ക്രിമിനല്‍ നിയമത്തിന്റെ പൊളിച്ചെഴുത്ത് ഗുണമോ? ഭാരതീയ ന്യായസംഹിതയിലെ മാറ്റങ്ങള്‍ എന്തെല്ലാം

#അഡ്വ.നിസ ഫാസില്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഇന്ത്യയോട് ബ്രിട്ടീഷുകാര്‍ ചെയ്ത കൊടുംപാതകങ്ങള്‍ മാപ്പുനല്‍കാന്‍ കഴിയാത്തതാണ്. എന്നാല്‍, ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ പറ്റാത്തതുമാണ്. മെക്കാളെ പ്രഭു രൂപകല്പന ചെയ്ത ഇന്ത്യന്‍ ശിക്ഷാനിയമം 1860 (Indian Penal Code, , 1860) സര്‍ ജയിംസ് സ്റ്റീഫന്‍ തയ്യാറാക്കിയ ഇന്ത്യന്‍ തെളിവു നിയമം 1872 (Indian Evidence Act, 1872) ഇവ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മറ്റേതു നിയമങ്ങളെക്കാളും കുറ്റമറ്റതും പഴുതുകളില്ലാത്തതായും നിലനിന്നുവരുന്നു.

അപകോളനീകരണം എന്ന കാരണത്താല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നെടുംതൂണുകളായ ഇന്ത്യന്‍ ശിക്ഷാനിയമം, 1860 (Indian Penal code, 1860), ഇന്ത്യന്‍ തെളിവ് നിയമം, 1872, ക്രിമിനല്‍ നടപടി നിയമം 1973 (Criminal Procedure Code, , 1973) പൂര്‍ണമായും മാറ്റിക്കൊണ്ട് ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 എന്നിങ്ങനെ പുതിയ നിയമ പരിഷ്‌കരണങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിട്ട സാഹചര്യത്തില്‍ ഈ പരിഷ്‌കരണത്തിന്റെ ഗുണദോഷങ്ങള്‍ അവലോകനം ചെയ്യേണ്ടതുണ്ട്. 

ആദ്യമായി തന്നെ വിയോജിപ്പുള്ളത് പേര് മാറ്റത്തോടാണ്. ഇന്ത്യയെ പോലെ ഭാഷയില്‍ വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇത്തരമൊരു പേരുമാറ്റം അഭികാമ്യമല്ല. കൂടാതെ ഭരണഘടനയിലെ 343, 348  അനുഛേദങ്ങള്‍ അനുസരിച്ച് നിയമങ്ങളിലെ വിവരണങ്ങള്‍ ഇംഗ്ലീഷില്‍ ആയിരിക്കണം എന്ന് അനുശാസിക്കുന്നുണ്ട്. ആയതിനാല്‍ പേരുകള്‍ ഇംഗ്ലീഷില്‍ അല്ലെങ്കിലും നിയമം ഇംഗ്ലീഷ് ഭാഷയില്‍ തന്നെയായിരിക്കും.

ഇന്ത്യന്‍ ശിക്ഷാ നിയമം, 1860 (Indian Penal Code 1860) ഇനി ഭാരതീയ ശിക്ഷ സംഹിത, 2023

ഇന്ത്യന്‍ ശിക്ഷാ നിയമം 1860 ഭാരതീയ ശിക്ഷ സംഹിത 2023 ആക്കി മാറ്റപ്പെടുമ്പോള്‍ 511 വകുപ്പുകള്‍ 356 വകുപ്പുകളായി ചുരുക്കപ്പെടുന്നു. 22 വകുപ്പുകളെ പൂര്‍ണമായും ഒഴിവാക്കുന്നു. 8 പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. 175 വകുപ്പുകള്‍ ദേഭഗതി വരുത്തുന്നു. 

പുതുതായി ചേര്‍ക്കപ്പെട്ട പ്രധാന വകുപ്പുകള്‍

1. 109-ാം വകുപ്പ് - സംഘടിത കുറ്റകൃത്യം.
2. 69-ാം വകുപ്പ് - വിവാഹമോ, ജോലിയോ നല്‍കാമെന്ന വ്യാജേന സ്ത്രീയെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.
3. 101 (2)ാം വകുപ്പ് - ആള്‍ക്കൂട്ട കൊലപാതകം.
4. 110-ാം വകുപ്പ് - പൊതുവായ ചെറിയ സംഘടിത കുറ്റകൃത്യങ്ങള്‍.
5. 111-ാം വകുപ്പ് - തീവ്രവാദ പ്രവര്‍ത്തനങ്ങള്‍.
6. 150-ാം വകുപ്പ് - രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്ന പ്രവര്‍ത്തികള്‍.
7. 195-ാം വകുപ്പ് - രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയുള്ള പ്രസ്താവനകള്‍.
8. 302-ാം വകുപ്പ് - പിടിച്ചുപറി.

അപകീര്‍ത്തിക്കുള്ള ശിക്ഷയില്‍ സാമൂഹ്യസേവനം ഉള്‍പ്പെടുത്തിയതും സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹമെന്ന വ്യാജേന ലൈംഗിക ബന്ധം പുലര്‍ത്തുന്നത് കുറ്റകരമാക്കിയതും സംഘടിത കുറ്റകൃത്യം, ആള്‍ക്കൂട്ട കൊലപാതകം, പിടിച്ചുപറി കുറ്റകൃത്യമായി ഉള്‍പ്പെടുത്തിയതുമെല്ലാം സ്വാഗതാര്‍ഹമായ മാറ്റങ്ങളാണ്. കൂടാതെ ആത്മഹത്യാശ്രമം കുറ്റകരമല്ലാത്തത് ആക്കിയതും സ്വീകാര്യമായ മാറ്റം തന്നെയാണ്. എന്നാല്‍, രാജ്യദ്രോഹം കുറ്റകരമാക്കുന്ന 124-എ വകുപ്പ് ഒഴിവാക്കിയെങ്കിലും പുതിയ നിയമത്തിലെ 150, 195 വകുപ്പുകള്‍ ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 377-ാം വകുപ്പ് ഭാഗികമായി നിലനിര്‍ത്തിയതുവഴി സമ്മതമില്ലാത്ത ലൈംഗിക അതിക്രമങ്ങള്‍ ശിക്ഷാര്‍ഹമായിരുന്നു. എന്നാല്‍, പുതിയ നിയമത്തില്‍ 377-ാം വകുപ്പ് പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. അതുമൂലം സ്വവര്‍ഗ്ഗ ലൈംഗിക അതിക്രമങ്ങള്‍ക്ക് കേസെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമോ എന്നതും ആശങ്കയാണ്. 

ക്രിമിനല്‍ നടപടി നിയമം 1973 ഇനി ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023

ക്രിമിനല്‍ നടപടി നിയമം 1973 ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 ആയി മാറുമ്പോള്‍ ഒന്‍പതുവകുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നു. 160 വകുപ്പുകള്‍ ഭേദഗതി വരുത്തുന്നു, 9 പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. മൊത്തം 533 വകുപ്പുകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നീതിനിര്‍വ്വഹണം വേഗത്തില്‍ ആക്കാനുള്ള വകുപ്പുകളും, വിവരസാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തലും സ്വാഗതാര്‍ഹമായ മാറ്റങ്ങളാണ്. 

പോലീസ് 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ആവശ്യമെങ്കില്‍ മറ്റൊരു 90 ദിവസം കൂടി അനുവദിക്കാം. കോടതി 60 ദിവസത്തിനകം ചാര്‍ജ് തയ്യാറാക്കേണ്ടതാണ്. കേസ് വാദം കേട്ട് 30 ദിവസത്തിനകം വിധി പ്രസ്താവിക്കുകയും ഏഴുദിവസത്തിനകം വിധി ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.
എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതും കേസ് ഡയറി തയ്യാറാക്കുന്നതും ചാര്‍ജ് ഷീറ്റ് നല്‍കുന്നതും വിധി പകര്‍പ്പ് നല്‍കുന്നതും ഉള്‍പ്പെടെ എല്ലാ നടപടി ക്രമങ്ങളും ഡിജിറ്റലൈസ് ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. 

സ്ത്രീകള്‍ ഇരകളാകുന്ന ലൈംഗികപീഡന കേസുകളില്‍ അവരുടെ മൊഴി രേഖപ്പെടുത്തുന്നത് നിര്‍ബന്ധമായും വീഡിയോ ചിത്രീകരണം നടത്തേണ്ടതാണ്. കുറ്റകൃത്യം നടന്ന പരിധിയില്‍ അല്ലാത്ത പോലീസ് സ്റ്റേഷനില്‍ സീറോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാമെന്നും തുടര്‍ന്ന് 15 ദിവസത്തിനകം അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് അയച്ചുനല്‍കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും എതിരെ കേസ് എടുക്കാനായുള്ള അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ച് 120 ദിവസത്തിനകം പ്രതികരിച്ചില്ലെങ്കില്‍ അനുമതി നല്‍കണമെന്നും ഭേദഗതിയുണ്ട്. പലായനം ചെയ്ത് പോയ കുറ്റവാളികളുടെ (വിജയ് മല്യ, ദാവൂദ്് ഇബ്രാഹിമിനെപോലുള്ളവര്‍) വിചാരണ അവരുടെ അസാന്നിധ്യത്തില്‍ നടത്തി ശിക്ഷ വിധിക്കാവുന്നതാണ്. സെര്‍ച്ച് നടത്തുന്നതും കണ്ടെടുക്കുന്നതുമായ പ്രക്രിയ മുഴുവന്‍ വീഡിയോ ചിത്രീകരണം നടത്തണം. ഏഴുവര്‍ഷത്തിനുമുകളില്‍ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ ഇരയെ കേട്ടതിനുശേഷം മാത്രമേ കേസ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പോലീസ് കസ്റ്റഡി 90 ദിവസമായി കൂട്ടിയതും പോലീസുകാര്‍ക്ക് വിലങ്ങുവയ്ക്കാന്‍ അധികാരം നല്‍കുന്നതും ആശങ്കാജനകമാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമം 1872 ഇപ്പോള്‍ ഭാരതീയ സാക്ഷ്യ ബില്‍ 2023

ഇന്ത്യന്‍ ശിക്ഷാ നിയമം 1872 ഭാരതീയ സാക്ഷ്യ ബില്‍ 2023 ആയപ്പോള്‍ അഞ്ചുവകുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കി. 23 വകുപ്പുകള്‍ ഭേദഗതി വരുത്തി, പുതിയതായി ഒരുവകുപ്പ് എഴുതി ചേര്‍ത്ത് ആകെ 170 വകുപ്പുകളായി. ഇതിലെ പ്രധാന ഭേദഗതി വിവരസാങ്കേതിക വിദ്യ തെളിവ് ശേഖരണത്തില്‍ ഉപയോഗപ്പെടുത്തി എന്നതാണ്. വിചാരണ നടപടികള്‍ ക്രോസ് വിസ്താരം ഉള്‍പ്പെടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും ക്രിമിനല്‍ നടപടി നിയമത്തിന്റെയും ഇന്ത്യന്‍ തെളിവ് നിയമത്തിന്റെയും ഭൂരിഭാഗം വകുപ്പുകളും ഉള്‍പ്പെടുത്തി തന്നെയാണ് പുതിയ നിയമങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, നീതി നിര്‍വ്വഹണം വേഗത്തിലാക്കുക, ചില പുതിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തുക, വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക എന്നീ മേഖലകളില്‍ മാത്രമാണ് സമൂലമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതിനാല്‍ നിലവിലുള്ള നിയമങ്ങള്‍ പൊളിച്ച് എഴുതേണ്ടതുണ്ടോ? നിലവിലുള്ള നിയമങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതിചേര്‍ത്ത് വേണ്ട മാറ്റങ്ങള്‍ വരുത്താമല്ലോ. ഭരണഘടന അനുസരിച്ച്, കുറ്റം ചെയ്യുമ്പോള്‍ നിലവിലുള്ള നിയമമനുസരിച്ചേ ശിക്ഷ വിധിക്കാന്‍ സാധിക്കൂ. ഇത്തരം സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ രണ്ടു പതിറ്റാണ്ടെങ്കിലും ഇവിടെ നിലനിറുത്തേണ്ടിവരും. പഴയതും പുതിയതുമായ നിയമങ്ങള്‍ ഒരേ കാലയളവില്‍ കൈകാര്യം ചെയ്യുന്നത് വഴി പോലീസ്, അഭിഭാഷകര്‍, ന്യായാധിപന്‍മാര്‍ ഉള്‍പ്പെടെ നിയമസംവിധാനം പ്രതിസന്ധിയിലാകും. കോടതി മുറികള്‍ ആശയകുഴപ്പത്തിന്റെ വേദികളായി മാറും. പുതിയ പേരിലെത്തുന്ന നിയമങ്ങള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആയി മാറുമോ എന്നത് കണ്ടും കേട്ടും അനുഭവിച്ചും മാത്രം അറിയാവുന്നതാണ്.

(കൊല്ലം ബാറിലെ അഭിഭാഷകയാണ് ലേഖിക)
 

Content Highlights: ipc changing to bharatiya nyaya sanhita what are the changes