റസീനയുടെ മരണത്തിന് കാരണം ആൺസുഹൃത്തെന്ന് മാതാവ്; ആത്മഹത്യാകുറിപ്പ് പ്രകാരമാണ് അറസ്റ്റെന്ന് പോലീസ്

റസീന, പ്രതികളായ ഫൈസല്‍, മുബഷിര്‍, റഫ്‌നാസ്‌
റസീന, പ്രതികളായ ഫൈസല്‍, മുബഷിര്‍, റഫ്‌നാസ്‌

കണ്ണൂര്‍: പിണറായിയില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ കുടുംബം. യുവതി ജീവനൊടുക്കിയതിന്റെ കാരണം ആണ്‍സുഹൃത്താണെന്ന് മാതാവ് ആരോപിച്ചു. മരിച്ച റസീനയുടെ പണവും സ്വര്‍ണവും സുഹൃത്ത് തട്ടിയെടുത്തെന്നും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ നിരപരാധികളാണെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും റസീനയുടെ മാതാവ് പറഞ്ഞു.

ആണ്‍സുഹൃത്തുമായി റസീനയ്ക്ക് മൂന്നുവര്‍ഷത്തോളമായി ബന്ധമുണ്ട് ഉമ്മ പറയുന്നു. ഇപ്പോഴാണ് ഇതെല്ലാം അറിയുന്നത്. റസീനയുടെ സ്വര്‍ണവും പണവുമെല്ലാം ഇതിനിടെ ആണ്‍സുഹൃത്ത് തട്ടിയെടുത്തു. കുറച്ചുനാളായി കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധമുണ്ടെന്നത് അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടുദിവസമായാണ് ബന്ധത്തിന്‍റെ കാര്യം അറിയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേരും ഒന്നിനും പോവാത്ത പിള്ളേരാണ്. സ്വന്തം പെങ്ങള്‍ എന്ന നിലയ്ക്ക് നാണക്കേട് വിചാരിച്ചാണ് ഇവര്‍ ഇടപെട്ടത്. റസിയയെ അയാളുടെ കൂടെ കണ്ടതിലെ നാണക്കേട് കാരണം ചോദ്യംചെയ്യുക മാത്രമാണ് ചെയ്തത്. തങ്ങള്‍ക്ക് നീതി കിട്ടണമെന്നും റസിയയുടെ മാതാവ് പറഞ്ഞു. 

അതേസമയം, യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. മൃതദേഹത്തില്‍നിന്ന് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും അതില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളുള്ളതായും പോലീസ് വ്യക്തമാക്കി. അതുപ്രകാരമാണ് അറസ്റ്റുചെയ്യുകയും പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തത്.

സംഭവം വിശദീകരിച്ചുകൊണ്ടുള്ളതാണ് ആത്മഹത്യാക്കുറിപ്പ്. യുവതിയും റയീസ് എന്ന സുഹൃത്തും സൗഹൃദസംഭാഷണം നടത്തുന്നതിനിടെ കുറച്ചുപേര്‍ വന്ന് മോശമായ രീതിയില്‍ അതിനെ ചിത്രീകരിച്ചെന്നാണ് കുറിപ്പിലുള്ളത്. അവര്‍ ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കണമെങ്കില്‍ സ്ത്രീയുടെ സുഹൃത്തായ റയീസിനെ കണ്ടെത്തി കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

കുടുംബം പറഞ്ഞ കാര്യങ്ങള്‍ക്കൂടി കേസില്‍ അന്വേഷിക്കും. ആത്മഹത്യാക്കുറിപ്പില്‍ സാമ്പത്തികമായും മാനസികമായും യുവാവ് ചൂഷണം ചെയ്‌തെന്ന കുടുംബത്തിന്റെ പരാതിയെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമില്ലെന്നും പോലീസ് അറിയിക്കുന്നു. അതേസമയം, അത്തരത്തില്‍ ആത്മഹത്യാക്കുറിപ്പ് തങ്ങള്‍ കണ്ടിരുന്നില്ലെന്നാണ് റസിയയുടെ കുടുംബം വ്യക്തമാക്കുന്നത്. 

ആള്‍ക്കൂട്ടവിചാരണയ്ക്കു പിന്നാലെ കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റുചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് മൂന്ന് ബൈക്കിലെത്തിയ സംഘം ചോദ്യം ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. തൊട്ടടുത്ത ദിവസം തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലാണ് യുവതി മരിച്ചത്. 

യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ എന്‍. അജീഷ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല. യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Content Highlights: woman suicide in pinarayi mob intimidation