ആശയുടെ സാമ്പത്തിക ഇടപാട് കുടുംബം അറിഞ്ഞിരുന്നില്ല; കടംവാങ്ങിയത് ലക്ഷങ്ങൾ

കേസിലെ പ്രതികളായ പ്രദീപും ബിന്ദുവും
കേസിലെ പ്രതികളായ പ്രദീപും ബിന്ദുവും

കോട്ടുവള്ളി: പുഴയിൽ ചാടി ജീവനൊടുക്കിയ ആശ ബെന്നി കടക്കെണിയിലായത് പണം പലിശയ്ക്കു നൽകിയവരുടെ സമ്മർദത്തെ തുടർന്ന് പലിശ നൽകാൻ വീണ്ടും വീണ്ടും കടമെടുത്തതുമൂലമെന്ന് സൂചന. ലക്ഷങ്ങളുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ആശയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. റിട്ട. പോലീസുകാരൻ പ്രദീപ് കുമാറിന്റെ കുടുംബവുമായിട്ടുള്ള പണമിടപാടുകൾ വീട്ടുകാർക്ക് അറിയില്ലായിരുന്നു. അടുത്ത സുഹൃത്തുക്കളോടുപോലും ഇക്കാര്യങ്ങൾ പങ്കുെവച്ചിരുന്നില്ല. 

കൊന്തയുടെ ബിസിനസും വീടിനോടുചേർന്നുള്ള സ്വന്തം കെട്ടിടത്തിൽ സ്റ്റേഷനറി കടയും ആശ നടത്തിയിരുന്നു. എന്നാൽ, വലിയ തുകയൊന്നും കച്ചവടത്തിൽ മുടക്കിയിരുന്നില്ല. കിട്ടുന്ന പണമെല്ലാം പലിശയിനത്തിൽ നൽകിയതാകാമെന്നാണ് കരുതുന്നത്. ആശ മരിക്കുന്ന ദിവസം പണം നൽകാനെന്നു പറഞ്ഞ്‌ ഒരു സ്ത്രീ വീട്ടിൽ വന്നിരുന്നു. പലവട്ടം വിളിച്ചിട്ടും ആശയെ ഫോണിൽ കിട്ടാതായതിനെ തുടർന്ന് ഇവർ നേരിട്ട്‌ പണവുമായിട്ടെത്തിയതാണ്. ഈ സമയം ആശ പുഴയിൽ ചാടി ജീവനൊടുക്കിയിരുന്നു. 

ആശ ബെന്നി

റിട്ട. പോലീസുകാരന്റെ കുടുംബത്തിനുപുറമേ മറ്റാരെങ്കിലുമായി ആശയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആശയ്ക്ക് കൊന്ത കെട്ടുന്നതിനായി മുത്തും നൂലും നൽകുന്നത് കൂനമ്മാവ് സ്വദേശിയാണ്. ഇതു പലർക്കായി എത്തിച്ചുനൽകി കൊന്തകെട്ടി വാങ്ങി തിരിച്ചേൽപ്പിക്കും. ഇതിൽ ചെറിയ വരുമാനം ആശയ്ക്ക് ലഭിച്ചിരുന്നു. കൊന്ത കെട്ടുന്നവർക്ക് കൃത്യമായി ആശ പണം നൽകിയിരുന്നു. കൊന്തയുടെ മൊത്തവ്യാപാരിയോടും അടുത്തയിടെ ആശ പത്തുലക്ഷം രൂപ വായ്പ ചോദിച്ചിരുന്നതായി പറയപ്പെടുന്നു. ഇയാൾ രണ്ട് ലക്ഷം രൂപ ആശയ്ക്ക് നൽകിയതായാണ് അറിയുന്നത്.

നാട്ടിൽ എല്ലാവരോടും നല്ല നിലയിൽ പെരുമാറിയിരുന്നയാളാണ് ആശ. വീടിനോടു ചേർന്ന്‌ വാടകയ്ക്കു നൽകിയിരിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ആശ നടത്തിയിരുന്നു. ഇതിനായുള്ള പണം ആശയാണ് ചെലവഴിച്ചത്. അതിലൊരു മുറിയിലാണ് ആശ സ്റ്റേഷനറി കട നടത്തുന്നത്. ബിസിനസിൽനിന്നുള്ള വരുമാനം മിച്ചം െവച്ചായിരിക്കും ഇതു ചെയ്യുന്നതെന്നാണ് വീട്ടുകാർ ആദ്യം ധരിച്ചിരുന്നത്.

Content Highlights: Family didn't know asha benny's financial liabilities, loan harassment