രണ്ട് കൊലപാതകം ഉള്‍പ്പെടെ 28 കേസുകള്‍: ഒന്നില്‍പ്പോലും ശിക്ഷിക്കപ്പെടാതെ ഒട്ടകം രാജേഷ്

തിരുവനന്തപുരം: പോത്തന്‍കോട് കൊലപാതകക്കേസില്‍ അറസ്റ്റിലായ ഒട്ടകം രാജേഷിനെതിരേ വിവിധ സ്റ്റേഷനുകളില്‍ രണ്ട് കൊലപാതകമുള്‍പ്പെടെ 28 കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. പക്ഷേ, ഒറ്റക്കേസില്‍പ്പോലും ഇയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
2004-ല്‍ കഠിനംകുളം പോലീസ് രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലും 2009-ല്‍ മംഗലപുരം പോലീസ് രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലും രാജേഷ് പ്രതിയാണ്. നിരവധിപ്പേരെ ആയുധമുപയോഗിച്ച് ആക്രമിച്ച കേസിലും പിടിച്ചുപറിക്കേസിലുമെല്ലാം ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. യഥാസമയം കുറ്റപത്രം സമര്‍പ്പിക്കുന്നതിലും ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണ് പ്രതികളെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നത്.
ഉന്നത ബന്ധങ്ങളുപയോഗിച്ച് ഓരോ കേസില്‍നിന്നും ഊരിപ്പോകാന്‍വേണ്ട പഴുതുകളൊരുക്കാന്‍ ഒട്ടകം രാജേഷ് മിടുക്കനാണെന്നാണ് സൂചന. സുധീഷ് വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെല്ലാം നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണ്. മോഷണം, പിടിച്ചുപറി, സംഘംചേര്‍ന്ന് ആക്രമണം, വധശ്രമം തുടങ്ങിയ കേസുകളിലാണ് ഇവര്‍ പ്രതികളായിട്ടുള്ളത്. ഇവരാരും ഒറ്റക്കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
പ്രതികളെ സഹായിച്ചവരെ കുറ്റപത്രത്തില്‍ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതികളെ സഹായിച്ചവരെ കണ്ടെത്താതെ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസ് നീക്കം. കേസില്‍ നേരിട്ട് പങ്കെടുത്ത 11 പേരെയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിപ്പട്ടിക ഇവരില്‍ ഒതുക്കി നിര്‍ത്താനാണ് പോലീസിന്റെ ശ്രമം. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും പണം നല്കി സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കങ്ങളൊന്നും നിലവില്‍ പോത്തന്‍കോട് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നിയമനടപടി സ്വീകരിക്കുമെന്നറിയിച്ചിരുന്നു.
അക്രമങ്ങള്‍ക്ക് പണം നല്കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും പോത്തന്‍കോട് കേസില്‍ പാലിക്കപ്പെടുന്നില്ല.
ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് ആവര്‍ത്തിച്ച് അറിയിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന നിലപാടിലാണിപ്പോള്‍ പോലീസ്. പ്രതികള്‍ 10 ന് വൈകീട്ട് ശാസ്തവട്ടത്ത് ഒത്തുകൂടിയിരുന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.
ചോദ്യംചെയ്യലില്‍ പ്രതികള്‍ ഇക്കാര്യം സമ്മതിച്ചതായും സൂചനയുണ്ട്. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ചിലരും ശാസ്തവട്ടത്ത് സംഘടിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതായി രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താനോ അവരെ കണ്ടെത്താനോ പോലീസ് ശ്രമം നടത്തിയിട്ടില്ല. ശാസ്തവട്ടം സ്വദേശിയായ ഒരാള്‍ പ്രതികള്‍ക്ക് സാമ്പത്തികസഹായം നല്കിയതായി സൂചനയുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതികള്‍ ഇയാളെ കണ്ട് പണം വാങ്ങിയശേഷമാണ് ഒളിവില്‍പ്പോയത്. ഒളിവില്‍ കഴിയുമ്പോഴും ഇയാള്‍ പ്രതികള്‍ക്കുവേണ്ടി പണമെത്തിക്കുകയും പലരില്‍ നിന്നും പണം സ്വരൂപിക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെക്കൂടി അറസ്റ്റ് ചെയ്ത് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നില്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുണ്ടെന്നാണ് ആക്ഷേപം.
പ്രതിപ്പട്ടിക 11 പേരില്‍ നിര്‍ത്താന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും പറയപ്പെടുന്നു. ഇതാണ് അറസ്റ്റിലായവരെ മാത്രം ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കാനുള്ള നീക്കത്തിനുപിന്നില്‍.
ഷിബിന്‍ മാപ്പുസാക്ഷിയാകും
പോത്തന്‍കോട്: സുധീഷ് വധക്കേസില്‍ കോരാണി ആലപ്പുറംകുന്ന് വടക്കുംകര വീട്ടില്‍ ഷിബിനെ പോലീസ് മാപ്പുസാക്ഷിയാക്കും. സംഭവദിവസം കൊല്ലപ്പെട്ട സുധീഷിനൊപ്പമുണ്ടായിരുന്നയാളാണ് ഷിബിന്‍. ഷിബിനും അയല്‍വാസിയായ ശ്രീജിത്തും തമ്മിലുണ്ടായ അടിപിടിയാണ് സുധീഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഷിബിന് ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. സുധീഷിന്റെ ഒളിയിടം അക്രമിസംഘത്തിനു കാട്ടിക്കൊടുത്തത് കേസിലെ മൂന്നാംപ്രതിയായ ശ്യാംകുമാറാണ്. സുധീഷിന്റെ ഭാര്യാ സഹോദരനാണ് ശ്യാം. സുധീഷ് ഉണ്ണിക്കും ഒട്ടകം രാജേഷിനുമൊപ്പം സുധീഷിനെ കൊല്ലാന്‍ പദ്ധതിയിട്ടതില്‍ ശ്യാംകുമാറുമുണ്ടായിരുന്നതായാണ് പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.
പ്രതികളെ കോടതിയില്‍ ഹാജരാക്കി
ആറ്റിങ്ങല്‍: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അവസാനിച്ചു. പ്രതികളെയെല്ലാം പോലീസ് കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലെത്തിച്ചു. കേസില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു. പ്രതികളെ ഇനി കസ്റ്റഡിയില്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും കുറ്റപത്രം തയ്യാറാക്കുന്ന ജോലികളാണ് അവശേഷിക്കുന്നതെന്നും പോലീസ് പറഞ്ഞു.
പതിനൊന്നുപേരെയാണ് കേസില്‍ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ഇവര്‍ മാത്രമാണ് കേസിലെ പ്രതികളെന്ന് പോലീസ് പറയുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെല്ലാം കൊലപാതകത്തിലും നേരിട്ടു പങ്കെടുത്തുവെന്നാണ് ചോദ്യംചെയ്യലില്‍ നിന്ന് പോലീസിനു ലഭിച്ചിട്ടുള്ള വിവരം.
ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ 11-ന് ഉച്ചയ്ക്ക് രണ്ടരയോടെ പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട സുധീഷും സംഘവും ഒന്നാംപ്രതി സുധീഷ് ഉണ്ണിയുടെ അമ്മയ്ക്കുനേരേ പടക്കമെറിഞ്ഞതും രണ്ടാംപ്രതി ഒട്ടകം രാജേഷിന്റെ സംഘാംഗങ്ങളെ വെട്ടിപ്പരിക്കേല്പിച്ചതും മൂന്നാംപ്രതി ശ്യാംകുമാറിനെ മര്‍ദിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളെന്ന് പോലീസ് പറയുന്നു. പ്രതികള്‍ 10-ന് വൈകീട്ട് ശാസ്തവട്ടത്ത് സംഘടിച്ച് സുധീഷിനെ ആക്രമിക്കാന്‍ പദ്ധതിയിടുകയും 11-ന് ഉച്ചയ്ക്ക് കൊലപാതകം നടത്തുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.
content highlights: pothencode murder case, ottakam rajesh
Content Highlights: