ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് അബ്കാരി കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് അബ്കാരി കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി എക്സൈസ് വകുപ്പ്. ഒരു മാസം കൊണ്ട് ഒന്നരലക്ഷം ലിറ്ററിനടുത്ത് കോടയും 1550 ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. ഇത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പിടിച്ചെടുത്ത കോടയുടെ അളവിനടുത്താണ്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടഞ്ഞ് കിടക്കുന്നത് മുതലെടുത്താണ് വാറ്റ് ചാരായ വില്പനയും കഞ്ചാവ് വില്പനയും കൂടിയത്. ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 മുതല്‍ ഇതുവരെ 1655 അബ്കാരി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. 1550 ലിറ്റര്‍ വാറ്റ് ചാരായവും 1,45,400 ലിറ്റര്‍ കോഡയുമാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്. കൂടാതെ 8800 ലിറ്റര്‍ കള്ളും, 115 കേസുകളിലായി 28 കിലോ കഞ്ചാവും പിടികൂടി.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷം പിടിച്ചെടുത്തത് 1,87,135 ലിറ്റര്‍ കോഡയും 4552 ലിറ്റര്‍ ചാരായവുമായിരുന്നു.
ഏറ്റവുമധികം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കൊല്ലത്താണ്. 210 കേസുകളാണ് കൊല്ലത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ കോട പിടിച്ചെടുത്തത് കോഴിക്കോട് നിന്നാണ്. 25000 ലിറ്റര്‍. അതേസമയം ഇടുക്കിയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 63 എണ്ണം. ഏറ്റവും കുറവ് കോട കണ്ടെത്തിയത് കോട്ടയത്താണ്. 3598 ലിറ്റര്‍.
അതേസമയം വീടുകള്‍ കേന്ദ്രീകരിച്ചടക്കം വാറ്റ് നടക്കുന്നുണ്ടെന്ന സൂചനയുള്ളതിനാല്‍ ഇതിലും പത്തിരട്ടി അധികം കേസുകളുണ്ടാകുമെന്നാണ് എക്സൈസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സ്ക്വാഡുകളുടെ പരിശോധന ശക്തിപ്പെടുത്താനാണ് എക്സൈസ് തീരുമാനം.
Content Highlights: abkari cases increased in state during lock down
Content Highlights: