വാഴത്തോട്ടങ്ങളിലെ സമരം; രണ്ടായിരത്തോളം തൊഴിലാളികളെ വെടിവെച്ച് കൊന്ന കൊളംബിയ

ലോകം സ്തംഭിച്ചുനിന്നുപോയ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ചരിത്രത്തിലുടനീളം നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവ മനുഷ്യരാശിയില്‍ ആഴത്തിലുള്ള മുറിവുകള്‍ അവശേഷിപ്പിച്ചു. വിദ്വേഷം, അസഹിഷ്ണുത, അധികാരത്തിനായുള്ള പോരാട്ടങ്ങള്‍ എന്നിവയാല്‍ നയിക്കപ്പെടുന്ന കൂട്ടക്കൊലകള്‍ സമൂഹങ്ങളെ തകര്‍ത്തെറിയുകയും ജീവിതങ്ങള്‍ തച്ചുടയ്ക്കുകയും മനുഷ്യന്റെ ആത്മധൈര്യത്തെ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളിലെ യുദ്ധക്കളങ്ങളില്‍ നിന്ന്, വര്‍ഗീയ കലാപത്താല്‍ ചിന്നിച്ചിതറിയ നഗരങ്ങളുടെ തെരുവുകളില്‍ നിന്ന് ഇന്നും ഒരുപക്ഷെ ആ നിലവിളികള്‍ നമുക്ക് കേള്‍ക്കാം. അത്തരത്തിലൊന്നായിരുന്നു 1928 ല്‍ കൊളംബിയയില്‍ നടന്ന ബനാന കൂട്ടക്കൊല.
അവകാശങ്ങള്‍ക്ക് വേണ്ടി, മനുഷ്യ പരിഗണനകള്‍ക്ക് വേണ്ടി സമരം ചെയ്ത പാവപ്പെട്ട രണ്ടായിരത്തോളം തൊഴിലാളികളെ വിധ്വംസക പ്രവര്‍ത്തകര്‍ എന്ന് ആരോപിച്ച് ഭരണകൂടം വെടിവെച്ചുകൊന്നപ്പോള്‍ അത് ചരിത്രത്തിലെ തന്നെ മായാത്ത ഏടുകളിലൊന്നായി മാറി. കൊളംബിയന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന തന്റെ വിഖ്യാത പുസ്തകത്തില്‍ വിവാദ കൂട്ടക്കൊലയെ കുറിച്ച് പറയുന്നുണ്ട്. ഈ ബനാന കൂട്ടക്കൊലയെ കുറിച്ചാണ് ഇന്ന് ക്രൈം ഫ്‌ളാഷ്ബാക്കില്‍.
1928 ഡിസംബര്‍ അഞ്ചാം തീയതി, ആ ദിവസം കൊളംബിയക്ക് മറക്കാത്ത ഒരു ബുധനാഴ്ചയായിരുന്നു. അന്ന് സാന്താ മാര്‍ട്ടയ്ക്കടുത്തുള്ള സിയനഗയിലെ വാഴത്തോട്ടങ്ങളുടെ അന്തരീക്ഷം വെടിയൊച്ചകള്‍കൊണ്ട് സ്തംഭിച്ചുപോയി. അപ്രതീക്ഷിതമായി അവിടെ കൊളംബിയന്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞപ്പോള്‍ യുണൈറ്റഡ് ഫ്രൂട്‌സ് കമ്പനിയുടെ വാഴത്തോട്ടങ്ങൾ രക്തം കൊണ്ട് സമര ചരിത്രമെഴുതി. സംഭവം നടന്ന് നൂറ് വര്‍ഷത്തോട് അടുക്കുമ്പോഴും വെടിവെപ്പില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇന്നും കൃത്യമായ കണക്കില്ല. പക്ഷെ രണ്ടായിരത്തിലധികം ആളുകളെന്നാണ് ഏകദേശ കണക്ക്. ഇത് ലോക തൊഴിലാളി ചരിത്രത്തിലെ തന്നെ മറക്കാത്ത ഏടുകളിലൊന്നായും മാറി.
Content Highlights: The 1928 Banana Massacre in Colombia, a brutal event where thousands of workers were killed