ആരാധന പ്രണയമായി, നിരസിച്ചപ്പോൾ ജീവനെടുത്തു; ടിക്‌ടോക് താരത്തിനെ കൊലപ്പെടുത്തിയത് 22 കാരൻ

ഇസ്‌ലാമാബാദ്: പത്ത് ലക്ഷത്തിലധികം ആരാധകരുള്ള പാക്‌സിതാനി ടിക്‌ടോക് താരം സന യൂസഫിനെ കൊലപ്പെടുത്തിയത് പ്രണയം നിരസിക്കപ്പെട്ടതിൽ ക്രുദ്ധനായ ആരാധകനെന്ന് തെളിഞ്ഞു. പതിനേഴുകാരിയായ ടിക്‌ടോക് താരത്തെ ഓൺലൈനിലൂടെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ച ഉമർ ഹയാത്ത് എന്ന ആരാധകനാണ് പിടിയിലായത്. ഇയാളെ സന നിരന്തരം അവഗണിക്കുകയായിരുന്നുവെന്നും ഇതിൽ കുപിതനായാണ് ഇയാൾ കൊല നടത്തിയതെന്നും പാകിസ്താൻ പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ഇസ്‌ലാമാബാദിലെ വീട്ടിൽവെച്ച് അമ്മയുടെയും അമ്മായിയുടെയും മുന്നിലാണ് സനയ്ക്ക് വെടിയേൽക്കുന്നത്. ഇരുപത്തിരണ്ടുകാരനായ ഫൈസലാബാദ് സ്വദേശി ഉമർ ഹയാത്ത് മണിക്കൂറുകളോളം വീടിനു പരിസരത്ത് ചുറ്റിക്കറങ്ങിയ ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് വീട്ടിൽ കയറി വെടിയുതിർക്കുന്നത്. വെടിവെച്ചതിന് ശേഷം സനയുടെ മൊബൈൽ ഫോൺ ഇയാൾ കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അക്രമി മകളെ തൊട്ടടുത്തുനിന്ന് വെടിവെച്ചെന്നാണ് സനയുടെ അമ്മ പോലീസിനോട് പറഞ്ഞത്. നെഞ്ചിൽ രണ്ട് വെടിയുണ്ടയേറ്റ സനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി കുറ്റം സമ്മതിച്ചതായും ആയുധം കണ്ടെടുത്തതായും പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി 'എക്സി'ൽ സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിൽ ദുരഭിമാന കൊലയാണെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.
സന യൂസഫ് ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ ചിത്രാൽ സ്വദേശിയാണ്. ചിത്രാലി പാരമ്പര്യവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളിലൂടെയാണ് സന യൂസഫ് പ്രശസ്തയായത്.
Content Highlights: TikToker Sana Yousaf Murder Case:How Umar Hayat's deadly obsession lead to murder, Declining love