പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; SHO-യുടെ തല അടിച്ചുപൊട്ടിച്ചു, ജീപ്പിന്റെ ഗ്ലാസുതകർത്ത് യൂട്യൂബർ

ആര്യനാട്: ആര്യനാട് എസ്.എച്ച്.ഒ.യെ ഇരുമ്പുകസേരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ അറസ്റ്റിൽ. ഉഴമലയ്ക്കൽ സ്വദേശി യദുകൃഷ്ണനാണ് (23) പിടിയിലായത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ എസ്.എച്ച്.ഒ. ദേവരാജൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അദ്ദേഹത്തിന് തലയിൽ ആറ് തുന്നലിടേണ്ടിവന്നു. യദുവെന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നയാളാണ് യദുകൃഷ്ണൻ. പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ഇയാൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ യദുകൃഷ്ണൻ സ്റ്റേഷന്റെ മുന്നിൽ കിടന്ന പോലീസ് ജീപ്പിന്റെ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ചു. ഇതു ചോദ്യംചെയ്ത പോലീസുകാരെ അസഭ്യം പറഞ്ഞ ഇയാൾ സ്റ്റേഷനകത്തേക്കു കയറി കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി മേശയിൽ അടിച്ചുപൊട്ടിച്ചു. തുടർന്ന് സമീപത്തെ ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഓടിക്കയറി.
സമീപത്തെ ക്വാർട്ടേഴ്സിലുണ്ടായിരുന്ന എസ്.എച്ച്.ഒ. ദേവരാജൻ, പോലീസുകാർ വിവരമറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തി. ശാന്തനായി നിന്ന യദുവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ആശുപത്രിയിലെ ഇരുമ്പുകസേര ഉപയോഗിച്ച് എസ്.എച്ച്.ഒ.യുടെ തലയ്ക്കടിക്കുകയായിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാരും പകച്ചുപോയി. തുടർന്ന് പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നരമാസം മുമ്പ് ആര്യനാട് ആശുപത്രിയിൽ മദ്യപസംഘം ഡോക്ടറെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
Content Highlights: YouTuber Yadukrishnan arrested for assaulting SHO Devarajan at Aryanad. The suspect attacked the officer with an iron chair at a local health center. Police jeep vandalized and station premises violated. Accused had previously threatened the police station on social media. Suspect remanded by Nedumangad court.