വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് സമപ്രായക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് സമപ്രായക്കാര്‍. സുഹൃത്തായ പെണ്‍കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ഫെബ്രുവരി 16-നായിരുന്നു സംഭവം. വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമിസംഘത്തിലൊരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ അക്രമിക്കപ്പെട്ട വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയര്‍ ചെയ്ത് കിട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ കണ്ട മാതാപിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി. പോലീസ് ചൈല്‍ഡ് ലൈനിലേക്ക് പരാതി കൈമാറുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. മൂന്ന് പേരാണ് സംഭവത്തില്‍ പങ്കാളിയായിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചുപേരടങ്ങുന്ന സംഘമാണ് മര്‍ദനം നടത്തിയത്. ഇതില്‍ മൂന്ന് പേരാണ് കുട്ടിയെ മര്‍ദിച്ചത്. വിദ്യാര്‍ഥിയെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി സമീപത്തുള്ള വാഴത്തോട്ടത്തിലിട്ട് പൊതിരെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരനേയും മര്‍ദിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇരുവരേയും സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഫോണില്‍ പകര്‍ത്തിയ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് അക്രമികള്‍ വീരവാദം മുഴക്കിയിരുന്നു. ഇങ്ങനെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വിദ്യാര്‍ഥിയെ മര്‍ദിച്ചവരെ നാളെ കെയര്‍ ഹോമിലേക്ക് മാറ്റും.
Content Highlights: Brutal Teen attacked by peer group in Vithura