ഭാര്യയേയും നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്ന യുവാവ് ഗുരുതരാവസ്ഥയിൽ

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട വിസ്മയയും ദക്ഷും
കൊല്ലപ്പെട്ട വിസ്മയയും ദക്ഷും

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ യുവാവ്  സ്വയം കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. തെക്കിനിയേടത്ത് വിജേഷിനെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാൾ ഭാര്യയേയും നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നത്.

വലപ്പാട് ബീച്ചിൽ ജിഡിഎംഎൽപി സ്‌കൂളിന് പടിഞ്ഞാറു വശമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിസ്മയ (24), മകൻ ദക്ഷ് എന്നിവരെയാണ് വിജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളി തുറന്നപ്പോൾ വിസ്മയയ ഗുരുതര പരിക്കോടെ പുറത്തേക്ക് ഓടുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസാണ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ ദക്ഷ് അപ്പോഴേക്കും മരിച്ചിരുന്നു.

വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: A man brutally killed his 24-year-old wife and four-year-old son by slitting their throats at Valapad beach in Thrissur before attempting suicide, with the accused currently in critical condition at the hospital.