വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ശിക്ഷാവിധി മരവിപ്പിച്ചു

വിസ്മയ, കിരണ്‍കുമാര്‍ | ഫയല്‍ചിത്രം
വിസ്മയ, കിരണ്‍കുമാര്‍ | ഫയല്‍ചിത്രം

ന്യൂഡല്‍ഹി: പ്രമാദമായ വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരണ്‍കുമാറിന് ജാമ്യം അനുവദിച്ചത്. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. 

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ഇതിനെതിരേ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലില്‍ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തേ കേസില്‍ കിരണ്‍കുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു. 

ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. തുടര്‍ന്ന് 2022 മെയ് 23-ന് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. 12.55 ലക്ഷം രൂപ പിഴയും ചുമത്തി. മോട്ടോര്‍ വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍കുമാറിനെ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. 

Content Highlights: vismaya case accused kiran kumar gets bail