സെമിത്തേരി നിറയ്ക്കുമെന്ന് വീമ്പിളക്കിയ മാഫിയ ബോസ്, 30 വർഷമായി ഒളിവിൽ; ഒറ്റിയതോ കാൻസർ ബാധിച്ചതോ?

'ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാം. അതെ, മത്തേവോ മെസ്സീന ദിനാറോ.'
പലേർമോയിലെ ക്ലിനിക്കിന് മുന്നിൽവെച്ച് പോലീസുകാരൻ പേര് ചോദിച്ചപ്പോൾ ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ തലവനായ മത്തേവോ മെസ്സീന ദിനാറോ പറഞ്ഞത് ഇത്ര മാത്രമായിരുന്നു. തുടർന്ന് ഒരെതിർപ്പും പ്രകടിപ്പിക്കാതെ മത്തേവോ മെസ്സീന പോലീസുകാർക്കൊപ്പം നീങ്ങി. സമീപത്തായി നിലയുറപ്പിച്ചിരുന്ന സായുധരായ നൂറുകണക്കിന് പോലീസുകാർ ഇതുകണ്ട് അമ്പരന്നു. കഴിഞ്ഞ 30 വർഷമായി എല്ലാ അന്വേഷണ ഏജൻസികളെയും വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന മാഫിയ ബോസ് തന്നെയാണോ പിടിയിലായതെന്ന് ഒരു നിമിഷം അവരും സംശയിച്ചു. വർഷങ്ങളോളം ഇറ്റലിയിലെ മാഫിയകളെ നിയന്ത്രിച്ച, ആഡംബരത്തിന്റെ പരകോടിയിൽ കഴിഞ്ഞിരുന്ന മാഫിയ ബോസ് ഒരു ചെറുത്തുനിൽപ്പിനു പോലും മുതിരാതെയാണ് പോലീസിന് പിടികൊടുത്തത്.
നീണ്ട മുപ്പതു വര്‍ഷമാണ് മത്തേവോ മെസ്സീന ദിനാറോ എന്ന മാഫിയ തലവന്‍ ഇറ്റലിയിലെ അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതെ കഴിഞ്ഞത്. ഒപ്പമുണ്ടായിരുന്നവരും സഹായികളുമെല്ലാം പല ഘട്ടങ്ങളിലായി പോലീസിന്റെ പിടിയിലായിട്ടും മത്തേവോ മെസ്സീനയെ മാത്രം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒളിവിലിരുന്നും ഇറ്റലിയിലെ മാഫിയകളെ നിയന്ത്രിച്ച, മാഫിയ തലവന്മാരുടെ തലവന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന മത്തേവോ മെസ്സീനയ്ക്ക് 60-ാം വയസിലാണ് വിലങ്ങ് വീണത്. നിരവധി കൊലപാതകങ്ങള്‍, മയക്കുമരുന്ന് കടത്ത്, പണം തട്ടിയെടുക്കല്‍... അങ്ങനെ കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയാണ് മത്തേവോയുടെ പേരിലുള്ളത്.
Content Highlights: italian mafia boss matteo messina denaro how caught by police after 30 years