വീട്ടുവാടകയെച്ചൊല്ലി തര്‍ക്കം, മൂന്നുപേര്‍ക്ക് വെട്ടേറ്റു; വാടകക്കാരനും മകനും മരുമകനും അറസ്റ്റില്‍

ഉപ്പുതറ: വാടക ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയെയും, പിതാവിനെയും, തടസ്സംനിന്ന സുഹൃത്തിനെയും വാടകക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൊരികണ്ണി മുകളേല്‍ സബിന്‍ (33), പിതാവ് സണ്ണി (60), സുഹൃത്ത് ആലാനിക്കല്‍ ജിജി (48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സബിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പൊരികണ്ണി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്‍ ജോര്‍ജ് (സണ്ണി ആശാന്‍-60), മകന്‍ സന്‍ജു (35), മകളുടെ ഭര്‍ത്താവ് വാഴവര മൂഴിക്കല്‍ ബന്നി (47) എന്നിവരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച 11.30-ഓടെ കെ.എസ്.ഇ.ബി. ഓഫീസിനു സമീപമാണ് സംഭവം. ഒരു വര്‍ഷമായി കുഞ്ഞുമോനും കുടുംബവും സബിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂന്നുമാസത്തെ വാടക കുടിശ്ശിക വന്നതോടെ വീടു മാറാന്‍ ആവശ്യപ്പെട്ടു.
വീട് ഒഴിഞ്ഞെങ്കിലും വാടകയും, വീടിന്റെ താക്കോലും നല്‍കാന്‍ കുഞ്ഞുമോന്‍ തയ്യാറായില്ല. മധ്യസ്ഥര്‍ മുഖേന ബന്ധപ്പെട്ടിട്ടും തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയും ഇതു സംബന്ധിച്ച് ടൗണിനു സമീപത്തു വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് വീട്ടില്‍ പോയി മകന്‍ സന്‍ജുവിനെയും, മകളുടെ ഭര്‍ത്താവ് ബന്നിയെയും കൂട്ടി ബന്നിയുടെ ഓട്ടോ റിക്ഷയില്‍ കെ.എസ്.ഇ.ബി. ഓഫീസിനു സമീപം മലഞ്ചരക്ക് വ്യാപാരം നടത്തുന്ന സബിന്റെ സുഹൃത്ത് ജിജിയുടെ കടയിലെത്തി.
ഈ സമയം സബിനും പിതാവും കടയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ കുഞ്ഞുമോന്‍ കൈയ്യില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് സബിനെയും,പിതാവിനെയും വെട്ടി.
തടസ്സം പിടിക്കുന്നതിനിടെ സബിന്റെ സുഹൃത്ത് ജിജിക്കും വെട്ടേറ്റു. സംഘര്‍ഷത്തിനിടെ പ്രതി കുഞ്ഞുമോന്റെ തലയിലും നിസാര പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട് ആശുപത്രിയിലേക്ക് പോയ പ്രതികളെ കട്ടപ്പന സഹകരണ ആശുപത്രിക്കു സമീപത്തുനിന്നു പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ സബിന് വയറിലും, ജിജിയുടെ കൈയ്ക്കും സാരമായ പരിക്കുണ്ട്. ഇവരെ ഉപ്പുതറ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവേശിപ്പിച്ചു. സബിന്റെ പിതാവിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പ്രതി കുഞ്ഞുമോന്‍ ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഉപ്പുതറ സി.ഐ. ഇ.ബാബു, എസ്.ഐ. ജോസ് തോമസ്, സി.പി.ഒ.മാരായ രാജേഷ് കുറുപ്പ്, അജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Content Highlights: