ആസൂത്രണംചെയ്തത് മരുമകൾ, കൊലപാതകി മകനെ ഫോൺ ചെയ്തതെന്തിന്; വ്യാപാരിയെ കൊന്ന കേസിൽ വഴിത്തിരിവ്

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട വിനീത്, ഷാലു | Image courtesy: Indiatoday.in
കൊല്ലപ്പെട്ട വിനീത്, ഷാലു | Image courtesy: Indiatoday.in

ലഖ്‌നൗ: കാൺപുരിലെ ഫാർമസ്യൂട്ടിക്കൽ വ്യാപാരി വിനീത് മിനോച്ച കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വിനീതിന്റെ മകൻ സുബ്രതിന് കൊലപാതകത്തെക്കുറിച്ച് അറിമായിരുന്നോ എന്ന കാര്യം പരിശോധിക്കാൻ പോലീസ്. കൊലപാതകി, പുതുതായി വാങ്ങിയ സിമ്മിൽനിന്ന് ആറുതവണ സുബ്രതിനെ വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണിത്.

സെപ്റ്റംബർ അഞ്ചാം തീയതിയാണ് 63-കാരനായ വിനീത് വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. 26 തവണയാണ് കൊലപാതകി വിനീതിനെ കുത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വിനീതിന്റെ മകൻ സുബ്രതിന്റെ ഭാര്യ ഷാലുവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനീത് സിസിടിവിയിലൂടെ നിരന്തരമായി നിരീക്ഷിച്ചതിലും രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കുന്നതിനെ എതിർത്തതിലുമുള്ള വിരോധത്തിലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഷാലു പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

വീട്ടാവശ്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിൽ വിനീത് നിയന്ത്രണംവെച്ചതും ഭർത്താവിന്റെയും തന്റെയും ചെറിയ ചെലവുകൾക്കുപോലും വിനീതിനോട് പണം ആവശ്യപ്പെടേണ്ടിവന്നതും ഷാലുവിനെ കുപിതയാക്കിയിരുന്നുവെന്നാണ് വിവരം. വിനീത് കൊല്ലപ്പെട്ടതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ, ഇവരുടെ വീട്ടിൽ മുൻപ് ജോലി ചെയ്തിരുന്ന വിശാൽ (30) എന്നയാളെ കാൺപുർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളി രാജ് കിഷോറും പിന്നാലെ പിടിയിലായി. ഷാലുവിന്റെ നിർദേശാനുസരണമാണ് കൊലപാതകം നടന്നതെന്നും ഇതിനായി ആറുലക്ഷംരൂപ അവർ വാഗ്ദാനം ചെയ്തിരുന്നെന്നും വിശാൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

വിനീത് കൊല്ലപ്പെട്ട ദിവസം ഷാലുവിനും കുട്ടിക്കുമൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു സുബ്രത് എന്നാണ് വിവരം. പുലർച്ചെ മൂന്നുമണിയോടെ ഇവർ മടങ്ങിയെത്തിയത്. അപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ വിനീതിനെ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വിനീത് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപ് സെപ്റ്റംബർ മൂന്നാംതീയതി കൊലയാളിയായ വിശാൽ ഒരു സിം വാങ്ങിയിരുന്നു. ഈ നമ്പറിൽനിന്നാണ് ഷാലുവുമായി ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ ഷാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെങ്കിൽ പിന്നെ എന്തിനാണ് വിശാൽ എടുത്ത പുതിയ നമ്പറിൽനിന്ന് സുബ്രതിന് കോൾ പോയത് എന്നതാണ് ചോദ്യമെന്ന് പോലീസ് കമ്മിഷണർ രഘുബിർ ലാൽ പറഞ്ഞു. വിനീതിന്റെ കൊലപാതത്തിൽ മകൻ സുബ്രതിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുബ്രത്, ഷാലു, വിഷാൽ എന്നിവരുമായി ബന്ധപ്പെട്ട് ഏഴ് മൊബൈൽ നമ്പറുകളിലെ കോൾ റെക്കോഡുകൾ പോലീസ് പരിശോധിച്ചു. മേയ് ഒന്നുമുതൽ സെപ്റ്റംബർ ഏഴാംതീയതി വരെയുള്ള കോൾ രേഖകളാണ് പരിശോധിച്ചത്. മേയ് ഒന്നിനും സെപ്റ്റംബർ അഞ്ചിനുമിടയിൽ 309 തവണയാണ് സുബ്രതും വിശാലും തമ്മിൽ സംസാരിച്ചിട്ടുള്ളത്.

Content Highlights: Police are investigating whether Subrat, the son of murdered pharmaceutical trader Vineet Minocha, was aware of the murder plan, as the killer called him six times from a newly acquired SIM card