VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

വർക്കല: വ്യാജ യു.എസ്. പ്രതിരോധക്കരാറിന്റെപേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരനാണ് കഴിഞ്ഞദിവസം അറസ്റ്റിലായ പ്രദീപ് കുമാറെന്ന് പോലീസ്. കോടികളുടെ കരാറുകളും വൻ ലാഭവും വാഗ്ദാനംചെയ്ത് കേരളത്തിൽ തട്ടിപ്പ് ആസൂത്രണംചെയ്ത് നടപ്പാക്കിയത് ഇയാളാണെന്ന് പോലീസ് അറിയിച്ചു.
വി.പി.വി.വി. ടെക്‌നോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് രാജ്യത്തുടനീളം 1000 കോടിയുടെ തട്ടിപ്പ് നടത്തിയത്.
വർക്കല സ്വദേശിയിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഒളിവിൽ കഴിയുകയായിരുന്ന വി.പി.വി.വി. കമ്പനിയുടെ കേരള കോഡിനേറ്റർ കൊല്ലം ചിറക്കരത്താഴംചേരി പ്രഭാലയത്തിൽ പി.പ്രദീപ് കുമാറിനെ (56) ചേർത്തലയിൽനിന്ന് പോലീസ് അറസ്റ്റുചെയ്യുന്നത്.
ഞായറാഴ്ച രാത്രി വർക്കലയിലെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വർക്കല വടശ്ശേരിക്കോണം ദാറുൽ ഹുദയിൽ എ.എം. മുനീർ നൽകിയ പരാതിയിലാണ് പ്രദീപ് കുമാർ പിടിയിലായത്.
വർക്കല, കല്ലമ്പലം, മെഡിക്കൽ കോളേജ്, കൊല്ലം കിളികൊല്ലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ പരാതിയുണ്ട്. ഇതിൽ മെഡിക്കൽ കോളേജ്, കിളികൊല്ലൂർ സ്റ്റേഷനുകളിലെ കേസുകളിൽ മുൻകൂർജാമ്യം നേടിയിരുന്നു.
മുനീർ നൽകിയ പരാതിയിൽ വി.പി.വി.വി. കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിട്ട്, വർക്കല മരക്കടമുക്ക് സ്വദേശി ജി.എസ്. ബിജു, തട്ടിപ്പ് ആസൂത്രണംചെയ്ത ഡോക്ടർ സാബ്, ലെയാതി പദ്മരാജ് ഗോപാൽ എന്നിവരാണ് മറ്റു പ്രതികൾ.
മുനീറിനെയും കല്ലമ്പലം സ്റ്റേഷനിലെ പരാതിക്കാരനെയും പ്രലോഭിപ്പിച്ച് തട്ടിപ്പിലേക്കു നയിച്ചത് പ്രദീപ് കുമാറാണെന്ന് വർക്കല ഡിവൈ.എസ്.പി. പി.വി. രമേഷ് കുമാർ അറിയിച്ചു. കമ്പനിയിൽനിന്ന് പ്രദീപ് കുമാറിന്റെ അക്കൗണ്ടിലേക്ക് ഇപ്പോഴും പണം എത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.
50 ട്രില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ പ്രതിരോധക്കരാർ വി.പി.വി.വി. കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരു കോടി രൂപ നിക്ഷേപിച്ചാൽ 5000 കോടി രൂപയുടെ ഉപകരാറും 25 ശതമാനം ലാഭവും ലഭിക്കുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് മുനീറിൽനിന്നു പണം തട്ടിയത്.
കമ്പനിയുടെ നാഗ്പുരിലെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ കൈമാറിയിരുന്നു. പിന്നീട് വർക്കലയിലെ 350 കോടി രൂപയുടെ ശിവപുരി ക്ഷേത്രനിർമാണ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ പങ്കാളിയാക്കാമെന്നും നിക്ഷേപത്തിനു വലിയ വരുമാനം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും പരാതിക്കാരൻ പോലീസിനു മൊഴിനൽകിയിരുന്നു.
ഇക്കഴിഞ്ഞ ജൂലായിലാണ് വർക്കല സ്റ്റേഷനിൽ പരാതിനൽകിയത്. ഞായറാഴ്ച ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലെത്തിയ പ്രദീപിനെ മുനീർ കണ്ടതാണ് അറസ്റ്റിലേക്കു നയിച്ചത്. മുനീർ വിവരം വർക്കല പോലീസിനെ അറിയിക്കുകയും ചേർത്തല പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlights: Police arrested Pradeep Kumar, the mastermind behind a multi-crore fraud involving a fake U.S. defense contract, who orchestrated the scam in Kerala promising lucrative deals. The fraud, linked to VPV Techno Constructions Pvt. Ltd., involved swindling 70 lakh rupees from a Varkala resident, with Pradeep Kumar acting as the Kerala coordinator for the company.