ജോലിയില്ലാ യുവാക്കളെ ലക്ഷ്യംവെച്ച് യുവതിയുടെ തട്ടിപ്പ്, ആസ്വദിച്ച് 'വിഐപി ലൈഫ്'; ഒടുവിൽ അറസ്റ്റ്

പ്രതീകാത്മക ചിത്രം | PTI
പ്രതീകാത്മക ചിത്രം | PTI

ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഡൽഹി പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ്മ എന്ന യുവതി തട്ടിപ്പ് നടത്തിയിരുന്നത്.

സർക്കാർ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് തൊഴിലില്ലാത്ത യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ യുവതി തട്ടിയെടുത്തതായി ചുരു എസ്.പി. ജയ് യാദവ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയ സബ് ഇൻസ്പെക്ടറാണ് താൻ എന്ന് അവകാശപ്പെട്ട യുവതി, യുവാക്കളെ ഉപയോഗിച്ച് വി.ഐ.പി. ജീവിതവും നയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്ഗഡിൽ നിന്നുള്ള യുവതിയാണ് ഇത്തരത്തിൽ യുവാക്കളെ പറ്റിച്ചുകൊണ്ടിരുന്നത്. ഡൽഹി പോലീസ് ഉദ്യോഗസ്ഥയാണെന്ന തരത്തിലുള്ള വ്യാജ ഐ.ഡി. കാർഡ്, ഡൽഹി പോലീസിന്റെ യൂണിഫോമിലുള്ള ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറയുന്നു.

ഡൽഹി, ഹരിയാണ, ജയ്പുർ തുടങ്ങിയിടങ്ങളിലെ നിരവധി യുവാക്കളെ ഇവർ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറയുന്നു. ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിളായി ജോലി തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് അർജുൻ ലാൽ എന്ന യുവാവിന്റെ പക്കൽ നിന്ന് അഞ്ജു ശർമ്മ 12.93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചതായും പോലീസ് പറയുന്നു.

Content Highlights: Woman Posing as Delhi Police Officer Duped Unemployed Youth for 3 Years