VSSC പരീക്ഷാക്രമക്കേട്: ഏഴുലക്ഷം രൂപവരെ പ്രതിഫലം, എങ്ങനെ കോപ്പിയടിക്കാമെന്ന് പ്രത്യേക പരിശീലനം

തിരുവനന്തപുരം: വി.എസ്.എസ്.സി. പരീക്ഷാക്രമക്കേടില്‍ ഹരിയാണയില്‍ അറസ്റ്റിലായവരെ കേരളത്തിലേക്കു കൊണ്ടുവന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചത്. മുഖ്യ ആസൂത്രകരായ ഹരിയാണ സ്വദേശികളായ ലഖ്വിന്ദര്‍, ദീപക് ഷിയോഖണ്ഡ്, ഉദ്യോഗാര്‍ഥി ഋഷിപാല്‍ എന്നിവരാണ് കഴിഞ്ഞദിവസം ഹരിയാണയില്‍ പിടിയിലായത്.
പരീക്ഷയില്‍ ക്രമക്കേട് നടത്താനായി ഏഴുലക്ഷം രൂപവരെയാണ് തട്ടിപ്പുസംഘം ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയിരുന്നതെന്നാണ് സൂചന. 2018 മുതല്‍ വിവിധ പരീക്ഷകളില്‍ ആള്‍മാറാട്ടവും കോപ്പിയടിയും ക്രമക്കേടുകളും നടത്തുന്ന സംഘമാണിത്. ഇത്തരം കേസുകളില്‍ ഇവര്‍ പിടിയിലായിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങിയാണ് ക്രമക്കേടുകള്‍ തുടര്‍ന്നതെന്നാണ് വിവരം.
അറസ്റ്റിലായവരില്‍ ദീപക്കാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍. ആള്‍മാറാട്ടം നടത്തി ഇലക്ട്രോണിക് ഉപകരണങ്ങള്‍കൊണ്ട് എങ്ങനെ കോപ്പിയടിക്കാമെന്ന് ആസൂത്രണം ചെയ്തത് ഇയാളാണ്. പരീക്ഷ എഴുതുന്നവര്‍ക്ക് തട്ടിപ്പിനുള്ള പരിശീലനം നല്‍കുന്നതും ഇയാളാണ്. പരീക്ഷാ പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് ഇവരെന്നാണ് സൂചന. പ്രതികളെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാന്‍ ആളുകളെ വിടുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. ഇവരെ ഹരിയാണയിലെ കോടതിയില്‍ ഹാജരാക്കിയശേഷമാണ് കേരളത്തിലേക്ക് എത്തിച്ചത്. ഇവരുള്‍പ്പെടെ ഒന്‍പതുപേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി. നാഗരാജു പറഞ്ഞു. കേസ് അന്വേഷണത്തിനായി ഒരുസംഘം ഹരിയാണയില്‍ തങ്ങും. പോലീസ് അന്വേഷണവിവരം അറിഞ്ഞതോടെ പല ഉദ്യോഗാര്‍ഥികളും തട്ടിപ്പുമായി ബന്ധമുള്ളവരും വീടുകള്‍ പൂട്ടി ഒളിവില്‍പ്പോയി. ഹരിയാണയിലെ ജിന്‍ഡ് ജില്ലയില്‍നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രത്യേക അന്വേഷണസംഘവും ഹരിയാണ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വി.എസ്.എസ്.സി. നടത്തിയ ടെക്‌നീഷ്യന്‍ ബി, ഡ്രാഫ്റ്റ്‌സ്മാന്‍ ബി, റേഡിയോഗ്രാഫര്‍ പരീക്ഷകളിലാണ് തട്ടിപ്പു നടന്നത്. ഇതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തു.
Content Highlights: vssc exam fraud exam cheating accused arrested from haryana