അന്നും ചോറ് കൊടുത്തത് കുഞ്ഞാമിന; സ്‌ക്രൂഡ്രൈവർ കൊണ്ട് 19 കുത്ത്, ദേഹമാകെ ടേപ്പ്; ഇരിക്കൂർ നടുങ്ങി

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട കുഞ്ഞാമിന(ഇടത്ത്) പോലീസ് നേരത്തേ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിലെ പ്രതികളുടെ ചിത്രങ്ങള്‍(വലത്ത്)
കൊല്ലപ്പെട്ട കുഞ്ഞാമിന(ഇടത്ത്) പോലീസ് നേരത്തേ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിലെ പ്രതികളുടെ ചിത്രങ്ങള്‍(വലത്ത്)

കണ്ണൂർ: കുറ്റവാളി എങ്ങനെ മുങ്ങിയാലും എവിടെ ഒളിച്ചാലും ഒരുനാൾ പിടിക്കപ്പെടുമെന്നതിന് മറ്റൊരു തെളിവായി ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കേരള പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരിക്കുന്നത്. മാസങ്ങളും വർഷങ്ങളും നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ പ്രതികളും ഡൽഹി സ്വദേശികളുമായ പർവീൺ ബാനു(55), സക്കീന ഫാത്തിമ(32) എന്നിവരെ അറസ്റ്റ്‌ചെയ്തത്. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്.

കുഞ്ഞാമിന കൊല്ലപ്പെട്ട നിലയിൽ...

2016 ഏപ്രിൽ 30. അന്നാണ് വീടിന് സമീപത്തെ സ്വന്തം ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേഴ്‌സിൽ ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യയായ മെരടൻ കുഞ്ഞാമിനയുടെ മൃതദേഹം കണ്ടെത്തിയത്. കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കാൽമുട്ടുകളും തല്ലിതകർത്തിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പാസ്‌പോർട്ട് ഓഫീസിൽ പോയ മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വൈകീട്ട് ആറ് മണിയോടെ തിരിച്ചെത്തിയ ശേഷം ഉമ്മയെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞാമിനയെ മരിച്ച നിലയിൽ കണ്ടെത്തിയ ക്വാട്ടേഴ്‌സിൽ താമസിച്ചിരുന്നത് രണ്ട് സ്ത്രീകളും ഒരു യുവാവും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായിരുന്നു. സംഭവം നടന്ന ശേഷം ഇവർ നാടുവിടുകയും ചെയ്തു. ഗുജറാത്തിലെ സൂറത്ത് സ്വദേശികളാണ് ഇവരെന്നാണ് ആദ്യം കണ്ടെത്തിയിരുന്നത്. തുണി വില്പനക്കെന്ന് പറഞ്ഞ് സംഭവത്തിന് ഒരു മാസം മുൻപാണ് മൂന്നു പേരും ക്വാട്ടേഴ്‌സിൽ താമസം തുടങ്ങിയത്. എന്നാൽ, ഇവിടെ നൽകിയിരുന്ന പേരും വിലാസവുമെല്ലാം വ്യാജമായിരുന്നു.

അന്നത്തെ മട്ടന്നൂർ സി.ഐ.ഷജു ജോസഫിനായിരുന്നു അന്വേഷണച്ചുമതല. കണ്ണൂർ എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, റെജി സ്‌കറിയ, കെ.ജയരാജ്, ബേബി ജോർജ്, ടി.വി.സുജിത്ത് എന്നിവരും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതുവരെ അന്വേഷണത്തിന് പിന്നിലുണ്ടായിരുന്നു.

നാട്ടുകാരുടെയും കർമസമിതിയുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ആദ്യ നാളുകളിൽ പ്രതികൾക്കായി മികച്ച രീതിയിൽ അന്വേഷണം നടത്തിയിരുന്നു. പിന്നീട് അന്വേഷണം പൂർണമായും നിലയ്ക്കുകയായിരുന്നു. പ്രതികളെത്തേടി എട്ട് സംസ്ഥാനങ്ങളിൽ കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘം എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ക്രൂരമായ കൊലപാതകം...

ഏപ്രിൽ 30-ന് രാവിലെ 10-നും വൈകിട്ട് അഞ്ചിനുമിടയിലാണ് കുഞ്ഞാമിന കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കസേരയിലിരുത്തി മാസ്‌കിങ് ടേപ്പ് കൊണ്ട് ദേഹമാകെ വരിഞ്ഞു ചുറ്റി വായിൽ തുണി തിരുകി സ്‌ക്രൂ ഡ്രൈവർ കൊണ്ട് നെഞ്ചത്തും വയറിലുമായി 19 തവണ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. സിദ്ദിഖ് നഗർ-ഇരിക്കൂർ റോഡിന്റെ വലതുവശത്ത് മകൻ ഹസന്റെ ഇരുനില ക്വാർട്ടേഴ്‌സിന്റെ താഴത്തെ നിലയിലെ ഒന്നിലായിരുന്നു കുഞ്ഞാമിന.

വലിയ തോതിൽ നടത്തിയിരുന്ന തുണി ബിസിനസ് പരാജയപ്പെട്ടുവെന്നും ഭർത്താവ് ഗൾഫിലാണെന്നും പറഞ്ഞ് മൂന്നു മാസം മുമ്പാണ് പ്രതികൾ ഇവിടെ ആദ്യം എത്തിയത്. മനസ്സലിഞ്ഞ് നാട്ടുകാർ ചേർന്ന് 5000 രൂപ പിരിവെടുത്തു കൊടുത്തു. നന്ദി പറഞ്ഞ് ഫോൺ നമ്പറും കൊടുത്ത് ഇവർ ദൂരെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് മടങ്ങി. സഹായിച്ചവരുടെ ഫോണിൽ ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്ന ഇവർ രണ്ടു മാസം കഴിഞ്ഞ് മടങ്ങിവന്നു. ബിസിനസ് പച്ചപിടിച്ചെന്നും പിരിച്ചു നൽകിയ 5000 രൂപ തിരികെ തരാൻ വന്നുവെന്നുമാണ് പറഞ്ഞത്. അത് നാട്ടുകാർക്ക് അദ്ഭുതമായി.

ആരും പണം തിരികെ വാങ്ങിയില്ലെങ്കിലും നാടിന്റെ വിശ്വാസം ഇവർ ആർജിച്ചു. ഇവിടന്ന് ബിസിനസ് തുടരാൻ അഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഹസ്സന്റെ ക്വാർട്ടേഴ്‌സിൽ താമസം ഏർപ്പാടാക്കി. ക്രമേണ കുഞ്ഞാമിനയും പരിസരവാസികളുമായി ഇവർ ആത്മബന്ധം ഉണ്ടാക്കി. അമ്മാവന്റെ നിർദേശപ്രകാരം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമെന്ന് പറഞ്ഞ് കുറെ പേർക്ക് സൗജന്യമായി തുണി കൊടുത്തു. അമ്മാവന് അയച്ചു കൊടുക്കാനെന്ന് പറഞ്ഞ് കുറേപ്പേരിൽനിന്ന് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് വാങ്ങി.

വിദേശത്ത് പോകാനുള്ള രേഖകൾ ശരിയാക്കാൻ കുഞ്ഞാമിനയുടെ മക്കൾ മട്ടന്നൂരിൽ പോയ ദിവസമാണ് കൊല നടത്തിയത്. മക്കൾ പോകുമെന്ന് തലേന്നേ ഇവർ മനസ്സിലാക്കിയിരുന്നു. കൃത്യം ചെയ്ത് മുങ്ങാനുള്ള മുന്നൊരുക്കമായി തങ്ങളുടെ വിലകൂടിയ ഫോൺ ഇരിട്ടിയിൽ ഒരു കടയിൽ വിറ്റു. നേരത്തെയുള്ള ചെറിയ ഫോൺ മാത്രം കൈവശം വെച്ചു. കൊല നടന്ന ദിവസം ഇവർക്ക് കുഞ്ഞാമിനയാണ് ചോറുകൊടുത്തത്. മക്കൾ പോയി ഒറ്റയ്ക്കായ കുഞ്ഞാമിനയെ ബന്ധിച്ച് കസേരയിലിരുത്തി.

ദേഹത്തുണ്ടായിരുന്ന മാലയും മോതിരവും ഊരിയെടുത്ത ശേഷം വീട്ടിൽ സ്വർണവും പണവും ഇരിക്കുന്ന സ്ഥലം പറയാൻ ആവശ്യപ്പെട്ടാണ് സ്‌ക്രൂഡ്രൈവർ കൊണ്ട് പല തവണ കുത്തിയതെന്ന് പോലീസ് കരുതുന്നു. കുഞ്ഞാമിന ധരിച്ചിരുന്ന കമ്മൽ റോൾഡ് ഗോൾഡിന്റെതാണെന്ന് തിരിച്ചറിഞ്ഞ് അത് നിലത്തെറിഞ്ഞ നിലയിലായിരുന്നു. ഒരു വളയും. പക്ഷേ, ഇത് സ്വർണമായിരുന്നു. കൊലയ്ക്കു ശേഷം വീടു പൂട്ടി പത്തരയോടെ ഓട്ടോറിക്ഷയിൽ മട്ടന്നൂരെത്തിയ പ്രതികൾ മറ്റൊരു ഓട്ടോയിൽ തലശ്ശേരിയിലെത്തി. അവിടന്ന് തീവണ്ടിയിൽ മംഗളൂരുവിലേക്ക് പോയെന്നായിരുന്നു കണ്ടെത്തൽ.

മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം

കൊലപാതകത്തിന് ശേഷം സംഘം മംഗളൂരു വഴി മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.മേയ് അഞ്ച് മുതൽ 15 വരെ ഇവിടെ റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്ന സംഘം തുടർന്ന് ഗുജറാത്തിലെ സുറത്തിലുമെത്തി. ബെംഗളൂരു സ്വദേശിയിൽ നിന്ന് തുണികൾ ഇറക്കിത്തരാമെന്ന് പറഞ്ഞ് ഇവിടേക്ക് വിളിച്ച് വരുത്തി 60,000 രൂപയും സംഘം ഇതിനിടെ തട്ടിയിരുന്നു. ഇവിടുന്ന് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം 21 മുതൽ വീണ്ടും റായ് ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. മേയ് 24 വരെ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നതെങ്കിലും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘം ഉപയോഗിച്ചിരുന്ന സിം കാർഡിലെ മേൽവിലാസം കർണാടക ഗുണ്ടൽപേട്ട് സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവർ ഇവിടെ വാടകക്ക് താമസിച്ചപ്പോൾ അയൽവാസിയായ യുവതിക്ക് മാക്‌സി വില്പന നടത്തി സിം കാർഡ് കൈവശപ്പെടുത്തുകയായിരുവെന്ന് വ്യക്തമായി. ഗുജറാത്തിലെ പോർബന്തർ സ്വദേശികളാണെന്നാണ് ഇവർ ഇവിടെ പറഞ്ഞിരുന്നത്.

നൂറോളം കവർച്ചാ കേസുകൾ

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സം സ്ഥാനങ്ങളിൽ നൂറോളം കവർച്ചാ കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കേരള പോലീസ് കണ്ടെത്തി. 2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു. ഇവിടെ ഡോ.ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്നതിനിടെ ഓംഗോൾ പോലീസ് ഇവിടെയെത്തി മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 ദിവസം ജയിലിലും കിടന്നു. പിന്നീട് നാലായിരം രൂപ വീതം കൈപ്പറ്റി ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഗുണ്ടൂർ സ്വദേശികളായ ശ്രീലക്ഷ്മി, നളിനി എന്നീ രണ്ട് യുവതികളാണ് ഇവരെ ജാമ്യത്തിലെടുത്തത്. പണത്തിന് വേണ്ടി മാത്രമാണ് തങ്ങൾ ജാമ്യം നിന്നതെന്നും പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്കറിയില്ലെന്നുമാണ് ഇവർ കേരള പോലീസിനോട് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇതിനുശേഷം ഇവിടുന്ന് മുങ്ങിയ പ്രതികൾക്കെതിരെ ഓംഗോൾ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയും സംഘം വ്യാജ പേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. ഇവിടുന്ന് വെല്ലൂരിലെത്തിയ സംഘം ലോഡ്ജിൽ ഹൈദരാബാദ് മേൽവിലാസമുള്ള വ്യാജ പാൻകാർഡാണ് നൽകിയിരുന്നത്. വിശാഖപട്ടണം ജിജി കോളജിലെ ഒരു അധ്യാപികയുടെ തിരിച്ചറിയൽ കാർഡ് തട്ടിയെടുത്താണ് സംഘം പാൻ കാർഡ് ഉണ്ടാക്കിയത്. ഇവിടെ ഹനുമൺ റാവുവിന്റെ ഉടമസ്ഥതയിലുള്ള രഘു ടവേഴ്‌സിൽ ഇവർ ആറ് മാസത്തോളം താമസിച്ചിരുന്നു. ഇവിടെയും വ്യാപക തട്ടിപ്പുകൾ നടത്തിയ ശേഷം മുങ്ങുകയായിരുന്നു.

കേരളത്തിലെത്തിയത് 2016-ൽ

2016 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഷൊർണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു. പ്രതികളിലൊരാളായ സ്ത്രീ തന്റെ ഭർത്താവ് വിദേശത്താണെന്നും അവിടെ തുണി വ്യവസായമാണെന്നും ചെറിയ വിലയ്ക്ക് കമ്പിളി ഇറക്കിത്തരാമെന്നും പറഞ്ഞ് ഷൊർണൂർ സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപയാണ് തട്ടിയത്. 65 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വില മതിക്കുന്ന തങ്ങളുടെ രണ്ട് വീടുകൾ വില്പന നടത്താനുണ്ടെന്ന് പറഞ്ഞ് മാനന്തവാടി സ്വദേശി അഷ്‌റഫിൽ നിന്ന് 2.25 ലക്ഷം രൂപയും തട്ടി. ചെറിയ വിലയ്ക്ക് തുണി ഇറക്കി തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 65,000 രൂപയും കവർന്നു. ചാവക്കാട് സ്വദേശി ഇല്യാസിൽ നിന്ന് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് 55, 000 രൂപയാണ് തട്ടിയത്. ഇയാളുടെ ബാങ്ക് പാസ് ബുക്കുമായി കടന്ന സംഘം ഇതിൽ കൃത്രിമം നടത്തിയാണ് ഉത്തരാഖണ്ഡിൽ ഹോട്ടലിൽ മുറിയെടുക്കാൻ ഉപയോഗിച്ചത്. ഇതിൽ ഷൊർണുർ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നെങ്കിലും സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല.

മൈസുരുവിൽ നിന്ന് ഇരിക്കൂറിലേക്ക്

ഇരിക്കൂറിലെ കൊലപാതകത്തിന് മുൻപ് മൈസുരുവിലെ ഹോട്ടലിൽ സംഘം താമസിച്ചിരുന്നു. ആര്യ കുമാർ, കോയമ്പത്തൂർ എന്ന വിലാസമാണ് ഇവിടെ നൽകിയിരുന്നത്. ഇരിക്കൂറിലും ഗുണ്ടൽപേട്ടിലും മുസ്ലിം വേഷത്തിലെത്തിയിരുന്ന സംഘം ബെംഗളുരു, മൈസൂർ, വെല്ലൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം ഹൈന്ദവ വേഷധാരികളായാണ് താമസിച്ചിരുന്നത്. മൈസുരുവിൽ നിന്നാണ് ചെങ്കോട്ട, പുനലൂർ, കായംകുളം വഴി സംഘം ഇരിക്കൂറിലെത്തിയത്.

കമ്പനികളിൽ നിന്ന് നേരിട്ട് തുണിയെടുത്ത് കുറഞ്ഞ വിലയ്ക്ക് വീടുകളിൽ നൽകുന്ന തൊഴിലാണെന്നാണ് ഇവർ ഇരിക്കൂറുള്ളവരോട് പറഞ്ഞിരുന്നത്.പരിസരവാസികളുടെ വിശ്വസ്തരാവാനും ഇവർക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് തന്നാൽ കുറഞ്ഞ വിലയ്ക്ക് തുണിത്തരങ്ങൾ കിട്ടുമെന്ന് പറഞ്ഞ് ചിലരുടെ രേഖകളുടെ പകർപ്പ് ഇവർ കൈക്കലാക്കിയിരുന്നു. ഹോട്ടലുകളിലും ക്വാട്ടേഴ്‌സുകളിലും താമസ സൗകര്യം ലഭിക്കാൻ ഇവർ ഇത്തരം രേഖകൾ ഉപയോഗിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

അന്വേഷണം ക്രൈംബ്രാഞ്ചിന്

കുഞ്ഞാമിനയുടെ കൊലപാതകക്കേസിൽ പ്രതികളാരെന്ന് തിരിച്ചറിഞ്ഞതായി ഹൈക്കോടതിയിലടക്കം പോലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.രാജ്യത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും അന്വേഷണം ആരംഭിച്ചിടത്ത് തന്നെ നിശ്ചലമായി.

ബന്ധുക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെയും സജീവ് ജോസഫ് എം.എൽ.എയുടെ ഇടപെടലിന്റെയും അടിസ്ഥാനത്തിൽ 2021-ൽ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച് കുഞ്ഞാമിനയുടെ മക്കളിൽ നിന്നും മൊഴിയെടുക്കുകയും പരിസരവാസികളോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ഒടുവിൽ കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാനിരിക്കെയാണ് രണ്ടുപ്രതികളെ ക്രൈംബ്രാഞ്ച് വലയിലാക്കിയത്. അതേസമയം, കേസിലെ മൂന്നാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Content Highlights: Solved a 10-year-old cold case involving the brutal murder of Kunhamina in Irikkur., Crime Branch arrested two female suspects hiding in Ujjain, Madhya Pradesh., The suspects were part of an inter-state gang involved in over 100 robbery cases., The gang used fake identities and religious disguises to commit fraud across India., Investigation involved meticulous tracking of mobile data and interstate police coordination.