തലവേദനയായി മാനവീയം വീഥിയിലെ സംഘര്‍ഷങ്ങള്‍; പോലീസിനെ വീണ്ടും ആക്രമിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍

മാനവീയം വീഥി (ഇൻസെറ്റിൽ അറസ്റ്റിലായ ഡാനി, എബിൻ, സുരാജ്)
മാനവീയം വീഥി (ഇൻസെറ്റിൽ അറസ്റ്റിലായ ഡാനി, എബിൻ, സുരാജ്)

തിരുവനന്തപുരം : മാനവീയം വീഥിയിലെ ആഘോഷദിവസങ്ങളിലെ സംഘർഷങ്ങൾ പോലീസിനു തലവേദനയാകുന്നു. ഞായറാഴ്ച രാത്രി യുവാക്കൾ വാഹനം തടയുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തു. ക്രിസ്‍മസ് തലേന്ന് രാത്രി 11-ഓടെയായിരുന്നു സംഭവം. രണ്ടാംതവണയാണ് മാനവീയത്തിൽ പോലീസിനു നേരേ ആക്രമണമുണ്ടാകുന്നത്.

അക്രമത്തിൽ മ്യൂസിയം സ്റ്റേഷനിലെ എ.എസ്.ഐ. ബിജു, എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ജിഷാദ് എന്നിവർക്ക് പരിക്കേറ്റു. ഇവർ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. പാങ്ങോട് താമസിക്കുന്ന പുനലൂർ സ്വദേശി ഡാനി(33), പാങ്ങോട് ചിത്രനഗറിൽ എബിൻ(23), പാങ്ങോട് കുന്നുവിളവീട്ടിൽ സുരാജ് (23) എന്നിവരെ സംഭവത്തിൽ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു. ഏറെ നേരത്തെ കയ്യാങ്കളിക്കും സംഘർഷത്തിനും ഒടുവിലാണു പ്രതികളെ പിടികൂടാനായത്. കണ്ടാലറിയാവുന്ന ഒമ്പതുപേർക്കെതിരേകൂടി കേസെടുത്തിട്ടുണ്ട്.

രാത്രി 11-ഓടെ മൈക്ക് ഓഫ് ചെയ്യാനും ആഘോഷങ്ങൾ അവസാനിപ്പിക്കാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്നവർ പിരിഞ്ഞുപോകാൻ തുടങ്ങി. അപ്പോഴാണ് ഡാനി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞത്. ഡാനിയെ പിടിച്ചുമാറ്റാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ കൂട്ടംചേർന്ന് പോലീസിനെ മർദിക്കുകയായിരുന്നു.

തുടർന്ന് കൺട്രോൾ റൂമിൽനിന്ന് ഡിവൈ.എസ്.പി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അക്രമികൾ തർക്കം തുടർന്നു. ഇവരെ പിടികൂടി പോലീസ് ജിപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോഴും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഓടിരക്ഷപ്പെട്ട ഒരാളെ ജല അതോറിറ്റി വളപ്പിൽനിന്നാണ് പിടികൂടിയത്. അക്രമികളിൽ പലരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ഏറെനേരം പണിപ്പെട്ടാണ് പോലീസ് വാഹനങ്ങൾ കടത്തിവിട്ടത്. കഴിഞ്ഞ നവംബറിലും മാനവീയം വീഥിയിൽ സ്ത്രീക്കും പോലീസിനും നേരേ ആക്രണമുണ്ടായിരുന്നു. കേരളീയത്തിന്റെ സമാപനദിവസമായിരുന്നു സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് പോലീസ് ഓടിച്ചുവിട്ടവർ തിരിച്ചെത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു. ചലച്ചിത്രമേളയുടെ ആഘോഷങ്ങൾക്കിടയിലും മാനവീയത്തിലെത്തിയവർ തമ്മിൽ സമീപത്തു സംഘർഷമുണ്ടായിരുന്നു.

Content Highlights: youth blocked the vehicle and attacked the police at manaveeyam veedhi