ലഹരിക്കടത്തുകാരിയാക്കുമെന്ന് ഭീഷണി, കുടുംബം തകർക്കാന്‍ ശ്രമിക്കുന്നു; അഞ്ജലിക്കെതിരേ പരാതിക്കാരി

#സ്വന്തം ലേഖകന്‍
പരാതിക്കാരി മാധ്യമങ്ങളെ  കാണുന്നു
പരാതിക്കാരി മാധ്യമങ്ങളെ കാണുന്നു

കോഴിക്കോട്: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിയും പരാതിക്കാരിയും. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി പ്രതി അഞ്ജലി റീമാദേവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയുമായി എത്തിയപ്പോള്‍ പരാതിക്കാരി കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ആവർത്തിച്ചു. കേസ് നല്‍കിയതിന്റെ പേരില്‍ അഞ്ജലി ഇരകളുമായി ബന്ധപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇരകളുടെ പലതരം ചിത്രങ്ങള്‍ വാട്‌സ് ആപ്പിലെ വണ്‍ ടൈം സൗകര്യം ഉപയോഗിച്ച് അയക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

തന്നെയും പെണ്‍കുട്ടികളേയും നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി തന്നെയായിരുന്നു. അഞ്ജലിയുടെ അമ്മാവന്‍ ജ്യോതി പ്രകാശ് തന്നെ ലഹരിക്കടത്തുകാരിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇപ്പോള്‍ തന്റെ കുടുംബത്തേയും തകര്‍ക്കാന്‍ നോക്കുകയാണ്. എല്ലാ കാര്യവും തെളിവ് സഹിതം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമായിട്ടും പോലീസിന് ഇവരെ പിടിക്കാനാവുന്നില്ല. ആദ്യം റോയി വയലാട്ടിനെ അറിയില്ലെന്ന് പറഞ്ഞ അഞ്ജലി ഇപ്പോള്‍ അറിയുമെന്നാണ് പറയുന്നത്. ഇത് തന്നെ ദുരൂഹമാണെന്നും ഇവര്‍ ആരോപിച്ചു. 

അഞ്ജലി എവിടെയാണെന്ന് കണ്ടെത്താനാവുന്നില്ലെങ്കിലും കഴിഞ്ഞ ദിവസവും തനിക്ക് അവരുടെ ബ്ലാക്ക് മെയിലിങ് ശബ്ദ സന്ദേശം ലഭിച്ചു. അതൊക്കെ പോലീസിന് കൈമാറിയിട്ടുണ്ട്. സന്ദേശം കേട്ടുവെന്ന് ഉറപ്പിച്ച ശേഷം  അവര്‍ ഡിലീറ്റ്  ചെയ്യുകയാണെന്നും പരാതിക്കാരി പറഞ്ഞു. അഞ്ജലിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നില്ലെന്ന്  എവിടേയും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.

നമ്പര്‍ 18 ഹോട്ടലില്‍ കണ്ട ദൃശ്യം ഏറെ  അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു. കുട്ടികള്‍ ഇറങ്ങിയോടിയെങ്കിലും  കുറച്ച് സ്വര്‍ണവും  പണവും അഞ്ജലിയുടെ  കയ്യിലായതിനാല്‍ പിടിച്ചുനില്‍ക്കേണ്ടി വന്നു. പക്ഷെ അപ്പോഴേക്കും ഇവര്‍ക്കെതിരേ പരാതി കൊടുത്തിരുന്നു. പക്ഷെ, കേസില്‍ അവര്‍ പിടിക്കുമെന്നായപ്പോള്‍ പരാതി കൊടുത്തതിന്റെ പേരില്‍ ഇപ്പോഴും അപമാനിക്കുകയാണ്. വട്ടിപ്പലിശക്കാരിയെന്ന് ആക്ഷേപിക്കുന്നു. ഞാന്‍ ഇപ്പോള്‍ എല്ലാം മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്ന് പറയുന്നത് ഇരയാക്കപ്പെട്ട മറ്റ് പെണ്‍കുട്ടികള്‍ക്ക് വേണ്ടിക്കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: