മടങ്ങാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം ജാമ്യഹര്‍ജി പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി

വിജയ് ബാബു
വിജയ് ബാബു

കൊച്ചി: വിമാനടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് വിജയ്ബാബുവിനോട് ഹൈക്കോടതി. വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം, വിജയ്ബാബു അന്വേഷണത്തില്‍നിന്ന് ഒളിച്ചോടിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. 

തിങ്കളാഴ്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്‍കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുമാണ് വിജയ് ബാബു ജാമ്യഹര്‍ജിയില്‍ പറയുന്നത്. തന്റെ പുതിയ ചിത്രത്തില്‍ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നല്‍കിയതെന്നും ആരോപിക്കുന്നു.

അതിനിടെ, ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ആവശ്യമെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണിക്കുന്നുണ്ട്. 

നടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പോലീസ് ശക്തമാക്കി. പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്. 

Content Highlights: vijay babu rape case anticipatory bail plea in high court