ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പുകേസിലെ പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശി ഫാസിൽ (30) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മുക്കത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
2022-ൽ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽപ്പോകുകയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയും ചെയ്തു. മുക്കത്തെ ഒരു വാടകവീട്ടിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഒ.എൽ.എക്‌സ്. വഴി മൊബൈൽ വിൽപ്പന തട്ടിപ്പ് നടത്തിയ ഇയാളുടെ സംഘത്തിലെ മറ്റുരണ്ടുപേരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.ഒ.എൽ.എക്‌സ്. വഴി വിലക്കുറവിൽ ഐഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പിണങ്ങോട് സ്വദേശിയിൽനിന്ന് ഇയാൾ തിരിച്ചറിയൽ രേഖകൾ വാങ്ങിയെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ പണം നൽകാതെ ഒഴിഞ്ഞുമാറി. പിന്നീട് ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇയാൾ മലപ്പുറം സ്വദേശിയെ കബളിപ്പിച്ചു. പിന്നീട് മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തിരഞ്ഞ് എത്തിയപ്പോഴാണ് തന്റെ തിരിച്ചറിയൽരേഖകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതായി പരാതിക്കാരന് മനസ്സിലായത്. തുടർന്നാണ് സൈബർ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ഷജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആയിഷ, അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Content Highlights: Wayanad Cyber Police arrest a man for OLX mobile scam, taking money and misusing ID proofs. Another fraudster apprehended in Kalpetta.