'രാഷ്ട്രീയക്കേസുകള്‍ മുക്കാന്‍'; കസ്റ്റഡിയില്‍ എടുക്കുമ്പോഴും ലൈവ്, തൊപ്പി പിടിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിന് തെറിപ്പാട്ടുപാടുകയും അശ്ലീലം പറയുകയും ചെയ്ത കേസില്‍ യൂട്യൂബര്‍ തൊപ്പി പോലീസ് കസ്റ്റഡിയില്‍. എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് മുഹമ്മദ് നിഹാലി (26)നെ വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സുഹൃത്തിന്റെ വീട്ടിലെ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് നിഹാലിനെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി ലൈവിട്ടിരുന്നു.
പോലീസുകാരെത്തി മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍നിന്ന് ലോക്കായിപ്പോയിരുന്നു. തുടര്‍ന്ന് താക്കോല്‍ വാതിലിന്റെ താഴ് ഭാഗത്തുകൂടി നിഹാല്‍ പോലീസുകാര്‍ക്ക് കൈമാറി. അവര്‍ക്കും താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വാതില്‍ ചവിട്ടിത്തുറന്നത്. പോലീസുകാര്‍ ചവിട്ടിപ്പൊളിച്ച ഭാഗത്തുകൂടി നിഹാല്‍ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നതടക്കമുള്ള ദൃശ്യം ലൈവിലുണ്ട്.
ഇവിടെക്കുറേ രാഷ്ട്രീയക്കേസുകള്‍ കിടക്കുന്നുണ്ടെന്നും അവ ഒളിപ്പിക്കാനും മുക്കാനുമാണ് തനിക്കെതിരായ കേസ് വലുതായി കാണിക്കുന്നതെന്നും നിഹാല്‍ ലൈവില്‍ ആരോപിച്ചു. ഇത്ര വലിയ പ്രശ്‌നമൊന്നും ആക്കേണ്ട കാര്യമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോള്‍ അടുത്തദിവസം സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചതാണ്. വെറുതേ വാര്‍ത്തയാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്ന് അറസ്റ്റ് ചെയ്യുന്നതെന്നും നിഹാല്‍ കുറ്റപ്പെടുത്തി.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി കോടതിയില്‍ ഹാജരാക്കും. ഹാര്‍ഡ് ഡിസ്‌ക്, കംപ്യൂട്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞദിവസം മുഹമ്മദ് നിഹാലിനും അയാളെ ഉദ്ഘാടനത്തിനു ക്ഷണിച്ച കടയുടമ സൈനുല്‍ ആബിദിന്റെ പേരിലും വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നു. നഗരത്തില്‍ ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ തുടങ്ങിയ 'പെപ്പെ' എന്ന കടയുടെ ഉദ്ഘാടകനായാണ് 'തൊപ്പി' എത്തിയത്.
ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും സ്ഥലത്ത് കൂടിയിരുന്നവര്‍ക്കിടയില്‍ അശ്ലീലം പറയുകയും തെറിപ്പാട്ട് പാടുകയും ചെയ്തതിനാണ് കേസ്. ജീവകാരുണ്യപ്രവര്‍ത്തകനായ വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാലയിലെ സൈഫുദ്ദീന്‍ പാടത്താണ് പരാതി നല്‍കിയത്. 17-ന് രാവിലെ പതിനൊന്നിനായിരുന്നു ഉദ്ഘാടനം. സമയത്തിനുമുന്‍പുതന്നെ ദേശീയപാതയോരം കൗമാരക്കാരെക്കൊണ്ട് നിറഞ്ഞു. റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതായി നാട്ടുകാരും യാത്രക്കാരും അന്നുതന്നെ പരാതി പറഞ്ഞിരുന്നു. ഇതേസംഭവത്തില്‍ എ.ഐ.വൈ.എഫ്. ജില്ലാ എക്സിക്യുട്ടീവ് അംഗം മുര്‍ഷിദുല്‍ ഹഖും വളാഞ്ചേരി സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു.
Content Highlights: youtuber thoppi arrested malappuram valanchery pepe shop inauguration controversy