വസ്തുത്തര്‍ക്കം: ബന്ധുവായ വയോധികനെ തലയ്ക്കടിച്ചുകൊന്നു, യുവ അഭിഭാഷകന് ജീവപര്യന്തം തടവ്

ആലപ്പുഴ: വസ്തുത്തര്‍ക്കത്തിന്റെ പേരില്‍ ബന്ധുവിനെ ഇരുമ്പുപൈപ്പു കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതിയായ യുവ അഭിഭാഷകന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. മണ്ണഞ്ചേരി ഒന്നാം വാര്‍ഡില്‍ വരാകാടിവെളി കോളനിയില്‍ കെ. മഹേഷി(40)നെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് രണ്ടാം കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. ബന്ധുവായ വരകാടിവെളി കോളനിയില്‍ സുദര്‍ശന(65)നെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2020 സെപ്റ്റംബര്‍ 29-ന് രാവിലെയാണു സംഭവം.
സുദര്‍ശനന്റെ മകന്‍ സുമേഷ് കോളനിയിലെ എഎസ് കാനല്‍ പുറമ്പോക്കിലാണു താമസിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വീടു നശിച്ചപ്പോള്‍ സുമേഷും കുടുംബവും സുദര്‍ശനന്റെ വീട്ടില്‍ താമസം തുടങ്ങി. സംഭവദിവസം രാവിലെ സുമേഷിന്റെ കൈവശമുളള ഭൂമിയില്‍, മഹേഷ് ഷെഡ്ഡ് കെട്ടുന്നതായറിഞ്ഞു. തുടര്‍ന്ന് സുദര്‍ശനനും മകന്‍ സുമേഷും മകള്‍ സുസ്മിതയും മരുമകള്‍ സുവര്‍ണ്ണയും എത്തി. തര്‍ക്കത്തെ തുടര്‍ന്ന് മഹേഷ് ഇരുമ്പുവടി കൊണ്ടാക്രമിച്ചു. തലയ്ക്കു പരിക്കേറ്റ സുദര്‍ശനന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
സുമേഷ്, സുവര്‍ണ്ണ, സുസ്മിത എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സുമേഷിന്റെ ഇടതുകൈയുടെ അസ്ഥി ഒടിഞ്ഞുതൂങ്ങി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുമേഷിന്റെ 14 വയസ്സുളള മകള്‍ ഓടി രക്ഷപ്പെട്ടു.
2023-ല്‍ കൊല്ലപ്പെട്ട ബിജു എന്നയാളാണ് കൊല നടത്തിയതെന്ന മഹേഷിന്റെ വാദം കോടതി തള്ളി. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവും ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ സംഖ്യ കൊല്ലപ്പെട്ട സുദര്‍ശനന്റെ ആശ്രിതര്‍ക്കു കൊടുക്കണം. സുദര്‍ശനന്റെ രണ്ടു മക്കളെ ആക്രമിച്ചതിന് മൂന്നും രണ്ടും വര്‍ഷം വീതം തടവിനുകൂടി ശിക്ഷിച്ചിട്ടുണ്ട്. ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ശിക്ഷ ജീവപര്യന്തമാകും.
കേസിന്റെ വിചാരണാവേളയിലാണ് മഹേഷ് നിയമബിരുദം നേടിയത്. കോഴിക്കോട്ട് നിയമപഠനം നടത്തുമ്പോള്‍ മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയായിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ. ശ്രീമോന്‍ ഹാജരായി. മണ്ണഞ്ചേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെയും പ്രതിഭാഗം രണ്ടു സാക്ഷികളെയും വിസ്തരിച്ചു.
Content Highlights: young lawyer sentenced to life term for murder of relative