യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് വിഷംകഴിച്ച് അവശനിലയിൽ

Image: Freepik
Image: Freepik

പാലക്കാട്: എലപ്പുള്ളി കൊട്ടിൽപ്പാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയലംപാറ വീട്ടിൽ സൈമണെയാണ് (35) വിഷം അകത്തുചെന്ന നിലയിൽ കൊട്ടിൽപ്പാറ ഭാഗത്ത് കണ്ടെത്തിയത്.  യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 8.30 നാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന്  പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.45-ഓടെ കസബ പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  

ബുധനാഴ്ച രാവിലെ 10.50 -ഓടെ എലപ്പുള്ളി കൊട്ടിൽപ്പാറയിൽ പുല്ലരിയുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Content Highlights: young man who tried to sexually assault young woman consumed poison