വിമാനത്താവളം വഴി മദ്യക്കടത്ത്; കസ്റ്റംസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജ് അറസ്റ്റില്‍. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അറസ്റ്റുചെയ്തത്. പലതവണ സമന്‍സും അറസ്റ്റ് വാറന്റും അയച്ചിട്ടും ഹാജരായിരുന്നില്ല. ചൊവ്വാഴ്ച കസ്റ്റംസ് വിജിലന്‍സിനുമുന്നില്‍ ഹാജരാകാന്‍ ശ്രമിക്കുന്നെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്‌സ് കോടികളുടെ തീരുവവെട്ടിച്ച് മദ്യം കടത്തിയെന്നാണ് കേസ്. സി.ഇ.ഒ. സുന്ദരവാസനും രണ്ടു ജീവനക്കാരുമാണ് കേസിലെ മറ്റുപ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ ലൂക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യും
വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജ് അടുത്തിടെ സര്‍വീസില്‍ തിരിച്ചുകയറിയിരുന്നു. അറസ്റ്റിലായതിനാല്‍ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യും. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി വിദേശമദ്യം വിറ്റതായി വ്യാജ രേഖയുണ്ടാക്കി. പിന്നീട് മദ്യം മറിച്ചുവിറ്റു. വ്യാജപ്പേരില്‍ ആറുകോടിയുടെ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്കു കടത്തിയെന്നാണ് സി.ബി.ഐ. കണ്ടെത്തിയിട്ടുള്ളത്.
മദ്യം പുറത്തേക്കുകടത്താന്‍ പതിനഞ്ചില്‍പ്പരം എയര്‍ലൈന്‍ കമ്പനികളില്‍നിന്ന് യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പ്. പതിനായിരത്തിലേറെ പേരുടെ വിവരങ്ങളാണ് ലൂക്ക് വഴി ചോര്‍ത്തിയത്.
തിരുവനന്തപുരത്ത് കാര്‍ഗോ വിഭാഗത്തില്‍ കസ്റ്റംസ് സൂപ്രണ്ടായിരിക്കെയാണ് ലൂക്ക് തട്ടിപ്പ് നടത്തിയത്. യാത്രക്കാരുടെ വിവരങ്ങള്‍ ചോദിച്ച് വിമാനക്കമ്പനിക്ക് ലൂക്ക് വ്യക്തിഗത മെയില്‍ അയച്ചത് കസ്റ്റംസ് സംഘം കണ്ടെത്തിയിരുന്നു. താന്‍ ശേഖരിച്ച യാത്രക്കാരുടെ വിവരങ്ങള്‍ ഡ്യൂട്ടി ഫ്രീ കമ്പനിക്ക് ലൂക്ക് കൈമാറുകയായിരുന്നു.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് വെട്ടിപ്പ് ആദ്യം കണ്ടെത്തിയത്. ഇതിനുശേഷമാണ് സി.ബി.ഐ. കേസന്വേഷണം നടത്തിയത്. പ്ലസ് മാക്‌സ് ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവരാണ് കേസിലെ മൂന്നും നാലും പ്രതികള്‍. കേസില്‍ അന്വേഷണം ആരംഭിച്ചതിനുപിന്നാലെ ലൂക്ക് രണ്ടുവര്‍ഷത്തോളം ഒളിവിലായിരുന്നു.
Content Highlights: