കൊടകര ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട; നൂറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

പിടിച്ചെടുത്ത കഞ്ചാവ്. ഇന്‍സെറ്റില്‍ അറസ്റ്റിലായവര്‍.
പിടിച്ചെടുത്ത കഞ്ചാവ്. ഇന്‍സെറ്റില്‍ അറസ്റ്റിലായവര്‍.

കൊടകര: ദേശീയപാതയിൽ വാഹനപരിശോധനക്കിടെ ഏകദേശം നൂറു കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ കൊടകര പോലീസ് പിടികൂടി. കൊല്ലം കൊട്ടാരക്കര കരിപ്ര വില്ലേജിൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാരീസ് (27) കൊല്ലം പള്ളിമൺ വില്ലേജ് കൊളപ്പാടം ആഷിക് ഭവനിൽ ആഷിക് (23), മലയ വയൽദേശത്ത് പതാലിൽ വീട്ടിൽ രാഹുൽ(27) എന്നിവരാണ് അറസ്റ്റിലായത്.

ഇന്നോവ കാറിൽ രണ്ട് ട്രാവലർ ബാഗുകളിലാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്. ചില്ലറവിൽപ്പനയിൽ ഒരു കോടി രൂപ വിലവരുന്നതാണിവയെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കൊടകര കൊളത്തൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.

ആന്ധ്രയിലെ ടുണിയിൽനിന്ന് കിലോയ്ക്ക് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു രൂപ മുതൽ മുകളിലേക്കാണ് സംഘം ഈടാക്കുന്നത്. ലോക് ഡൗൺ സാഹചര്യം മുതലെടുത്താണ് ഇങ്ങനെ വില ഈടാക്കുന്നതെന്നും പോലീസ് അറിയിച്ചു.

ചാലക്കുടി ഡിവൈ.എസ്.പി. കെ.എം. ജിജിമോൻ, കൊടകര സി.ഐ. ബേസിൽ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാർ,ക്രൈം സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരിയുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. പ്രതികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കി.

Content Highlights: