കുടിവെള്ളം ചോദിച്ചെത്തി വയോധികയുടെ മാലപൊട്ടിച്ച്‌ കടന്ന യുവാവ്‌ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
ഷിബിൻ
ഷിബിൻ

തളിപ്പറമ്പ്: പൂമംഗലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി ഒരുപവന്റെ മാല കവർന്ന കേസിലെ പ്രതി പിടിയിയിൽ. വയനാട് മീനങ്ങാടിയിൽ താമസിക്കുന്ന നീലഗിരി വള്ളാമലയിൽ ഒവാലി സുഭാഷ് നഗറിൽ ഷിബിൻ (21) ആണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. ജൂലായ് 14-ന് രാത്രി പൂമംഗലം പറവളം കോളിയാടൻ വീട്ടിൽ കല്യാണിയുടെ (80) വീട്ടിലാണ് സംഭവം. രാത്രി എട്ടുമണിയോടെ വീട്ടിൽ കുട്ടിവെള്ളം ചോദിച്ചെത്തിയ ഷിബിൻ വെള്ളം കുടിച്ച് വിശ്രമിച്ചശേഷം കല്യാണിയുടെ മാല ബലംപ്രയോഗിച്ച് പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ തൃച്ചംബരം ഉത്സവത്തിന് കുലുക്കിസർബത്ത് കച്ചവടത്തിന് എത്തിയതായിരുന്നു ഷിബിനും സംഘവും. ഇയാൾ അന്ന് വാടകയ്ക്ക് താമസിച്ചത് പൂമംഗലത്തെ ഒരു വാടകവീട്ടിലായിരുന്നു. ആ സമയത്താണ് ഒറ്റയ്ക്ക് താമസിക്കുന്ന കല്യാണിയെ കാണുന്നത്.

ദിവസങ്ങൾ കഴിഞ്ഞ് മാല കവരാനായി ഇയാൾ തിരിച്ചുവരുകയായിരുന്നു. കൂട്ടുകാരനെ ബൈക്കിൽ റോഡിൽ നിർത്തി വയോധികയുടെ വീട്ടിലെത്തുകയും മാല പൊട്ടിച്ച് അതേ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. ഹെൽമറ്റും മാസ്കും ധരിച്ചാണ് ഷിബിൽ വയോധികയുടെ വീട്ടിൽ എത്തിയത്. വെള്ളം കുടിച്ചശേഷം വയറുവേദന അഭിനയിച്ചു. ഈ സമയത്ത് സഹായിക്കാനെത്തിയ കല്യാണിയുടെ മാല പൊട്ടിക്കുകയായിരുന്നു.

സി.സി.ടി.വി. അടക്കമുള്ളവ പരാശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. രണ്ടരമാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിക്ക് ഒപ്പമുള്ളയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. എസ്.ഐ. സി.ജി. സാംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.