റെയിൽവേ പോലീസുകാരിയും മക്കളും ട്രാക്കിൽ മരിച്ചനിലയിൽ, സുഹൃത്തായ RPF അംഗം മറ്റൊരിടത്തും ജീവനൊടുക്കി

ചെന്നൈ: ഭര്‍ത്താവുമായി തര്‍ക്കിച്ച് ഒറ്റയ്ക്കുകഴിയുന്ന റെയില്‍വേ കോണ്‍സ്റ്റബിളിനെയും രണ്ടുമക്കളെയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധുര റെയില്‍വേ സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജയലക്ഷ്മി(35)യെയും രണ്ടുമക്കളെയും മധുരയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജയലക്ഷ്മിയുടെ സുഹൃത്തും ആര്‍.പി.എഫ്. സേനാംഗവുമായ പാണ്ഡ്യനെ(47) മറ്റൊരിടത്ത് മരിച്ചനിലയിലും കണ്ടെത്തി. ജയലക്ഷ്മിയും പാണ്ഡ്യനും മധുരയില്‍ ജോലിചെയ്യവേ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരുടെയും ഒരുമിച്ചുള്ള യാത്രയും ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഉന്നതോദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെല്‍വേലിയിലേക്കും രണ്ടുദിവസംമുമ്പ് സ്ഥലംമാറ്റി. ഇതില്‍ മനംനൊന്താണ് രണ്ടുപേരും രണ്ടുസ്ഥലങ്ങളിലായി ജീവനൊടുക്കിയതെന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം.
ജയലക്ഷ്മിയും മക്കളും മധുരയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇന്റര്‍സിറ്റി തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് മധുര റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
പാണ്ഡ്യനെ വിരുദുനഗര്‍ സാന്തൂരിലെ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുച്ചെന്തൂരില്‍നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസിന് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. പാണ്ഡ്യനു ഭാര്യയും രണ്ടുമക്കളുമുണ്ടെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: woman railway police officer and children found dead on railway track her rpf friend commits suicide