കുട്ടികളുടെ നഗ്നചിത്രങ്ങള്‍: പിടിയിലായവരില്‍ ഉയര്‍ന്ന ശമ്പളമുള്ള ടെക്കികളും, ആകെ 370 കേസ്

തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താന്‍ പോലീസ് നടത്തിയ പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗ സംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു.
477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കംപ്യൂട്ടര്‍ എന്നിവയുള്‍പ്പെടെ 429 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളുമുള്ള ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ചുവയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.
അറസ്റ്റിലായവരില്‍ പലരും ഐ.ടി. മേഖലയിലുള്‍പ്പെടെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരാണ്. ഉപകരണങ്ങളില്‍നിന്നു ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. പോലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്റ്റ്വേറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്‍കി ലൈവ് ആയി കാണാന്‍ അവസരമൊരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
സൈബര്‍ ഡോം ഓപ്പറേഷന്‍സ് ഓഫീസര്‍ എ. ശ്യാം കുമാര്‍, സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ആര്‍.യു. രഞ്ജിത്, ജി.എസ്. അനൂപ്, എസ്.എസ്. വൈശാഖ്, ആര്‍. അരുണ്‍രാജ്, അക്ഷയ് സന്തോഷ് എന്നിവരും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പങ്കുവഹിച്ചു.
Content Highlights: