീട്ടിലും മോഷണശ്രമം നടന്നു.

സോകിസ്‌ മീഡിയ സൊല്യൂഷൻസിന്റെ പിൻഭാഗത്തെ രണ്ട്‌ വാതിലുകൾ അമ്മിക്കുഴകൊണ്ട്‌ ഇടിച്ചുതകർത്താണ്‌ അകത്തുകടന്നത്‌. വാതിലിനു താഴെയുള്ള ചെറിയ പലക പൊളിച്ചശേഷമാണ്‌ ഉള്ളിൽ കടന്നിരിക്കുന്നത്‌. ഇവിടെനിന്ന്‌ പെൻഡ്രൈവുകളും മെമ്മറി കാർഡുകളും കവർന്നു.

പതിനായിരം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി സ്ഥാപനയുടമ സോണി പറഞ്ഞു. സ്ഥാപനയുടമകളുടെ പരാതിപ്രകാരം കൊല്ലം ഈസ്റ്റ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്‌. ഡോഗ്‌ സ്ക്വാഡും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുത്തു.

Content Highlights: Theft near Police commissioner office, Kollam robbery cases

Content Highlights: