ബഹളംവച്ചാൽ...; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു, മുളകുപൊടി വിതറി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി:ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മദൻഗിറിലെ വീട്ടിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്.

'ഭാര്യയും മകളും സമീപത്ത് ഉറങ്ങുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെ ശരീരത്തിൽ പൊള്ളലും വേദനയും അനുഭവപ്പെട്ടു. നോക്കിയപ്പോൾ ഭാര്യ എഴുന്നേറ്റുനിന്ന് എന്റെ ശരീരത്തിലേക്കും മുഖത്തേക്കും തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഞാൻ എഴുന്നേൽക്കുകയോ സഹായത്തിനായി

നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറി.' ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

എതിർത്തപ്പോൾ ''അഗർ ഷോർ മചായാ തോ ഓർ ഗരം തേൽ ഡാൽ ദൂംഗി' (ബഹളം വെച്ചാൽ ഇനിയും എണ്ണ ഒഴിക്കും)' എന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പരാതിയിൽ വ്യക്തമാക്കി. 

വേദന സഹിക്കാനാവാതെയുള്ള ദിനേശിന്റെ നിലവിളി കേട്ട് അയൽക്കാരും താഴത്തെ നിലയിൽ താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കുടുംബവും  ഓടിയെത്തി. ഈ സമയം ദമ്പതികളുടെ എട്ടുവയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു.

'എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ എന്റെ അച്ഛൻ മുകളിലേക്ക് പോയി. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. ദിനേശിന്റെ ഭാര്യയാണ് വാതിൽ പൂട്ടിയത്. ഞങ്ങൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നപ്പോൾ ദിനേശ് വേദനകൊണ്ട് പുളയുന്നതും അയാളുടെ ഭാര്യ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നതുമാണ് ഞങ്ങൾ കണ്ടത്.' വീട്ടുടമസ്ഥന്റെ മകൾ അഞ്ജലി പറഞ്ഞു.

തന്റെ പിതാവ് ഇടപെടാൻ ശ്രമിച്ചപ്പോൾ ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് സ്ത്രീ പറഞ്ഞതായി അഞ്ജലി പറഞ്ഞു. 'എന്നാൽ, ദിനേശിനെയും കൊണ്ട് പുറത്തിറങ്ങിയപ്പോൾ ഞങ്ങൾക്ക് സംശയം തോന്നി. എന്റെ അച്ഛൻ അവളെ തടഞ്ഞുനിർത്തി, ഒരു ഓട്ടോറിക്ഷ വിളിച്ച് ദിനേശിനെ തനിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.' അവർ കൂട്ടിച്ചേർത്തു.

നെഞ്ചിലും മുഖത്തും കൈകളിലും ആഴത്തിൽ പൊള്ളലേറ്റത് കണ്ട് ഡോക്ടർമാർ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. എട്ട് വർഷം മുൻപ് വിവാഹിതരായ തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ദിനേശ് പറയുന്നു. രണ്ട് വർഷം മുൻപ്, ഇയാളുടെ ഭാര്യ ക്രൈം എഗെയ്ൻസ്റ്റ് വിമൻ (സിഎഡബ്ല്യു) സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ദിനേശിന്റെ ഭാര്യയ്ക്കെതിരെ ബിഎൻഎസ് വകുപ്പുകളായ 118 (അപകടകരമായ ആയുധങ്ങളോ മാർഗ്ഗങ്ങളോ ഉപയോഗിച്ച് മനഃപൂർവ്വം പരിക്കേൽപ്പിക്കുക), 124 (ആസിഡ് ഉപയോഗിച്ച് മനഃപൂർവ്വം ഗുരുതരമായി പരിക്കേൽപ്പിക്കുക), 326 (പരിക്ക്, വെള്ളപ്പൊക്കം, തീ അല്ലെങ്കിൽ സ്‌ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്..

Content Highlights: A shocking incident in Delhi where a wife poured boiling oil and chili powder on her sleeping husband, leaving him severely injured. Case registered.