അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും; മോട്ടോർ വാഹനവകുപ്പിന് റിപ്പോർട്ട് കൈമാറാൻ പോലീസ്

#സ്വന്തം ലേഖകൻ
അശ്വന്ത് കോക് | Photo: Youtube video screen grab
അശ്വന്ത് കോക് | Photo: Youtube video screen grab

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്ന് നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ ജംഷീദ് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. കേസിൽ തുടർനടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അശ്വന്ത് കോക്കിന്റെ ഥാർ എസ്.യു.വിയിൽനിന്ന് എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് നടക്കാവ് പോലീസ് ഇവ കണ്ടെത്തിയത്. മദ്യക്കുപ്പികളും വാഹനത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ സിനിമാ വ്ലോഗറായ അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. ഇയാൾ ഓടിച്ച ഥാർ എസ്.യു.വി എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽവെച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കിലും കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിലുമാണ് ഇടിച്ചത്.

സംഭവത്തിൽ വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളും ചേർന്ന് കോക്കിനെ തടഞ്ഞുവെച്ചു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ‌പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ, പോലീസിനോടും ഇയാൾ തട്ടിക്കയറി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ വാഹന ഉടമകളുടെ പരാതികളിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർചെയ്തു. തുടർന്ന് അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Content Highlights: Youtuber and film reviewer Aswanth Kok was arrested by Nadakkav police for drunk driving in Kozhikode., His Thar SUV collided with multiple vehicles and a KSEB transformer, creating panic., Airgun, pellets, and liquor bottles were recovered from his vehicle., Police are proceeding with steps to suspend his driving license., He was released on station bail after arrest.