കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണം; കേസില്‍ വഴിത്തിരിവ്, കൊലക്കുറ്റം ചുമത്താന്‍ അനുമതി തേടി

കൂടത്തില്‍ തറവാട് | Screengrab: Mathrubhumi News
കൂടത്തില്‍ തറവാട് | Screengrab: Mathrubhumi News

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കുടുംബത്തില്‍ ഏറ്റവും അവസാനം മരിച്ച ജയമാധവന്‍ നായരുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ കേസില്‍ കൊലക്കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി. 

2017 ഏപ്രില്‍ രണ്ടിനാണ് കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ജയമാധവന്റെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. പോലീസിന് കള്ളമൊഴി നല്‍കാന്‍ രവീന്ദ്രന്‍ നായര്‍ നിര്‍ദേശിച്ചതായി സമീപത്തെ ഓട്ടോഡ്രൈവറും വെളിപ്പെടുത്തി. ജയമാധവനെ ആശുപത്രിയില്‍ എത്തിച്ചെന്ന് പറഞ്ഞ സമയവും തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെയാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയനിഴലിലായത്. 

ജയമാധവന്റെ മരണം സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെയാണ് കൊലക്കുറ്റം ചുമത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയത്.  കൊലക്കുറ്റം ചുമത്തിയാല്‍ രവീന്ദ്രന്‍നായരെ അറസ്റ്റ് ചെയ്യുന്നതിലേക്കടക്കം അന്വേഷണസംഘം കടക്കും. 

15 വര്‍ഷത്തിനിടെ കൂടത്തില്‍ കുടുംബത്തിലെ ഏഴ് പേരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇതില്‍ ജയമാധവന്റെ മരണത്തിലാണ് ക്രൈംബ്രാഞ്ച് നിലവില്‍ വിശദമായ അന്വേഷണം നടത്തുന്നത്. കുടുംബത്തിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Content Highlights: karamana koodathil case crime branch approaches court to charge murder in jayamadhavan case

Content Highlights: