ക്രൈം ഷോകളുടെ ആരാധിക, കൗതുകത്തിന്റെപേരിൽ കൊന്നത് ഒരുപരിചയവുമില്ലാത്ത യുവതിയെ; കുത്തിയത് നൂറിലേറെ തവണ

പ്രതി ജങ് യു ജങ് | Screengrab Courtesy: Youtube.com/Korea Now
പ്രതി ജങ് യു ജങ് | Screengrab Courtesy: Youtube.com/Korea Now

സോള്‍: ദക്ഷിണകൊറിയയെ നടുക്കിയ കൊലപാതകത്തില്‍ പ്രതിയായ 23-കാരിക്ക് ജീവപര്യന്തം തടവ്. 'കൗതുകത്തിന്റെ പുറത്ത്' ഇംഗ്ലീഷ് അധ്യാപികയായ യുവതിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതി ജങ് യു-ജങ്ങിനെ കൊറിയന്‍ കോടതി ശിക്ഷിച്ചത്. ക്രൈംഷോകളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ടി.വി. പരിപാടികളും നിരന്തരം കണ്ടിരുന്നതായും ഇതാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമായിരുന്നു പ്രതിയുടെ മൊഴി. കൗതുകത്തിന്റെ പേരിലാണ് ഒരുപരിചയവുമില്ലാത്ത യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കൊറിയയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഇംഗ്ലീഷ് അധ്യാപികയും ബുസാന്‍ സ്വദേശിനിയുമായ 26-കാരിയെ ഇവരുടെ വീട്ടില്‍വെച്ചാണ് 23-കാരിയായ ജങ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, പ്രതിയുടെ പെരുമാറ്റവും കൈയിലുണ്ടായിരുന്ന സ്യൂട്ട്‌കേസിലെ രക്തക്കറയും ഇവര്‍ യാത്രചെയ്ത ടാക്‌സിയിലെ ഡ്രൈവര്‍ക്ക് സംശയം തോന്നാനിടയാക്കി. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്. 

ക്രൈം ഷോകളുടെയും ക്രൈം നോവലുകളുടെയും ആരാധികയായിരുന്ന ജങ് ഇതിന്റെ പ്രേരണയിലാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വെറും കൗതുകത്തിന്റെ പുറത്താണ് അജ്ഞാതയായ യുവതിയെ പ്രതി അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കൊലപാതകം നടത്തണമെന്ന് മനസ്സിലുറപ്പിച്ച പ്രതി മാസങ്ങളോളം ഒരു 'ഇരയ്ക്കായി' തിരച്ചില്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന ഒരു ആപ്പ് വഴിയാണ് പ്രതി 'ഇര'കളെ തേടിയത്. സ്ത്രീകളെയായിരുന്നു ലക്ഷ്യം. ഏകദേശം 50-ഓളം പേരുമായി ഓണ്‍ലൈന്‍ ആപ്പ് വഴി യുവതി ബന്ധപ്പെട്ടിരുന്നതായും ഇതിനൊടുവിലാണ് കൊല്ലപ്പെട്ട 26-കാരിയെ കണ്ടെത്തിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

തൊഴില്‍രഹിതയായ യുവതി മുത്തച്ഛനോടൊപ്പമായിരുന്നു താമസം. ഓണ്‍ലൈന്‍ ആപ്പ് വഴി പരിചയപ്പെട്ട അധ്യാപികമാരോടെല്ലാം വീടുകളില്‍ ക്ലാസെടുക്കാറുണ്ടോ എന്നാണ് പ്രതി തിരക്കിയിരുന്നത്. ഇത്തരത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മെയ് മാസത്തില്‍ ബുസാന്‍ സ്വദേശിയായ ഇംഗ്ലീഷ് അധ്യാപികയെ ആപ്പിലൂടെ പരിചയപ്പെട്ടത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ അമ്മയാണെന്ന വ്യാജേനയാണ് ഇവരുമായി പ്രതി ബന്ധം സ്ഥാപിച്ചത്. ഇംഗ്ലീഷ് ക്ലാസ് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി തന്നെ വിദ്യാര്‍ഥിനിയെന്ന വ്യാജേന അധ്യാപികയുടെ വീട്ടിലെത്തി. 

സ്‌കൂള്‍ യൂണിഫോമും മറ്റും ഓണ്‍ലൈന്‍ വഴിയാണ് പ്രതി വാങ്ങിയത്. വിദ്യാര്‍ഥിനിയാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലപ്പെട്ട അധ്യാപിക യുവതിയെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചു. എന്നാല്‍, ഇതിനുപിന്നാലെ യുവതി അധ്യാപികയെ അതിക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. 

നൂറിലേറെ തവണയാണ് പ്രതി അധ്യാപികയെ കുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. 26-കാരി മരിച്ചിട്ടും ശരീരത്തില്‍ തുടര്‍ച്ചയായി കുത്തിപരിക്കേല്‍പ്പിച്ചു. പിന്നാലെ മൃതദേഹം വെട്ടിനുറുക്കി. തുടര്‍ന്ന് ചില മൃതദേഹാവശിഷ്ടങ്ങള്‍ സ്യൂട്ട്‌കേസിലാക്കി വീട്ടില്‍നിന്ന് രക്ഷപ്പെട്ടു. 

ഒരു ടാക്‌സിയിലാണ് യുവതി സ്യൂട്ട്‌കേസുമായി യാത്രചെയ്തത്. ബുസാന്റെ വടക്കന്‍ മേഖലയില്‍ നദിയുടെ സമീപത്തായാണ് പ്രതി സ്യൂട്ട്‌കേസ് ഉപേക്ഷിച്ചത്. എന്നാല്‍, യുവതിയുടെ കൈയിലുണ്ടായിരുന്ന സ്യൂട്ട്‌കേസില്‍ ചോരക്കറയുള്ളത് ടാക്‌സി ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നു. ഇയാള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതോടെയാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

എങ്ങനെ കൊല്ലാം, എങ്ങനെ ഉപേക്ഷിക്കാം- ഇന്‍റർനെറ്റിൽ അന്വേഷണം

കൊലപാതകം നടത്താനായി പ്രതി മാസങ്ങളോളം ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. യുവതിയുടെ ഇന്റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററിയില്‍നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. എങ്ങനെ ഒരാളെ കൊല്ലാം, എങ്ങനെ മൃതദേഹം ഉപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങളാണ് യുവതി ഇന്റര്‍നെറ്റില്‍നിന്ന് മനസിലാക്കിയത്. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ നോക്കി മനസ്സിലാക്കിയിട്ടും സിസിടിവി അടക്കമുള്ള തെളിവുകളില്‍നിന്ന് രക്ഷപ്പെടാനുള്ള നീക്കമൊന്നും പ്രതി നടത്തിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. 

യുവതി അധ്യാപികയുടെ വീട്ടിലേക്ക് വരുന്നതും തുടര്‍ന്ന് സ്യൂട്ട്‌കേസുമായി നടന്നുപോകുന്നതുമെല്ലാം പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളും കേസിന്റെ വിചാരണയില്‍ നിര്‍ണായകമായി. 

കുറ്റസമ്മതം, മാനസികനില തെറ്റിയിരുന്നതായി മൊഴി...

അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ജൂണില്‍ തന്നെ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. അതേസമയം, സംഭവസമയത്ത് താന്‍ മാനസികപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും ശിക്ഷയില്‍ ഇളവ് വേണമെന്നും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍, യുവതിയുടെ വാദങ്ങള്‍ കോടതി പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. 

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനാല്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതി പറഞ്ഞു. 

പലതവണ മൊഴി മാറ്റി...

കൊലക്കേസില്‍ പിടിയിലായ ജങ് പലതവണയാണ് മൊഴി മാറ്റിപ്പറഞ്ഞതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. അധ്യാപികയെ കൊലപ്പെടുത്തിയത് മറ്റാരോ ആണെന്നും മൃതദേഹം വീട്ടില്‍നിന്ന് മാറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു പ്രതിയുടെ ആദ്യമൊഴി. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം സംഭവിച്ചതെന്ന് യുവതി പിന്നീട് മൊഴിമാറ്റി. തുടര്‍ന്ന് ഏറ്റവും ഒടുവിലാണ് 'കൗതുകത്തിന്റെ പുറത്താണ്' കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിച്ചത്. ക്രൈം ഷോകളും ടി.വി. പരിപാടികളുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു. 

വധശിക്ഷ നല്‍കണമെന്ന് ആവശ്യം

അധ്യാപികയുടെ കൊലപാതകം, ഒരുകാരണവുമില്ലാതെ ഒരാള്‍ കൊല്ലപ്പെടാമെന്ന ഭയം സമൂഹത്തില്‍ വ്യാപിക്കാനിടയാക്കിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സംഭവം സമൂഹത്തില്‍ പൊതുവായ ആശങ്കയ്ക്കിടയാക്കിയെന്നും കോടതി പറഞ്ഞു. കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, പ്രതിയെ ജീവപര്യന്തം തടവിനാണ് ബൂസാന്‍ ജില്ലാ കോടതി പ്രതിയെ ശിക്ഷിച്ചത്. കൊടുംകുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന രാജ്യമാണ് ദക്ഷിണകൊറിയ. എന്നാല്‍, 1997-ന് ശേഷം രാജ്യത്ത് വധശിക്ഷ നടപ്പിലാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 


 

Content Highlights: south korean crime show fan killed stranger woman out of curiosity gets life sentence