ക്ഷേത്രത്തിലെ സ്വർണം പൊതിഞ്ഞ മാലയിലെ 73 മുത്തുകൾ മോഷണംപോയി; മുൻ പൂജാരി അറസ്റ്റിൽ

വൈപ്പിൻ: അഴീക്കൽ കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിലെ സ്വർണം പൊതിഞ്ഞ രുദ്രാക്ഷമാലയിലെ മുത്തുകൾ നഷ്ടപ്പെട്ട കേസിൽ മുൻ പൂജാരി അമ്പലപ്പുഴ അത്രപ്പിള്ളി മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി (50) അറസ്റ്റിലായി. ഭഗവാന് ചാർത്തിയിരുന്ന 108 മുത്തുകൾ ഉള്ള മാലയിലെ 73 മുത്തുകളാണ് മോഷണം പോയത്. മുൻ ക്ഷേത്രം മാനേജർ പി.ജി. രമേശൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
2025 ജനുവരി ഒന്ന് മുതൽ 2026 മാർച്ച് 22-വരെയാണ് പ്രതി ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നത്. ഈ കാലയളവിൽ പലപ്പോഴായിട്ടാണ് മുത്തുകൾ കവർന്നതെന്ന് സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ പൂജാരിമാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. പ്രതിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ സമാനമായ കേസ് പിറവം സ്റ്റേഷനിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. വിൽപ്പന നടത്തിയ തൊണ്ടി മുതലും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights: Former priest arrested for stealing 73 out of 108 gold-plated Rudraksha beads., Theft occurred between January 2025 and March 2026 at Azheekal Mallikarjuna Temple., Police recovered the stolen property after a detailed investigation and bank account audit., Accused had a prior criminal history involving similar cases in Piravom.