പെെശാചികതയുടെ പര്യായമായ മാൻഷൻ കൾട്ട്; ഹോളിവുഡിനെ വിറപ്പിച്ച ഒരു കൂട്ടക്കുരുതിയുടെ കഥ

ഓഗസ്റ്റ് 8, 1969. തന്റെ ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഷാരോൺ ടേറ്റ്. അഭിനയത്തിൽനിന്ന് താൽക്കാലിക ഇടവേളയെടുത്ത് ലോസ് ആഞ്ജലീസിലെ ബെവർലി ഹിൽസിലുള്ള ആഡംബര ഭവനത്തിൽ കഴിഞ്ഞ എട്ടു മാസമായി വിശ്രമത്തിലാണ് ഷാരോൺ. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിന് പോയ ഭർത്താവ് റൊമൻ പൊളാൻസ്കി ഉടനെ മടങ്ങിയെത്തും. അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവസരത്തിൽ ഒരു ഫോൺ കോൾ. അതിന്റെ മറുവശത്ത് പൊളാൻസ്കിയായിരുന്നു, ക്ഷമിക്കണം ഷാരോൺ ഇന്ന് മടങ്ങാനാകില്ല. അൽപ്പം ജോലികൾ കൂടെയുണ്ട്. അവയെല്ലാം തീർന്നാൽ സമയമൊട്ടും കളയാതെ അമേരിക്കയിലേക്ക് വിമാനം കയറും- പോളാൻസ്കി പറഞ്ഞു.
മനസ്സു നിറയെ കടുത്ത നിരാശ നിറഞ്ഞുവെങ്കിലും ഷാരോൺ പൊളാൻസ്കിയെ അറിയിച്ചില്ല. എന്നാൽ, ഉച്ചയ്ക്ക് വിരുന്നിനെത്തിയ അടുത്ത സുഹൃത്തും നടിയുമായ ജൊവാന പെറ്ററ്റിനോട് ഷാരോൺ തന്റെ വിഷമം തുറന്നുപറഞ്ഞു. സാരമില്ലെന്ന് പറഞ്ഞ് കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ജൊവാന മടങ്ങിയത്. അതേദിവസം തന്നെ സഹോദരി ഡെബ്രയുടെ ഒരു ഫോൺ കോൾ ഷാരോണിനെ തേടിയെത്തി. തനിക്ക് വേണ്ടി ഷാരോൺ യൂറോപ്പിൽനിന്ന് വാങ്ങിയ സാഡിൽ വന്നെടുക്കാൻ അനുവാദം ചോദിക്കാനാണ് ഡെബ്ര വിളിച്ചത്. ഇന്ന് വേണ്ട മറ്റൊരു ദിവസമാകാം എന്നായിരുന്നു ഷാരോണിന്റെ മറുപടി. ഒറ്റയ്ക്കിരുന്ന് വിരസത വർധിച്ചപ്പോൾ ഷാരോൺ സുഹൃത്തുക്കളായ ജെ സെബ്രിങ്, വോഷ്യ ഫ്രികോവ്സ്കി, അബിഗലി ഫോൽജർ എന്നിവർക്കൊപ്പം അത്താഴം കഴിക്കാൻ പുറത്തുപോയി. രാത്രി പത്തരയോടെയാണ് ഇവരെല്ലാവരും ഷാരോണിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. അൽപനേരം നാലുപേരും ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷം ഉറങ്ങാനായി മുറികളിലേക്ക് പോയി.
Content Highlights: who is Charles Manson, Sharon Tate murder case, once upon a time in Hollywood , crime history